ബിസിസിഐക്ക് എതിരെ ശ്രീശാന്ത് നിയമനടപടിക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ ശ്രീശാന്ത് നിയമനടപടിക്ക്. തന്നെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായുള്ള അറിയിപ്പ് ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷന് അയച്ചിന് പിന്നാലെയാണ് ശ്രീശാന്ത് നിലപാട് വ്യക്തമാക്കിയത്. വിലക്കിനെതിരെ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് ശ്രീശാന്ത് അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ഉടന്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം. ബി.സി.സി.ഐ എല്ലാ കളിക്കാരോടും നീതി പുലര്‍ത്തണം. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ബി.സി.സി.ഐയില്‍ നിന്ന് ശ്രീശാന്തിനെ വിലക്കി കൊണ്ടുള്ള അറിയിപ്പ് കെ.സി.എയ്ക്ക് ലഭിച്ചത്. ബോര്‍ഡില്‍ നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പ് കെ.സി.എ ശ്രീശാന്തിന് അയക്കുകയായിരുന്നുവെന്ന്  കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് വിലക്കിയതായി കാണിച്ച് ശ്രീശാന്തിന് 2013 ഒക്ടോബറില്‍ ബിസിസിഐ ഔദ്യോഗികമായി കത്തയിച്ചിരുന്നു. അന്നത്തെ കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ കെ.സി.എയ്ക്ക് വീണ്ടും അയച്ചതെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി. വിലക്ക് സംബന്ധിച്ച് ബി.സി.സി.ഐയില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഞായറാഴ്ച എറണാകുളം ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ശ്രീശാന്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ശ്രീശാന്ത് കളിക്കാനുദ്ദേശിച്ച ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ കെ.സി.എ അല്ല തീരുമാനിക്കേണ്ടതെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. വിലക്ക് നിലനില്‍ക്കെ ക്ലബ് ശ്രീശാന്തിനെ കളിപ്പിക്കാനിടയില്ലെന്നാണ് കരുതുന്നതെന്നും മറിച്ചായാല്‍ എറണാകുളം ക്രിക്കറ്റ് ക്ലബിനെതിരെ നടപടിയുണ്ടാകുമെന്നും ജയേഷ് വ്യക്തമാക്കി.