കത്തോലിക്കാ വൈദികന്‍ ഏഴാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; ശരീരത്തില്‍ 12ലധികം മുറിവുകള്‍

പ്രിന്‍സിപ്പലിനെതിരേ കേസ്

കാരണം പറയാതെയുള്ള പ്രിന്‍സിപ്പലിന്റെ ക്രൂര മര്‍ദനത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്. തുടയിലും പിന്‍ഭാഗത്തും അടിയേറ്റ് തൊലി പൊട്ടിപ്പൊളിഞ്ഞ ഏബല്‍ (12) എന്ന വിദ്യാര്‍ഥിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലയപുരം മാര്‍ ഇവാനിയോസ് ബഥനി സ്‌കൂളിലാണ് സംഭവം.

ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ ഏബല്‍ കൂട്ടുകാരായ ആനന്ദ്, ആല്‍ബി, ക്രിസ് എന്നിവരെ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ പാലവിള 8.15-ഓടെ ഓഫീസ് മുറിയിലേക്കു വിളിച്ചു. രാവിലെ 7.45 മുതല്‍ 12.45 വരെയാണ് ഈ സ്‌കൂളില്‍ അധ്യായന സമയം. വിദ്യാര്‍ഥികളോടു കൈ കെട്ടി നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ചൂരല്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു.

കാരണം തിരക്കിയ വിദ്യാര്‍്ഥികളോട് നോ എക്‌സ്പ്ലനേഷന്‍, ക്യാമറ വഴി എല്ലാം ഞാന്‍ കാണുന്നുണ്ട് എന്നു പറഞ്ഞ് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു. മര്‍ദനമേറ്റ് നടക്കാന്‍ വിഷമിച്ച വിദ്യാര്‍ഥികളോട് ക്ലാസില്‍ പോയി നാലു മൂലയ്ക്കായി നിലത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഉച്ചയോടെ അവശനിലയില്‍ വീട്ടിലെത്തിയ ഏബലിനോട് മാതാപിതാക്കള്‍ വിവരം തിരക്കിയപ്പോഴാണ് മര്‍ദനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാരും വിദ്യാര്‍ഥി സംഘടനകളും ആശുപത്രിയിലെത്തി.

കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചതോടെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, യുവമോര്‍ച്ച തുടങ്ങിയ വിദ്യാര്‍ഥി യുവജന സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് സിഐ ഷൈനുതോമസ് ഉറപ്പുനല്‍കിയതോടെയാണ് സമരക്കാര്‍ പിരിഞ്ഞു പോയത്. തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ കൊട്ടാരക്കര പൊലിസ് കേസെടുത്തു. നിരവധി പരാതികള്‍ ഈ സ്‌കൂളിനെക്കുറിച്ച് നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

related news:

ബഥനി സ്‌കൂളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം