നേരറിയാന്‍ നേരത്തെ അറിയാന്‍ മാങ്ങാ ഫോണ്‍ തട്ടിപ്പുകാര്‍ ഒരുക്കിയ വലയില്‍ കുരുങ്ങി എം.ടി

ദേശാഭിമാനി സംഘടിപ്പിക്കുന്ന സ്‌നേഹപൂര്‍വം എം.ടിക്ക്- സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് എം ഫോണ്‍

പിടിക്കപ്പെട്ടതോടെ വിദേശ രാജ്യങ്ങളിലേക്ക് ചുവടുമാറ്റി തട്ടിപ്പുകാര്‍

തിരുവനന്തപുരം: ഐ ഫോണ്‍ മോഡലില്‍ മലയാളികളുടെ സ്വന്തം ഫോണെന്ന പേരില്‍ മാംഗോ ഫോണുമായി രംഗത്തിറങ്ങി വന്‍ തട്ടിപ്പിന് ശ്രമിച്ചവരുമായി ചേര്‍ന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി എം.ടി വാസുദേവന്‍ നായരെ ആദരിക്കുന്നു. ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ ശബ്ദമുയര്‍ത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ പാര്‍ട്ടിയിലേക്ക് മുതല്‍ക്കൂട്ടുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സ്‌നേഹപൂര്‍വം എം.ടിക്ക് എന്ന പരിപാടിയാണ് വിവാദത്തിലായിരിക്കുന്നത്.

എം. ഫോണ്‍ പ്രഖ്യാപനവുമായി രംഗത്തിറങ്ങിയ  അഗസ്റ്റിന്‍ സഹോദരന്‍മാരാണ് ദുബൈ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് നടത്തുന്നതിന്റെ ഭാഗമായി ദേശാഭിമാനിയുടെ പേരില്‍ നടത്തുന്ന സ്‌നേഹപൂര്‍വം എം.ടിക്ക്- എന്ന പരിപാടി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

മാങ്ങാ ഫോണിനെ മഹത്വവത്കരിച്ച് മനോരമയില്‍ വന്ന ലേഖനം
മാങ്ങാ ഫോണിനെ മഹത്വവത്കരിച്ച് മനോരമയില്‍ വന്ന ലേഖനം

പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി ദേശാഭിമാനി  ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം ഈ മാസം 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം ടി വാസുദേവന്‍നായര്‍ക്ക് സമ്മാനിക്കും. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് കടപ്പുറത്ത് സ്‌നേഹപൂര്‍വം എം.ടി എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി ഇന്ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച പരസ്യത്താലാണ് പ്രധാന സംഘാടകര്‍ മാംഗോ ഫോണ്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.  മമ്മൂട്ടി ഉള്‍പ്പെടെയുള്ള ചലച്ചിത്രതാരങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

പാര്‍ട്ടിയുടെ മുഖപത്രം സംഘടിപ്പിക്കുന്ന പരിപാടിയുടെ സ്പോണ്‍സറായി തങ്ങള്‍ക്കെതിരെ നിലവിലുള്ള കേസുകള്‍ അട്ടിമറിക്കുകയെന്നതാണ് അഗസ്റ്റിന്‍ സഹോദരങ്ങളുടെ ലക്ഷ്യമെന്നറിയുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച റിപ്പോര്‍ട്ടര്‍ ടിവി എംഡി എം.വി നികേഷ് കുമാര്‍, കൊല്ലം എം.എല്‍.എയും ചലച്ചിത്രതാരവുമായി മുകേഷ് എന്നിവരുമായി മാംഗോ ഫോണ്‍ ഉടമകള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഈ ബന്ധമുപയോഗിച്ച്  വെബസൈറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ എത്തിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് പിണറായിക്ക് മറ്റ് പരിപാടികളുണ്ടായിരുന്നതാനാല്‍ ആ ശ്രമം വിജയിച്ചില്ല. ഇതേത്തുടര്‍ന്നാണ് ദേശാഭിമാനിയുടെ കോഴിക്കോട്ടെ പുരസ്‌കാരദാന ചടങ്ങ് സ്‌പോണ്‍സര്‍ ചെയ്യാന്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ തീരുമാനിച്ചത്.

വയനാട് സ്വദേശികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷമാണ് മാംഗോ മൊബൈല്‍ ഫോണ്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പത്രങ്ങളുടെ ഒന്നാം പേജില്‍ പരസ്യവും നല്‍കി. എന്നാല്‍ ഉദ്ഘാടന ദിവസം വഞ്ചനാ കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ അറസ്റ്റിലാകുകയായിരുന്നു. ആപ്പിളിനെ വെല്ലുന്ന സ്മാര്‍ട്ട് ഫോണെന്ന നിലയില്‍ മലയാള മനോരമ വാര്‍ത്ത നല്‍കിയതും വിവാദമായി. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസില്‍ ഇവര്‍ മുപ്പത് ദിവസത്തോളം ജയിലിലാകുകയും ചെയ്തു.

ട്രക്ക് കമ്പനിയുടെ വിതരണക്കാരായിരുന്ന അഗസ്റ്റിന്‍ സഹോദരന്മാര്‍ ഈ കമ്പനി പൂട്ടിയതോടെയാണ് മൊബൈലിന്റെ പേരിലുള്ള തട്ടിപ്പുമായി രംഗത്തെത്തിയത്. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ എം ഫോണ്‍ എന്ന പേരില്‍ യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദേശാഭിമാനിയുടെ പുരസ്‌കാരദാന ചടങ്ങ് സ്‌പോണ്‍സര്‍ ചെയ്യാന്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.