എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന് 65-ന്റെ തിളക്കം

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അധികാരത്തില്‍ 65 വര്‍ഷം പൂര്‍ത്തിയായി. കിരീടധാരണത്തിന്റെ 65ാം വാര്‍ഷികാഘോഷം ഇന്നലെ കൊട്ടാരത്തില്‍ ലളിതമായ ചടങ്ങുകളോടെനടന്നു. ലോകത്തെ ഏറ്റവും പ്രായമുള്ള രാഷ്ട്രത്തലവിയും ജീവിച്ചിരിക്കുന്ന രാജഭരണാധികാരികളില്‍ ദീര്‍ഘകാലം അധികാരത്തില്‍ ഇരിക്കുന്ന വ്യക്തിയുമെന്ന നേട്ടത്തിനും ഇതോടെ എലിസബത്ത് രാജ്ഞി ഉടമയായി. 1952 ല്‍ 25ാം വയസിലാണ് രാജ്ഞിയുടെ കീരിടധാരണം.

ഈയിടെ അന്തരിച്ച തായ്ലന്റ് രാജാവ് ഭൂമിബോല്‍ അതുല്യതേജ് ആയിരുന്നു ലോകത്ത് ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന രാജാവ്. അദ്ദേഹത്തിന്റെ നിര്യാണത്തോടെയാണ് ഏറ്റവും കൂടുതല്‍ കാലം ഈ റെക്കോര്‍ഡ് എലിസബത്ത് രാജ്ഞിയുടെ പേരിലാകുന്നത്.

ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയെന്ന റെക്കോര്‍ഡിന് 2015 ല്‍ രാജ്ഞി ഉടമയായിരുന്നു. 63 വര്‍ഷവും 216 ദിവസവും പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു വിക്ടോറിയ രാജ്ഞിയുടെ പേരിലുണ്ടായിരുന്ന പഴയ ചരിത്രം തിരുത്തപ്പെട്ടത്.

90 വയസ് പിന്നിട്ട രാജ്ഞിക്ക് വലിയ ആഘോഷങ്ങളില്ലാതെയാണ് 65ാം സ്ഥാനാരോഹണ വാര്‍ഷികം കടന്നുപോയത്. ആഘോഷത്തിന്റെ ഭാഗമായി എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള അഞ്ച്, പത്ത് പൗണ്ടുകള്‍ ഇറക്കുന്നുണ്ട്. നിശ്ചിത എണ്ണം നാണയങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ അച്ചടിക്കുക. രാജ്ഞിയുടെ മുഖമുദ്രയും കിരീടമുദ്രയും ഇരുവശങ്ങളിലായുള്ള നാണയങ്ങളാണിവ.

2012ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ വജ്രജൂബിലി ദേശീയ ഉത്സവമായി ആഘോഷിച്ചിരുന്നു. 12 ലക്ഷം പേരാണ് ഇതില്‍ പങ്കെടുത്തത്.

queen-successor