മലയാള സിനിമയുടെ സര്‍വമേഖലയും സ്തംഭിക്കുന്നു; മുഖ്യമന്ത്രി ഇടപെട്ടെന്ന് ലിബര്‍ട്ടി ബഷീര്‍

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: മലയാള സിനിമയുടെ സര്‍വമേഖലകളും സ്തംഭിക്കുന്നു. അടുത്ത ആഴ്ച മുതല്‍ എല്ലാ തിയേറ്ററുകളും അടച്ചിടാന്‍ എ ക്ലാസ് തിയേറ്ററുകളുടെ സംഘടന തീരുമാനിച്ച സാഹചര്യത്തിലാണിത്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തലശേരിയില്‍ വെച്ച് മുഖ്യമന്ത്രിയെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം വ്ക്തമാക്കി.

പുതിയ ചിത്രങ്ങളുടെ ചിത്രീകരണവും റിലീസിംഗും ഡിസംബര്‍ 16 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംഘടനകളുടെ നേതാക്കളുടെ യോഗം വിളിക്കും. അതേസമയം നിര്‍മാതാക്കളുടെ ഏകപക്ഷീയമായ നിലപാടിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. കെ.എസ്.ഇ.ബി മാതൃകയില്‍ സിനിമാ റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സിനിമകളില്‍ നിന്ന് കോടിക്കണക്കിന് രൂപ നികുതി ഈടാക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരനടപടി സ്വീകരിക്കാത്തതിനെതിരെ പല ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്. തമിഴ്‌നാട്ടില്‍ ഇതുപോലെ അനാവശ്യ സമരം നടത്തിയ തിയേറ്റര്‍ ഉടമകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ജയലളിത താക്കീത് നല്‍കിയിരുന്നു. അതോടെ അവര്‍ പിന്‍വാങ്ങി. ഇത്തരത്തിലുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അവര്‍ പറയുന്നു. തിയേറ്റര്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനാക്കാനും ബി ക്ലാസ് തിയേറ്ററുകള്‍ നവീകരിക്കാനും അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചേക്കും. ഫെഫ്കയുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സിബിമലയിലും ബി.ഉണ്ണികൃഷ്ണനും ഈ വിഷയത്തില്‍ ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമവായം ഏത് രീതിയിലാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല