സക്കീര്‍ ഹുസൈന്‍ ഇന്നു കീഴടങ്ങിയേക്കും

സി.പി.എം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഇന്നു കീഴടങ്ങിയേക്കും. അന്വേഷണ ചുമതലയുള്ള ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മീഷണറുടെ മുന്പില്‍ സക്കീര്‍ ഹുസൈനെ ഹാജരാക്കാനാണ് പാര്‍ട്ടി തീരുമാനം .കീഴടങ്ങിയാല്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും, കോടതിയില്‍ നിന്നും ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. വെലണ്ണലയിലെ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. പാലാരിവട്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയതിരിക്കുന്ന കേസിന്റെ അന്വേഷണ ഉദ്വോഗസ്ഥന്‍ സൗത്ത് സി.ഐ.സിബി ടോം ആണ്.
ഇന്നലെ സി.പി.എം കളമശേരി ഏരിയാകമ്മിറ്റി ഓഫീസിലുണ്ടായിരുന്ന സക്കീര്‍ ഹുസൈനെ പിടികൂടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ എത്തിയെന്‍കിലും കോടതി ഉത്തരവിന്റെ പകര്‍പ്പ് ഔദ്യോഗികമായി ലഭിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാതെ മടങ്ങുകയായിരുന്നു. നേരത്തെ കീഴ്‌ക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയിട്ടും സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിരുന്നില്ല. ഇയാള്‍ സംസ്ഥാനം വിട്ടെന്നായിരുന്നു പോലീസ് ഭാഷ്യം.
ബിസിനസ് തര്‍ക്കത്തിലിടപെട്ട് വെണ്ണലയിലെ വ്യവസായിയെ തട്ടിക്കോണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സക്കീര്‍ ഹുസൈനെ പ്രതിയാക്കിയ അന്ന് തന്നെ ദൃശ്യ മാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായി നിറഞ്ഞുനിന്ന സക്കീര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തയാറായിരുന്നില്ല.