ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു.

ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുകയെന്ന ഐഎസ്ആര്‍ഒയുടെ ദൗത്യം വിജയം. ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രമാണ് ഇന്നത്തെ വിജയകരമായ വിക്ഷേപണത്തിലൂടെ ഐഎസ്ആര്‍ഒ കുറിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഭിമാന വിപേക്ഷപണ വാഹനമായ പി.എസ്.എല്‍.വിയിലാണ് ഇവ വിക്ഷേപിച്ചത്.

ലോകത്ത് ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ലാത്ത നേട്ടമാണ് ഇന്ന് ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍ സാക്ഷാത്കരിച്ചത്. 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച റഷ്യയുടെ പേരിലായിരുന്നു നിലവിലുള്ള റെക്കോര്‍ഡ്. ഇന്ന് വിക്ഷേപിച്ചവയില്‍ മൂന്നെണ്ണം  മാത്രമാണ് രാജ്യത്തിന്റേത്. അമേരിക്ക, ഇസ്രയേല്‍, യു.എ.ഇ, കസാക്കിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളുടേതാണ് ബാക്കി 96 ഉപഗ്രഹങ്ങള്‍. കാലിഫോര്‍ണിയയിലെ പ്ലാനറ്റ് എന്ന സംഘടനയുടേതാണ് ഇവയില്‍ 88 എണ്ണവും.

പി.എസ്.എല്‍.വിയുടെ 39-ാമത് വിക്ഷേപണമാണിത്. മൊത്തം 1,378 കിലോ ഭാരമാണ് 104 ഉപഗ്രഹങ്ങള്‍ക്കും കൂടിയുള്ളത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു പിഎസ്എല്‍വിയുടെ വിക്ഷേപണം നടന്നത്. ചരിത്രവിജയം നേടിയ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യന്‍ ബഹിരാകാശ രംഗത്തിനും രാജ്യത്തിനും മുഴുവന്‍ അഭിനന്ദനാര്‍ഹമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.