നികേഷ്‌കുമാറിന്റെയും ഭാര്യയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഹരി തട്ടിപ്പ് കേസില്‍  എം.വി. നികേഷ്‌കുമാറിന്റെയും ഭാര്യ റാണിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ തള്ളി. റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഹരി ഉടമയായ ലാലിയ ജോസഫ് തന്റെ ഓഹരി നികേഷ്‌കുമാറും ഭാര്യ റാണിയും വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്നാരോപിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തൊടുപുഴ ഡി.വൈ.എസ്.പി പ്രാഥമിക അന്വേഷണം നടത്തി.

കമ്പനി രേഖകളും ബാങ്ക് രേഖകളും പരിശോധിച്ച് സാക്ഷികളില്‍ നിന്നും മൊഴിയെടുത്ത് പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് തൊടുപുഴ പൊലീസ് നികേഷ്‌കുമാറിനും ഭാര്യ റാണിക്കുമെതിരെ പണം തട്ടിയെടുക്കല്‍, വഞ്ചന, ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നികേഷും ഭാര്യ റാണിയും തൊടുപുഴ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു.

2016 മാര്‍ച്ച് 28-ന് നികേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ നിന്ന് താല്‍ക്കാലിക സ്‌റ്റേ വാങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സമയത്തായിരുന്നു ഇത്. നികേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേട്ട ശേഷം 2016 ഡിസംബര്‍ 21-ന് ഹര്‍ജി തള്ളിയിരുന്നു.