ദിലീപും നാദിര്‍ഷയും ഒന്നിക്കുന്നു; തിരക്കഥ സജീവ് പാഴൂര്‍

തിരുവനന്തപുരം:  മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സുഹൃത്തുക്കള്‍ സിനിമയ്ക്കായി ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ താമസിക്കാതെ സംഭവിക്കും. പത്രപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് തിരക്കഥ എഴുതുന്നത്. സജീവ് പാഴൂര്‍ എഴുതിയ തൊണ്ടിമുതലും സാക്ഷിയും എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ആ ചിത്രം റിലീകും മുമ്പാണ് നാദിര്‍ഷാ ദിലീപ് പ്രോജക്ടിലേക്ക് ക്ഷണിച്ചത്. അതേസമയം മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാനുള്ള ശ്രമത്തിലാണ് നാദിര്‍ഷ. ബെന്നി പി. നായരമ്പലമാണ് തിരക്കഥ എഴുതുന്നത്. മമ്മൂട്ടി കുള്ളനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ ചര്‍ച്ചകള്‍ എറണാകുളത്ത് പുരോഗമിക്കുന്നു. അതിനൊപ്പം കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പും ചെയ്യാന്‍ തയ്യാറെടുക്കുകയാണ് നാദിര്‍ഷ. ഇതില്‍ ഏതാണ് ആദ്യം ചെയ്യുകയെന്ന് പറയാനാകില്ലെന്ന് നാദിര്‍ഷ പറഞ്ഞു.

സജീവ് പാഴൂര്‍
സജീവ് പാഴൂര്‍

ദിലീപുമൊത്തുള്ള സിനിമ കോമഡി തന്നെയാണ്. ഞങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ അതാണ് പ്രതീക്ഷിക്കുന്നതെന്നും നാദിര്‍ഷാ വ്യക്തമാക്കി. ആദ്യ രണ്ട് സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും മമ്മൂട്ടി സിനിമ. സബ്ജക്ട് ഇഷ്ടമായതിനാല്‍ മമ്മൂട്ടിയും ദിലീപും ഓപ്പണ്‍ഡേറ്റാണ് നല്‍കിയിക്കുന്നത്. സൗഹൃദത്തിന്റെ പേരിലല്ല അവര്‍ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. അങ്ങനെ ആയിരുന്നെങ്കില്‍ നേരത്തെ അവരെ സമീപിച്ചേനെ എന്നും നാദിര്‍ഷ പറഞ്ഞു.

കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പില്‍ വിഷ്ണുവായിരിക്കും ചിലപ്പോള്‍ നായകന്‍. എന്നാല്‍ വാണിജ്യ സാധ്യതകള്‍ കൂടി കണക്കിലെടുത്തേ അത് ഫൈനലാക്കൂ. സത്യരാജിനെ പ്രധാനപ്പെട്ട കഥാപാത്രമാകാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ബാഹുബലിയുടെ ഡബ്ബിംഗും മറ്റ് ചിത്രങ്ങളുമായി തിരക്കിലാണ്.