ചിക്കിംഗ്‌സ് ഉടമ മന്‍സൂറിന് ഏഴ് പാസ്‌പോര്‍ട്ടുകള്‍: ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

പ്രമുഖ ഫ്രൈഡ് ചിക്കന്‍ കമ്പനിയായ ചിക്കിംഗ്‌സ്, റിപ്പോര്‍ട്ടര്‍ ടി.വി എന്നിവയുടെ
ഉടമയുമായ മന്‍സൂറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം

അനധികൃതമായി നിരവധി പാസ്‌പോര്‍ട്ടുകള്‍ കൈവശം വെച്ചതിന് കേസ്

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധ്യത

റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഹരി ഉടമയും ചിക്കിംഗ്‌സ് കമ്പനിയുടെ ഉടമസ്ഥനുമായ എ.കെ. മന്‍സൂര്‍ നിരവധി പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് നിരവധി തവണ യാത്ര ചെയ്തതായി കൊച്ചി എമിഗ്രേഷന്‍ അസിസ്റ്റന്റ് സന്തോഷ് കെ. നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മന്‍സൂര്‍ നിരവധി പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നതായി ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു പരിശോധന. ഈ കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം റവന്യു ഇന്റലിജന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എമിഗ്രേഷന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച് എന്നിവരുടെ അന്വേഷണത്തിലാണ് മന്‍സൂറിന് ഏഴ് പാസ്‌പോര്‍ട്ടുകള്‍ ഉള്ളതായി കണ്ടെത്തിയത്.
ദുബായില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കാശ്മീരിലും പാക്കിസ്ഥാനിലും ഉള്‍പ്പെടെ വ്യവസായം ഉള്ള വ്യക്തിയാണ് മന്‍സൂര്‍. ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. ഇതറിഞ്ഞുകൊണ്ട് കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ കൈവശം വെച്ചതിന്റെ ഉദ്ദേശ്യം നിഗൂഢമാണെന്ന് സന്തോഷ് നായരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ചെറിയ കാലയളവില്‍ അവിടെ തങ്ങി വിദേശ ബാങ്കുകള്‍ വഴി പണമിടപാട് നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തീവ്രവാദ സംഘടനകളെ സഹായിക്കാന്‍ ഹവാല സാമ്പത്തിക ഇടപാടുകള്‍ക്ക് മന്‍സൂര്‍ നേതൃത്വം നല്‍കുന്ന അല്‍ബയാന്‍ ഗ്രൂപ്പിന്റെ അക്കൗണ്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഏജന്‍സികള്‍ സംശയിക്കുന്നു. തൃശൂര്‍ പാവറട്ടി സ്വദേശിയായ മന്‍സൂര്‍ ദുബൈ കോണ്‍സുലേറ്റില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. ഇയാള്‍ കൈവശം വെച്ചിരിക്കുന്ന M 2307433, Z 3315979 എന്നീ പാസ്‌പോര്‍ട്ടുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് പരിശോധന നടന്നത്. 2015 Z സീരീസില്‍ പാസ്‌പോര്‍ട്ട് ലഭിച്ചശേഷം മന്‍സൂര്‍ M സീരീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാരീസ്, ലണ്ടന്‍, ഖത്തര്‍ എന്നിവടങ്ങളിലേക്ക് യാത്ര ചെയ്തതായും എമിഗ്രേഷന്‍ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിക്കാതെ ഇയാള്‍ ദുബായ് കോണ്‍സുലേറ്റ് വഴി പാസ്‌പോര്‍ട്ട് സ്വന്തമാക്കിയത് അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇയാള്‍ എന്‍.ആര്‍.ഐ അല്ലെന്നും നിരന്തരം യാത്ര ചെയ്യുന്ന ഒരാള്‍ മാത്രമാണെന്നും എമിഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ആര്‍.ഐ അല്ലാത്ത ഒരാള്‍ക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് എങ്ങനെയാണ് പാസ്‌പോര്‍ട്ട് അനുവദിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം ഉണ്ടായേക്കും.
ഇയാള്‍ മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തി അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ടി.വിയില്‍ ഇയാള്‍ കോടിക്കണക്കിന് രൂപ മുതല്‍മുടക്കിയിട്ടുണ്ട്. മന്‍സൂറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഓഹരി ഘടനയില്‍ നികേഷ് കുമാര്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ച് ചെന്നൈ കമ്പനി ലോ ബോര്‍ഡില്‍ ഇയാള്‍ നികേഷിനെതിരെ കേസ് നല്‍കിയിരുന്നു.

2015 നവംബറില്‍ ചെന്നൈ കമ്പനി ലോ ബോര്‍ഡിന്റെ വിധിയനുസരിച്ച് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വായ്പ എടുക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍ ടി.വിയിലെ ഓഹരി ഉടമയും കമ്പനി ലോ ബോര്‍ഡിലെ പരാതിക്കാരനുമായ എ.കെ. മന്‍സൂരിനെ വിവരമറിയിക്കണമെന്ന കോടതി വിധിയുണ്ട്. റിപ്പോര്‍ട്ടര്‍ ടി.വിയിലെ മുഖ്യ ഓഹരി ഉടമയും വിദേശ വ്യവസായിയുമായ എ.കെ. മണ്‍സൂറിന്റെ കോടികളുടെ നിക്ഷേപവും ഓഹരികളും നികേഷും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന് കാണിച്ചാണ് മന്‍സൂര്‍ കമ്പനി ലോ ബോര്‍ഡില്‍ പരാതി നല്‍കിയത്.