യാക്കോബായ സഭയില്‍ ഭിന്നത രൂക്ഷം: മെത്രാപ്പോലീത്തമാരുടെ സംഘം ദമാസ്‌കസിലേക്ക്‌

യാക്കോബായ സുറിയാനി സഭാ നേതൃത്വവും കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോഥിയോസും തമ്മിലുള്ള പോരും പാത്രിയര്‍ക്കീസ് ബാവക്ക് ഇന്ത്യന്‍ സഭയില്‍ എത്രത്തോളം അധികാരം ഉണ്ട് എന്നതു സംബന്ധിച്ച തര്‍ക്കവും ഒട്ടേറെ കഷ്ടപ്പാടുകള്‍ക്കും ത്യാഗങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കുമൊടുവില്‍ സ്വന്തം വ്യക്തിത്വം കണ്ടെത്തി മുന്നോട്ടു പോവുന്ന യാക്കോബായ സഭയില്‍ ഭിന്നതയുടെയും കാലുഷ്യത്തിന്റെയും വിത്തുകള്‍ വിതക്കുന്നു. സഭാ സുന്നഹദോസിന്റെ നടപടികള്‍ക്ക് വിധേയനായ തോമസ് മാര്‍ തിമോഥിയോസിന്റെ കാര്യത്തില്‍ എന്തു നടപടികള്‍ എടുക്കണമെന്ന വിഷയത്തിലും ഇന്ത്യക്കു പുറത്തുള്ള ഭദ്രാസനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നീക്കുന്ന കാര്യത്തിലും പാത്രിയര്‍ക്കീസ് ബാവയുമായി ആശയവിനിമയം നടത്താന്‍ മെത്രാപ്പോലീത്തമാരുടെ പ്രതിനിധി സംഘം 13ന് ദമാസ്‌കസിലേക്ക് പോവും.

മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസായി അധികാരത്തില്‍ വന്നതോടെയാണ് ശ്രേഷ്ഠ കാതോലിക്ക ബാവയുമായുള്ള ശീത സമരം മൂര്‍ച്ഛിച്ചത്. അതൊടൊപ്പം കോട്ടയം ഭദ്രാസനാധിപനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നു. അദ്ദേഹത്തെ ആറുമാസത്തേക്ക് ഭദ്രാസന ഭരണത്തില്‍ നിന്നു നീക്കാന്‍ സുന്നഹദോസ് തീരുമാനിച്ചതോടെ ശക്തമായ ആഭ്യന്തരക്കുഴപ്പങ്ങള്‍ തലപൊക്കി.

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ കേസുകള്‍ നിലനിന്നിരുന്ന കാലത്ത് യാക്കോബായ വിഭാഗം ആര്‍ജ്ജിച്ച സ്വത്തുവകകള്‍ മെത്രാപ്പോലീത്തമാരുടെയും മറ്റ് വിശ്വസ്ത വ്യക്തികളുടെയും പേരിലായിരുന്നു. കോടതി വിധികളുടെ പേരില്‍ അവ കൈവിട്ടു പോകാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയിലാണ് അങ്ങനെ ചെയ്തത്. പിന്നീട് പുതിയ പാത്രിയര്‍ക്കീസ് ബാവ വന്നപ്പോള്‍ അവയെല്ലാം സഭയുടെ പേരിലാക്കാന്‍ കല്‍പ്പനയുണ്ടായി. പക്ഷേ അത് പൂര്‍ണ്ണതോതില്‍ നടപ്പായിട്ടില്ല.

തോമസ് മാര്‍ തിമോഥിയോസ് ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തുക്കള്‍ സഭക്ക് കൈമാറിയിട്ടില്ലെന്നാണ് അദ്ദേഹത്തിനെതിരായ ഒരു ആരോപണം. അദ്ദേഹം കോട്ടയത്തെത്തിയപ്പോള്‍ ഇടുക്കിയില്‍-അന്ന് ഇടുക്കി കോട്ടയം ഭദ്രാസനത്തിന്റെ ഭാഗം ആണ് – ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആരംഭിച്ചു. സഭയുടെ കോളേജ് എന്ന് പറഞ്ഞിരുന്നെങ്കിലും അത് ഒരു ട്രസ്റ്റിന്റെ കീഴിലാക്കി. മെത്രാപ്പോലീത്തയുടെ ബന്ധുക്കളാണ് ട്രസ്റ്റില്‍ കൂടുതലായുള്ളത്. ഇതില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ വരെയുണ്ടെന്ന് എതിര്‍പക്ഷം പറയുന്നു. സഭയുടെ കീഴിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായ ആര്‍ദ്രത, സ്‌നേഹിത തുടങ്ങിയവയും സുതാര്യമല്ലെന്നാണ് പരാതി.

കഞ്ഞിക്കുഴിയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സെന്ററിനെപ്പറ്റിയാണ് വേറൊരു പരാതി. രണ്ടേമുക്കാല്‍ ഏക്കറില്‍ 20 കോടിയോളം മൂല്യം വരുന്ന ഈ പദ്ധതിക്ക് വൈദികര്‍ മുഖേന ഇടവകകളില്‍ നിന്ന് വന്‍തോതില്‍ പണം പിരിച്ചെങ്കിലും മുന്‍ വാഗ്ദാനം അനുസരിച്ച് സംഭാവന നല്‍കിയവര്‍ക്ക് ഓഹരി നല്‍കിയില്ലെന്നാണ് ആരോപണം. ഭദ്രാസന വൈദികര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും ഏകാധിപത്യ രീതിയിലാണ് ഭദ്രാസന ഭരണം നടക്കുന്നതെന്നും മെത്രാപ്പോലീത്തയെ എതിര്‍ക്കുന്നവര്‍ പറയുന്നു.

ബി.ജെ.പി പ്രാദേശിക നേതാവും ക്വാറി ഉടമയുമായ ഒരു വ്യക്തിക്ക് മെത്രാപ്പോലീത്തയിലും ഭദ്രാസനത്തിലും ഉണ്ടെന്നു പറയപ്പെടുന്ന അമിത സ്വാധീനമാണ് തോമസ് മാര്‍ തിമോഥിയോസിനെതിരായ മറ്റൊരു പ്രധാന ആരോപണം. അദ്ദേഹം ബാഹ്യ കേരള ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നപ്പോള്‍ ബംഗളൂരുവിലും പിന്നീട് കഞ്ഞിക്കുഴി ഓര്‍ത്തഡോക്‌സ് സെന്ററുമായി ബന്ധപ്പെട്ടും ഉണ്ടായ ചില പ്രശ്‌നങ്ങളില്‍ ഈ നേതാവ് മെത്രാപ്പോലീത്തയെ സഹായിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ഭദ്രാസനത്തില്‍ സ്വാധീനം വര്‍ധിച്ചെന്നും വൈദിക സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെടെ ഇടപെടാന്‍ തുടങ്ങിയെന്നും ആരോപണം ഉയര്‍ന്നു.
അതേ സമയം തനിക്കെതിരായ ആരോപണങ്ങള്‍ മെത്രാപ്പോലീത്ത നിരാകരിക്കുന്നു. തോമസ് മാര്‍ തിമോഥിയോസിനെ പുറത്താക്കി ശ്രേഷ്ഠ കാതോലിക്ക ബാവക്ക് താല്‍പര്യമുള്ള ഒരാളെ ഭദ്രാസനാധിപനാക്കാനുള്ള തന്ത്രമാണ് ഇതെന്നും തിമോഥിയോസ് തിരുമേനി പാത്രിയര്‍ക്കീസ് ബാവയോട് ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ കാതോലിക്ക ബാവക്ക് അതൃപ്തിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരായ നടപടികള്‍ എന്നും മാര്‍ തിമോഥിയോസിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

എന്തായാലും കോട്ടയം ഭദ്രാസനത്തിലെ ഭൂരിപക്ഷം വൈദികര്‍ മാര്‍ തിമോഥിയോസിനെതിരെ ശ്രേഷ്ഠ കാതോലിക്ക ബാവക്ക് പരാതി നല്‍കി. 55 വൈദികര്‍ ഉള്ളതില്‍ 40 പേര്‍ പരാതിയില്‍ ഒപ്പിട്ടിരുന്നു എന്നാണ് ശ്രേഷ്ഠ കാതോലിക്ക പക്ഷത്തിന്റെ അവകാശ വാദം.

പരാതിയെ തുടര്‍ന്ന് സുന്നഹദോസ് അന്വേഷണ കമ്മീഷനെ വെച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ചേര്‍ന്ന സുന്നഹദോസ് തോമസ് മാര്‍ തിമോഥെയോസിനെ ആറു മാസത്തേക്ക് ഭദ്രാസന ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചു. പക്ഷേ ആ തീരുമാനം അന്നു തന്നെ പാത്രിയര്‍ക്കീസ് ബാവ സ്‌റ്റേ ചെയ്തു. അത് ശ്രേഷ്ഠ കാതോലിക്കാ ബാവക്കും സുന്നഹദോസിനും തിരിച്ചടിയായി.

അതിനു പിന്നാലെ പാത്രിയര്‍ക്കീസ് ബാവ ഒരു കമ്മീഷനെ വെച്ചു. ആ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഭദ്രാസന കൗണ്‍സില്‍ തെരഞ്ഞെടുപ്പും മറ്റും നിരീക്ഷിക്കാന്‍ മറ്റൊരു കമ്മീഷനെയും നിയമിച്ചു. തെരഞ്ഞെടുപ്പില്‍ മെത്രാപ്പോലീത്തയെ എതിര്‍ക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം കിട്ടിയത്. എന്നാല്‍ കൗണ്‍സിലിലേക്ക് മെത്രാപ്പോലീത്തക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഉപയോഗിച്ച് അദ്ദേഹത്തിന്റെ അനുയായികളെ കൗണ്‍സിലില്‍ കൊണ്ടുവന്നു. ആദ്യ കമ്മീഷന്റെ റിപ്പോര്‍ട്ട് തിമോഥിയോസ് മെത്രാപ്പോലീത്തക്ക് എതിരായിരുന്നു എന്നും ഒരു ബിഷപ്പിനെതിരെ നടപടി എടുക്കുന്നതിന്റെ വിഷമം ഓര്‍ത്ത് പാത്രിയര്‍ക്കീസ് അതു ചെയ്യാതിരുന്നതാണെന്നുമാണ് ശ്രേഷ്ഠ കാതോലിക്ക വിഭാഗം ആശ്വസിക്കുന്നത്. എന്തായാലും പാത്രിയര്‍ക്കീസിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ല.
തോമസ് മാര്‍ തിമോഥിയോസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പാത്രിയര്‍ക്കീസ് ബാവയടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനാണ് ഏറ്റവും അവസാനം ചേര്‍ന്ന സുന്നഹദോസ് തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ ഈ സുന്നഹദോസ് യോഗം തടയണമെന്നാവശ്യപ്പെട്ട് മാര്‍ തിമോഥിയോസിന്റെ പേരില്‍ എന്ന വ്യാജേന കോടതിയില്‍ കേസ് കൊടുത്തു എന്ന ആരോപണം വീണ്ടും തര്‍ക്കവിഷയമായി. കേസ് കൊടുത്തവര്‍ക്കെതരിരെ നടപടി വേണമെന്ന് സുന്നഹദോസ് മെത്രാപ്പോലീത്തയോട് ആവശ്യപ്പെടുകയും ചെയ്തു.

പാത്രിയര്‍ക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്ക ബാവയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും നീരസവുമാണ് യാക്കോബായ സഭ ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നം. സുറിയാനി സഭയില്‍ മലങ്കരയിലെ കാതോലിക്ക ബാവ നേരത്തെ പൗരസ്ത്യ കാതോലിക്ക ബാവ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ അത് ഇന്ത്യയിലെ കാതോലിക്കയായി ചുരുങ്ങി. പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് സുറിയാനി പാരമ്പര്യമുള്ള രാജ്യങ്ങളില്‍ നിന്നല്ലാതെ മറ്റാര്‍ക്കും മത്സരിക്കാന്‍ പാടില്ല എന്ന നിയമം ഇപ്പോഴും നിലനില്‍ക്കുന്നു. ആകമാന സുറിയാനി സഭയില്‍ ആകെ 13-14 ലക്ഷം വിശ്വാസികളാണുള്ളതെങ്കില്‍ അതില്‍ എട്ടുലക്ഷവും ഇന്ത്യയിലാണ്. പാത്രിയര്‍ക്കീസ് തെരഞ്ഞെടുപ്പില്‍ 40 പേര്‍ക്കാണ് വോട്ടവകാശം. അതില്‍ യാക്കോബായ സഭക്ക് ഒറ്റ വോട്ട് മാത്രമാണുള്ളത്. ഇവിടെ നിന്നാര്‍ക്കും മത്സരിക്കാനും പറ്റില്ല.

കാലം ചെയ്ത സാഖ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനും തമ്മില്‍ നല്ല സൗഹൃദബന്ധം ആയിരുന്നു. വലിയ വെല്ലുവിളികളെ നേരിട്ട് സഭ കെട്ടിപ്പടുക്കുന്നതില്‍ ശ്രേഷ്ഠ കാതോലിക്ക ബാവ സഹിച്ച ത്യാഗങ്ങളെപ്പറ്റി സാഖ പ്രഥമന്‍ ബോധവാനുമായിരുന്നു എന്നാല്‍ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് അദ്ദേഹത്തോട് അത്ര അനുഭാവം പുലര്‍ത്തുന്നില്ല. ശ്രേഷ്ഠ കാതോലിക്ക എടുക്കുന്ന ഏതു തീരുമാനങ്ങളും അദ്ദേഹം സ്‌റ്റേ ചെയ്യുകയാണ് ഇപ്പോഴത്തെ പതിവ്.

മൂന്നു വര്‍ഷത്തിലൊരിക്കല്‍ മെത്രാപ്പോലീത്തമാരെ സ്ഥലം മാറ്റാം എന്നൊരു തീരുമാനം സഭ എടുത്തിരുന്നു. അതനുസരിച്ച് സുന്നഹദോസ് നടത്തിയ സ്ഥലം മാറ്റം പാത്രിയര്‍ക്കീസ് റദ്ദാക്കി. തോമസ് മാര്‍ തിമോഥിയോസിനെതിരെ എടുത്ത തീരുമാനവും സ്റ്റേ ചെയ്തു. എങ്കിലും സഭയുടെ വിദേശ ഭദ്രാസനങ്ങള്‍ സംബന്ധിച്ച് പാത്രിയര്‍ക്കീസ് എടുത്ത തീരുമാനമാണ് ഇവിടത്തെ സഭാ നേതൃത്വത്തിന് ഏറ്റവും വലിയ തിരിച്ചടിയായത്.

വിദേശത്തുള്ള മൂന്ന് ഭദ്രാസനങ്ങള്‍ സാങ്കേതികമായി പാത്രിയര്‍ക്കീസിന്റെ കീഴില്‍ വരുമെങ്കിലും അവിടത്തെ മെത്രാപ്പോലീത്തമാരെ നിയമിക്കുന്നതും വരുമാനം ഉപയോഗിക്കുന്നതും ഇന്ത്യയിലെ സഭയായിരുന്നു. യാക്കോബായ സഭയുടെ സാമ്പത്തിക ഭദ്രതയുടെ പ്രധാന ഉറവിടം അവിടെ നിന്നുള്ള വരുമാനവുമായിരുന്നു. അത് എല്ലാം പാത്രിയര്‍ക്കീസ് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. അത് സഭയുടെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കി.

തോമസ് മാര്‍ തിമോഥിയോസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കൊപ്പം വിദേശ ഭദ്രാസനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച വിഷയങ്ങളും പാത്രിയര്‍ക്കീസുമായി ചര്‍ച്ച ചെയ്യാനാണ് മെത്രാപ്പോലീത്തമാരുടെ സംഘം ദമാസ്‌കസിലേക്ക് പോവുന്നത്.

പാത്രിയര്‍ക്കീസ് ബാവയുടെ നിലപാട് നിര്‍ണായകമായിരിക്കും. സഭ ഇതി ഏതു ദിശയില്‍ നീങ്ങണമെന്നതും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ഭാവി എന്തായിരിക്കുമെന്നതും അദ്ദേഹത്തിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. ” നാം അടിമ നുകം ചുമക്കുകയാണ്” എന്ന് ശ്രേഷ്ഠ കാതോലിക്കയെക്കൊണ്ടു പറയിക്കുകയും കാതോലിക്ക സിംഹാസനത്തെപ്പറ്റി ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞതാണല്ലോ ശരി എന്ന് വിശ്വാസികള്‍ ചിന്തിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യമാണ് സഭയില്‍ ഇപ്പോള്‍. മാര്‍ തിമോഥിയോസിനെ സംബന്ധിച്ച പ്രശ്‌നത്തില്‍ സുന്നഹദോസ് ഒന്നിച്ചു നില്‍ക്കുമെന്ന വിശ്വാസമാണ് ശ്രേഷ്ഠ കാതോലിക്ക പക്ഷത്തിന്. പക്ഷേ പാത്രിയര്‍ക്കീസുമായി ഒരു ഉരസല്‍ ഉണ്ടായാല്‍ ആരൊക്കെ എവിടെ നില്‍ക്കും എന്നു വ്യക്തമല്ല. അതേ സമയം, ശ്രേഷ്ഠ കാതോലിക്കയെ അവഗണിച്ച് സഭക്ക് മുന്നോട്ട് പോകാനും പ്രയാസമാണ്.