യൂണിവേഴ്‌സിറ്റി കോളേജ്: ഗുണ്ടകളുടെ സ്വയംഭരണ പ്രദേശം

നിയമങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും എസ്.എഫ്.ഐ

തലസ്ഥാന നഗരമധ്യത്തിലുള്ള യൂനിവേഴ്‌സിറ്റി കോളെജ് കാമ്പസിന് സംസ്ഥാനത്ത് നിയമ വ്യവസ്ഥകളൊന്നും ബാധകമല്ല. കാമ്പസിനകത്തെ നിയമം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും എസ്.എഫ്.ഐ സംഘടനയുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവര്‍ നേരിടേണ്ടി വരുന്നത് ക്രൂരമായ ആക്രമണം. വര്‍ഷങ്ങളായി കാമ്പസില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊന്നും പ്രവര്‍ത്തനാനുമതി ഇല്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.

കാമ്പസില്‍ വ്യാഴാഴ്ച രണ്ടു വിദ്യാര്‍ഥിനികള്‍ക്കും അവരൊടൊപ്പമുണ്ടായിരുന്ന ഒരു യുവാവിനും നേരെ സദാചാര ആക്രമണമുണ്ടായതോടെ കാമ്പസിലെ എസ്.എഫ്.ഐ വാഴ്ച വീണ്ടും വിവാദമാകുകയാണ്. കോളെജിലെ വിദ്യാര്‍ഥിനികളായ സൂര്യഗായത്രി, അസ്മിത എന്നിവര്‍ക്കും ഇവരോടൊപ്പം കാമ്പസില്‍ നാടകോത്സവം കാണാനെത്തിയ ജിജേഷിനും നേരെയാണ് ആക്രമണമുണ്ടായത്.

ജിജേഷിനു ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടായിരുന്നു. തടയാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെയും ആക്രമണമുണ്ടായി. സംഭവത്തില്‍ 13 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് എസ്.എഫ്.ഐ ഭാഷ്യമെങ്കിലും വിദ്യാര്‍ഥിനികള്‍ അതു നിഷേധിക്കുന്നു. ലോ അക്കാദമി സമരത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന എസ്.എഫ്.ഐ ഈ സംഭവം വിവാദമായതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

കാമ്പസില്‍ എസ്.എഫ്.ഐ ഒഴികെ മറ്റു സംഘടനകളൊന്നും തന്നെ യൂണിറ്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നില്ല. മര്‍ദ്ദനമഴിച്ചു വിട്ടും ഭീഷണിപ്പെടുത്തിയും മറ്റും സംഘടനകളുടെ പ്രവര്‍ത്തനം എസ്.ഫെ്.ഐ തടയുന്നു എന്ന ആരോപണത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

കോളെജ് യൂണിയന്‍ തെരഞ്ഞെടുരപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ നാമനിര്‍ദ്ദേശപത്രിക നല്‍കുന്നവര്‍ക്ക് നേരെ ആക്രമണമുണ്ടായ നിരവധി സംഭവങ്ങള്‍ കാമ്പസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഡി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനെത്തിയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകയായ മണി മേഖല ആക്രമിക്കപ്പെട്ടിരുന്നു. അതു തടയാന്‍ ശ്രമിച്ച എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. അരുണ്‍ബാബുവും മര്‍ദനത്തിനിരയായി. അദ്ദേഹത്തിന്റെ മുണ്ട് അഴിച്ചെടുത്ത് ചിലര്‍ അതു കമ്പില്‍ കെട്ടി പ്രകടനം നടത്തിയ സംഭവമുണ്ടായിരുന്നു. മറ്റു സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും പല തവണ സമാന അനുഭവമുണ്ടായിട്ടുണ്ടെന്ന് കെ.എസ്.യു ജനറല്‍ സെക്രട്ടറി സെയ്ത് അലി കായിപ്പാടി പറയുന്നു.

കെ. മുരളീധരന്‍, കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന കാലത്ത് എല്ലാ വെല്ലുവിളികളും നേരിട്ട് അവിടെ കെ.എസ്.യു യൂനിറ്റ് സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരു ദിവസം രാവിലെ യൂനിറ്റ് രൂപീകരിച്ചതായി പ്രഖ്യാപനം നടത്തുകയും കാമ്പസില്‍ കെ.എസ്.യുവിന്റെ കൊടി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ അന്നു വൈകുന്നേരം കൊടിമരം തകര്‍ക്കപ്പെടുകയും പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. എസ്.എഫ്.ഐയുടെ ജനാധിപത്യ വിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നവരെ അടിച്ചൊതുക്കുകയാണവര്‍. താല്‍പര്യമില്ലാത്തവരെ പോലും അവര്‍ ഭീഷണിപ്പെടുത്തി എസ്.എഫ്.ഐയുടെ പ്രകടനങ്ങള്‍ക്കു കൊണ്ടു പോകുന്നതും പതിവാണ്. പലരും എസ്.എഫ്.ഐക്കു വോട്ടു ചെയ്യുന്നതു പോലും ഭീഷണി ഭയന്നാണെന്ന് അദ്ദേഹം പറഞ്ഞു.

കോളജില്‍ പ്രവേശനത്തിനെത്തുന്നവരെ ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നില്‍ എത്തുന്നതിനു മുമ്പ് എസ്.എഫ്.ഐക്കാര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത് തങ്ങള്‍ക്കു താല്‍പര്യമില്ലാത്തവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാറുണ്ടെന്നും ആരോപണമുണ്ട്. കാമ്പസില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും അതിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നതായി മറ്റു സംഘടനകളുടെ നേതാക്കള്‍ പറയുന്നു.

കോളെജിലെ സി.പി.എം അനുകൂല അധ്യാപകരില്‍ ചിലര്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്നതായും ആരോപണമുണ്ട്.