ജിഷ്ണുവിന്റെ മരണം: സഞ്ജിത്ത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

പാമ്പാടി നെഹ്‌റു കോളെജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തിനിടയാക്കിയ കേസിലെ രണ്ടാം പ്രതിയും കോളെജിലെ പി.ആര്‍.ഒ.യുമായ മുന്‍മന്ത്രി കെ.പി. വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍. അപേക്ഷ 20-ന് പരിഗണിക്കുന്നതിനായി കോടതി മാറ്റി. ഒന്നാംപ്രതി നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റ് 21 വരേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് സഞ്ജിത്ത് മുന്‍കൂര്‍ ജാമ്യത്തിനായുള്ള അപേക്ഷ നല്‍കിയത്. അപേക്ഷ വ്യാഴാഴ്ചത്തേക്ക് വെച്ചിരുന്നുവെങ്കിലും വാദ നടപടികളിലേക്ക് കടക്കാതെ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാലക്കാട്, തൃശൂര്‍ കളക്ടര്‍മാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ ധാരണയനുസരിച്ച് വെള്ളിയാഴ്ച ക്ലാസ് ആരംഭിക്കും.

കഴിഞ്ഞ ദിവസം വരെ സമരത്തിലായിരുന്ന വിദ്യാര്‍ത്ഥികള്‍ കെട്ടിയ സമരപന്തലുകള്‍ കോളെജ് പരിസരത്ത് നിന്നും നീക്കിയിട്ടുണ്ട്. ഇതിനിടെ ഒളിവിലുള്ള പ്രതികളെ തേടിയുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. കര്‍ണാടകയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിലെ ഒരു ടീം ഇവിടെ തെരച്ചിലിലാണ്. സഞ്ജിത്തിന്റെ ഓഫീസ് മുറിയാണ് കോളജിലെ ഇടിമുറിയെന്നാണ് ആക്ഷേപമുള്ളത്. പരീക്ഷയില്‍ ജിഷ്ണു കോപ്പയടിച്ചുവെന്ന കള്ളക്കഥയുണ്ടാക്കുകയും പ്രിന്‍സിപ്പല്‍ തടഞ്ഞുവെങ്കിലും വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ജിഷ്ണുവിനെ മര്‍ദ്ദിക്കുകയും കള്ള ഒപ്പിടുവിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ജിഷ്ണു ആത്മഹത്യ ചെയ്തതോടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും നശിപ്പിച്ചത് സഞ്ജിത്തിന്റെ നേതൃത്വത്തിലാണെന്നുമാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.