മൃതദേഹം മാറിപ്പോയി: ആശുപത്രി ഉടമക്ക് 25 ലക്ഷം രൂപ പിഴ

മുന്‍ ജില്ല രജിസ്ട്രാറുടെ മക്കളുടെ നിയമ പോരാട്ടം ഫലം കണ്ടു

തിരുവനന്തപുരം: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃത ദേഹം ആളുമാറി വിട്ടുകൊടുക്കുകയും സംസ്‌കരിക്കാന്‍ ഇടവന്ന സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
എറണാകുളം ജില്ലാ രജിസ്ട്രാര്‍ ആയിരുന്ന ആര്‍.പുരുഷോത്തമന്റെ മൃതദേഹമാണ് ആള് മാറി മറ്റൊരു കുടുംബത്തിന് വിട്ടുകൊടുത്തത്. ഇതറിയാതെ അവരത് സംസ്‌കരിച്ചു. പുരുഷോത്തമന്റെ മക്കളായ ജയശ്രീയും റാണിയുമാണ് പരാതി നല്‍കിയത്.
2009 ഡിസംബര്‍ 31 നാണ് ഡയാലിസിസിനിടെ പുരുഷോത്തമന്‍ ആശുപത്രിയില്‍ വച്ച് മരിച്ചത്.
മൂത്ത മകള്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ മൃതദ്ദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്.
അതേ സമയം മോര്‍ച്ചറിയില്‍ തിരുവനന്തപുരം ശ്രീ പത്മനാഭ’ സ്വാമി ക്ഷേത്രത്തിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ കാന്തിയുടെ മൃതശരീരവും സൂക്ഷിച്ചിരുന്നു. കേണല്‍ കാന്തിയുടെ ബന്ധുക്കള്‍ക്ക് പുരുഷോത്തമന്റെ ജഡമാണ് വിട്ടുകൊടുത്തത്. പിറ്റേന്ന് പുരുഷോത്തമന്റെ ശരീരം ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് അബദ്ധം പറ്റിയത് ആശുപത്രി അധികൃതര്‍ മനസിലാക്കിയത്. ബന്ധുക്കളുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തത്. പിന്നിട് കേണല്‍ കാന്തിയുടെ മൃതദേഹം അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.
പുരുഷോത്തമന്റ ചിതാഭസ്മം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് കൈ മാറി. പുരുഷോത്തമന്റെ ബന്ധുക്കള്‍ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. ആശുപത്രി അധികൃതര്‍ തെറ്റ് പറ്റിയതില്‍ മാപ്പ് ചോദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നഷ്ടപരിഹാരത്തിന് പുറമെ 12 ശതമാനം പലിശയും നല്‍കാന്‍ വിധിച്ചു.