കൊച്ചി മെട്രോ സര്‍വീസ് അടുത്തമാസം; കേരളം ബുദ്ധിമുട്ടിച്ചു: ഇ. ശ്രീധരന്‍

മിച്ചം പിടിച്ചത് 400 കോടി

മെട്രൊ നിര്‍മ്മാണത്തില്‍ ഇതുവരെ 400 കോടി രൂപയുടെ മിച്ചം പിടിക്കാനായതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായാല്‍ പദ്ധതി വിഹിതത്തില്‍ വലിയ ലാഭം കണ്ടെത്താനാകുമെന്നും ശ്രീധരന്‍ പറഞ്ഞു. സെക്രട്ട് ഹാര്‍ട്ട് കോളെജില്‍ സംഘടിപ്പിച്ച ചാവറ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി മെട്രോയെ അപേക്ഷിച്ച് കൊച്ചി മെട്രോയുടെ നിര്‍മ്മാണം സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. ഭൂമിയേറ്റെടുക്കലും തൊഴിലാളി പ്രശ്‌നങ്ങളുടെ സമരങ്ങളുമെല്ലാം നിര്‍മ്മാണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഡല്‍ഹി മെട്രോയുടെ അതേ സാങ്കേതിക വിദ്യ തന്നെയാണ് കൊച്ചി മെട്രോയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഡല്‍ഹി മെട്രൊ നിര്‍മ്മാണത്തില്‍ ലഭിച്ച സമാധാന അന്തരീക്ഷം കൊച്ചി മെട്രോയുടെ കാര്യത്തില്‍ ലഭിക്കുന്നില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

മാര്‍ച്ച് അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുളള ഭാഗം കമ്മീഷന്‍ ചെയ്യാന്‍ മാര്‍ച്ചില്‍ തന്നെ മെട്രോ സര്‍വനീസ് ആരംഭിക്കാനുമാകും. നിലവില്‍ ഒന്നാം ഘട്ടമായി ആലവു മുതല്‍ പേട്ട വരെയും രണ്ടാംഘട്ടം പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുമാണ് തീരുമാനിച്ചിട്ടുള്ളത്. ഇത് കൂടാതെയുള്ള മൂന്നാംഘട്ടം കൂടി അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. മെട്രോയെക്കുറിച്ച് കഴിഞ്ഞ മാസം നടന്ന അവലോകന യോഗത്തില്‍ മഹാരാജാസ് വരെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലാരിവട്ടം വരെ മാത്രമേ സര്‍വീസ് ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും ജൂണില്‍ മഹാരാജാസ് വരെ മെട്രോ ഓടി തുടങ്ങുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള കരാര്‍ മേയില്‍ അവസാനിക്കും. കരാര്‍ പുതുക്കേണ്ടതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കെഎംആര്‍എല്‍ ആണ്. വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗത്തേക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം വിളിച്ചു ചേര്‍ത്ത ടെണ്ടറില്‍ ആരും പങ്കെടുത്തിരുന്നില്ല. രണ്ടാം തവണ വിളിച്ചു ചേര്‍ത്ത ടെണ്ടറില്‍ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ആ കമ്പനി മുന്നോട്ടുവച്ചത് വലിയ തുക ആയതു കൊണ്ട് തന്നെ ടെണ്ടര്‍ റദ്ദു ചെയ്തു. ഉടനെ തന്നെ പുതിയ ടെണ്ടര്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.