നാണക്കേട് മറയ്ക്കാന്‍ വിനു വി ജോണിനെ ആക്രമിക്കുന്നവര്‍ സോളാര്‍ കാലം മറക്കരുത്

സഖാക്കള്‍ വിമര്‍ശകരെ നേരിടുന്നത് ഫാഷിസ്റ്റ് ശൈലിയില്‍

തിരുവനന്തപുരം: യൂണിവേഴ്സ്റ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സദാചര ഗുണ്ടായിസം ചര്‍ച്ചയ്‌ക്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോണിനെ സോഷ്യല്‍ മീഡിയകളില്‍ കുട്ടിസഖാക്കളും ഇടത് ബുദ്ധി ജീവികളും വിചാരണ ചെയ്യുന്നത് ജാള്യതയും നാണക്കേടും മറയ്ക്കാന്‍.

തങ്ങള്‍ക്ക് അനുകൂലമായ എന്തിനെയും പ്രോത്സഹിപ്പിക്കുകയും എതിരാളികളെ ഏതുവിധേനയും ആക്രമിക്കുകയും ചെയ്യുകയെന്ന സി.പി.എം നേതാക്കളുടെ വരട്ട്തത്വവാദത്തിന്റെ ഭാഗമാണ് വിനു വി.ജോണിനെതിരെ ഇപ്പോള്‍ നടത്തുന്ന സംഘടിത ആക്രമണമെന്നതില്‍ തര്‍ക്കമില്ല.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ വിവാദം ആളിക്കത്തിച്ചത് മാധ്യമങ്ങളാണെന്നതില്‍ തര്‍ക്കമില്ല. അന്ന് തുടര്‍ച്ചയായി ദിവസങ്ങളോളമാണ് ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ സോളാര്‍ തട്ടിപ്പ് ചര്‍ച്ച ചെയ്തത്. അക്കാലങ്ങളില്‍ സ്റ്റുഡിയോയുടെ ശീതളിമയില്‍ വന്നിരുന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെപ്പോലും ചര്‍ച്ചയിലേക്ക് വലിച്ചിഴച്ച സഖാക്കള്‍ ഇപ്പോള്‍ വിനുവിനെതിരെ വാളുമായി രംഗത്തിറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്. തങ്ങളെ അനുകൂലിക്കുമ്പോള്‍ വാഴ്ത്തപ്പെട്ടവനും വിമര്‍ശിക്കുമ്പോള്‍ ചെകുത്താനുമെന്നതാണ് സി.പി.എമ്മും പോഷക സംഘടനകളും സ്വീകരിക്കുന്ന നിലപാടെന്ന് യൂണിവേഴ്‌സിറ്റി കോളജ് സംഭവം ഒരിക്കള്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്.

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ ഗുണ്ടകളുടെ ആക്രമണത്തിനിരയായെന്ന് അതേപാര്‍ട്ടിയിലെ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികള്‍ പരാതിപ്പെടുമ്പോള്‍ ഇരകള്‍ക്കൊപ്പം നല്‍ക്കേണ്ടവര്‍ വേട്ടക്കാരനൊപ്പം ഉറച്ചുനില്‍ക്കുകയെന്ന അപഹാസ്യ നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. ഇന്നലെ നടന്ന ന്യൂസ് അവറില്‍ പരാതിക്കാരായ വിദ്യാര്‍ഥിനികളെ മോശക്കാരാക്കാനും അക്രമികളെ വാഴ്ത്താനുമാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് ശ്രമിച്ചത്.

തൊട്ടുമുന്നിലിരുന്ന് ഇരകളായ പെണ്‍കുട്ടികള്‍ പരാതി പറയുമ്പേള്‍ അതൊന്ന് കേള്‍ക്കാന്‍ പോലുമാകാതെയാണ് ഈ നേതാവ് യൂണിവേഴ്‌സിറ്റി കോളജിലെ അക്രമികളെ ന്യായീകരിച്ചത്. ചര്‍ച്ചയുടെ മോഡറേറ്ററായിരുന്ന വിനു വി. ജോണിനേക്കാള്‍ എസ്.എഫ്.ഐയുടെ മുന്‍കാല ചെയ്തികള്‍ ചൂണ്ടിക്കാട്ടുകയും അക്രമത്തെക്കുറിച്ചും ജെയ്ക്കിന്റെ നിലപാടികളെക്കുറിച്ചും വിമര്‍ശനമുന്നയിക്കുകയും ചെയ്തത് പെണ്‍കുട്ടികള്‍ തന്നെയാണ്. ഇരകള്‍ നേരിട്ട് പരാതി പറയുമ്പോള്‍ അവരോട് അനുകമ്പയോ ദയയോ കാട്ടുന്നതിന് പകരം വേട്ടക്കാരന്റെ മനോഭവത്തോടെ അവരെ നേരിട്ട ജെയ്ക് തോമസ് സ്വയം ഒരു തോല്‍വിയാണെന്ന് സമ്മതിക്കുകയായിരുന്നു.

ന്യൂസ് അവറില്‍ സംസ്ഥാന നേതാവിനുണ്ടായ ജാള്യതയും നാണക്കേടും മറയ്ക്കുന്നതിന്റെ ഭാഗമായാണ് സൈബര്‍ ഗുണ്ടകള്‍ വിനു വി. ജോണിനെതിരെ ട്രോളുകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍നിന്ന് വ്യാപക പിന്തുണ ലഭിക്കുന്നതാണ് ഈ സൈബര്‍ ഗുണ്ടകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതേസമയം സ്ത്രീകള്‍ക്കെതിരായ ആക്രമണം എവിടെയുണ്ടായാലും സഹയവുമായെത്താറുള്ള ഇടത് ബുദ്ധിജീവികളായ വനിതാ നേതാക്കളും ഈ വിഷയത്തില്‍ പ്രതികരിച്ച്കണ്ടില്ല. ടി.എന്‍ സീമ, ശ്രീകല, കെ.കെ ശൈലജ എന്നീ ജനാധിപത്യ മഹിളകള്‍ വേട്ടക്കാര്‍ക്കൊപ്പമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മടപ്പള്ളി കോളജില്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതും ലോ അക്കാദമിയിലെ സമരത്തെ ഒറ്റിയതുമെല്ലാം അഭിമാനമായിക്കാണുന്നവരാണ് എസ്.എഫ്.ഐ എന്നതും ലജ്ജാകരമാണ്. സി.പി.എം നിലപാടുകള്‍ ചര്‍ച്ചചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെയെല്ലാം ഇവര്‍ ശത്രുപക്ഷത്താണ് കാണുന്നത്. അനുകൂലമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവര്‍ മിത്രങ്ങളുമാകും. മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന്‍, ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ എന്നിവരും വിനുവിനപ്പോലെ സഖാക്കളും സംഘടിത ആക്രമണത്തിന്റെ ഇരകളാണ്.

വിനു വി ജോണിനും ഏഷ്യാനെറ്റ് ന്യൂസിനും എതിരായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍
വിനു വി ജോണിനും ഏഷ്യാനെറ്റ് ന്യൂസിനും എതിരായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍

ഇത്തരം വിഷയങ്ങളില്‍ സി.പി.എം സ്വീകരിക്കുന്ന അതേ നിലപാട് ബി.ജെ.പിയും സ്വീകരിച്ചിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത. തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ ഓരേ രീതിയില്‍ നേരിടുന്ന ഇരു സംഘടനകളും ഫാഷിസ്റ്റ് മനോഭാവമാണ് പുലര്‍ത്തുന്നതെന്നതില്‍ തര്‍ക്കമില്ല. സദാചാര പൊലീസിംഗിനെതിരെ വാതോരാതെ സംസാരിക്കുകയും തരം പോലെ സദാചാര ഗുണ്ടകളായി മാറുകയും ചെയ്യുന്നവര്‍ക്കെതിരെ മനുഷ്യാവകാശ സംരക്ഷകരും ബുദ്ധിജീവികളും പുലര്‍ത്തുന്നത് കുറ്റകരമായ മൗനമാണ്.