പ്രിയാ ആനന്ദ് മലയാളിയാണോ?

കൊച്ചി: മട്ടാഞ്ചേരിയില്‍ എസ്രയുടെ ചിത്രീകരണം നടന്നപ്പോഴെല്ലാം നാട്ടുകാരെല്ലാം പ്രിയാ ആനന്ദിനോട് ചോദിച്ചത് മലയാളിയാണോ? മലയാളവുമായി സ്‌കൂളില്‍ പഠിച്ചിരുന്ന കാലം മുതല്‍ താരത്തിന് ബന്ധമുണ്ട്. അമേരിക്കയിലാണ് താരം പഠിച്ചതും വളര്‍ന്നതും.

കൂട്ടുകാരെല്ലാരും മലയാളികളായിരുന്നു. സ്‌കൂളിലെയും കോളജിലെയും പരിപാടികള്‍ക്ക് അവര്‍ മലയാളം പാട്ടും പരിപാടികളും അവതരിപ്പിക്കും. അതുകൊണ്ട് മലയാളം കേട്ടാല്‍ മനസിലാകും. പക്ഷെ, പറയാനറിയില്ലായിരുന്നു. ആദ്യം അഭിനയിച്ചത് തമിഴ് സിനിമയിലായിരുന്നു. അതിന് ശേഷം മലയാളത്തില്‍ അവസരം ലഭിച്ചെങ്കിലും ഡേറ്റ് ക്ലാഷായതിനാല്‍ കമ്മിറ്റ് ചെയ്യാന്‍ പറ്റിയില്ല. അതിന് ശേഷം പിന്നീട് പ്രമുഖ സംവിധായകരും നിര്‍മാതാക്കളുമൊക്കെ താരത്തിന്റെ ഡേറ്റിനായി സമീപിച്ചെങ്കിലും തെലുങ്കിലും ഹിന്ദിയിലുമുള്ള തിരക്ക്കാരണം കൊടുക്കാന്‍ സാധിച്ചില്ല.

ezra001

എന്നാല്‍ എസ്രയുടെ കഥ കേട്ടപ്പോള്‍ തന്നെ ഡേറ്റ് ബ്‌ളോക്ക് ചെയ്തു. കാരണം അഭിനേതാക്കളും സംവിധായകനും നിര്‍മാണ കമ്പനിയും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. തമിഴില്‍ ഒരുപാട് ഹൊറര്‍ സിനമകള്‍ ഇറങ്ങുന്നുണ്ട്. അവയെല്ലാം ഹിറ്റാണ്. പക്ഷെ, കോമഡി ട്രാക്കിലാണ് കഥപറയുന്നത്. അതില്‍ നിന്ന് വ്യത്യസ്തമാണ് എസ്ര. മലയാളം സംഭാഷണങ്ങളെല്ലാം കാണാതെ പഠിച്ചാണ് അഭിനയിച്ചത്. ചിത്രീകരണം ഏതാണ്ട് തീരാറായപ്പോഴേക്കും ആളുകളോട് മലയാളത്തില്‍ സംസാരിക്കാന്‍ സാധിച്ചു. മലയാള സിനിമകള്‍ക്ക് എപ്പോഴും എന്തെങ്കിലും പ്രത്യേകതയുണ്ടായിരിക്കും. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറങ്ങുന്നത് ഇവിടെയാണ്. ബാംഗ്ലൂള്‍ ഡേയ്‌സ് അങ്ങനെ വിജയിച്ച സിനിമയാണ്. എസ്രയില്‍ പൃഥ്വിരാജ്, ടൊവീനോ, സുദേവ് നായര്‍ തുടങ്ങിയ നടന്‍മാരുണ്ടെന്നതും ശ്രദ്ധേയമാണ്.

മിക്ക സിനിമകളിലും തന്റെ കഥാപാത്രത്തിന്റെ പേര് പ്രിയ എന്നാണെന്ന് താരം പറഞ്ഞു. എസ്രയിലെ പേരും അങ്ങനെയാണ്. മറ്റ് കഥാപാത്രങ്ങളേക്കാള്‍ ഏറെ വ്യത്യസ്തമാണ്. പ്രിയ എന്ന പേര് വളരെ ക്യൂട്ടായത് കൊണ്ടാവും പരസ്യങ്ങളിലും മറ്റും നായികയുടെ പേര് പ്രിയയെന്ന് ഇടുന്നത്. രാജകുമാര എന്ന കന്നട ചിത്രത്തിലും മുത്തുരാമലിംഗം എന്ന തമിഴ് ചിത്രത്തിലും നായികയായി അഭിനയിക്കുകയാണ് താരം. എസ്രയുടെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ താരം റിലീസ് കഴിഞ്ഞ് മടങ്ങി.