പീഡനം, മയക്കുമരുന്ന് കേസുകളില്‍ വരെ ശിക്ഷിക്കപ്പെടുന്ന 1,850 തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം

ആവശ്യം ഗവര്‍ണര്‍ നിരസിച്ചു 

തിരുവനന്തപുരം: ബലാല്‍സംഗം, ലൈംഗിക അതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കേസുകളിലെ 1850 തടവുകാരെ മോചിപ്പിക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ശ്രമത്തിന് ഗവര്‍ണര്‍ തടയിട്ടു. മന്ത്രിസഭ അംഗീകാരം നല്‍കിയ തടവുകാരുടെ പട്ടിക ഒരു മാസം മുമ്പാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് അയച്ചത്. എന്നാല്‍ സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദീകരണങ്ങളും വിവരങ്ങളും ആരാഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ ഈമാസം 15ന് മടക്കിഅയച്ചു.

സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമായതിനാലാണ് ഗവര്‍ണര്‍ കര്‍ശനനിലപാട് സ്വീകരിച്ചത്. അതേസമയം നിയമ സെക്രട്ടറി അറിയാതെയാണ് എല്‍.ഡി.എഫുമായി, പ്രത്യേകിച്ച് സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ക്രിമിനലുകളെ മോചിപ്പിക്കാന്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി തയ്യാറായത്.

രാജ്ഭവനിലിലേക്ക് സര്‍ക്കാര്‍ അയച്ച ഈ ഫയല്‍ താമസിക്കാതെ ഗവര്‍ണര്‍ തിരിച്ചയക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംസ്ഥാനത്തെ ജയിലുകളിലെ ഉന്നത അധികാര സമിതിയുടെ ശുപാര്‍ശപ്രകാരം ആഭ്യന്തരവകുപ്പാണ് തടവുകാരുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമം 432ാം വകുപ്പ് പ്രകാരം കോടതി തടവ് ശിക്ഷ വിധിച്ചയാളെ വിട്ടയക്കാനോ, പിഴയായി വിധിച്ച തുക വെട്ടിക്കുറയ്ക്കാനോ സാധിക്കില്ല. വധശിക്ഷ ജീവപര്യന്തമാക്കാനും ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അവരെ വിട്ടയയ്ക്കാനും സര്‍ക്കാരിന് കഴിയും. അതേസമയം ശിക്ഷാകാലാവധിക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏത് പ്രതിക്കും മാപ്പ് നല്‍കാനും വധശിക്ഷ റദ്ദാക്കാനും ശിക്ഷയുടെ കാഠിന്യം ലഘൂകരിക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

 

ടി.പി വധക്കേസിലെ പ്രതിയായ കൊടിസുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരോള്‍ നല്‍കാന്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടുന്ന ജയല്‍ ഉപദേശകസമിതി മുമ്പ് തീരുമാനിച്ചത് വിവാദമായിരുന്നു.