നടിമാരെല്ലാം ആശങ്കയില്‍; രാത്രി ദീര്‍ഘയാത്ര ഒഴിവാക്കുന്നു

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്ന് നടിമാരും കുടുംബവും ആശങ്കയില്‍. രാത്രിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ് മറ്റ് സെറ്റുകളിലേക്കുള്ള ദീര്‍ഘയാത്ര ഒഴിവാക്കാന്‍ പല നടിമാരും തീരുമാനിച്ച് കഴിഞ്ഞു. ജോലി നഷ്ടപ്പെട്ടാലും റിസ്‌ക് എടുക്കാന്‍ ആരും തയ്യാറല്ല. 2004ല്‍ സിബിമലയിലിന്റെ അമൃതം എന്ന സിനിമ പാലക്കാട് ചിത്രീകരിച്ചപ്പോള്‍ അതിലെ ഒരു നടിക്ക് ഡ്രൈവറില്‍ നിന്ന് മോശം അനുഭവം ഉണ്ടായി. പാലക്കാടുള്ള ക്ഷേത്രത്തില്‍ നൃത്തം കാണാന്‍ പോയ നടി രാത്രി കാറില്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറി. തുടര്‍ന്ന് ബഹളം വെച്ച നടി വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി.

ലൊക്കേഷനുകളില്‍ ഡ്രൈവര്‍മാരില്‍ നിന്നോ യൂണിറ്റിലുള്ളവരില്‍ നിന്നോ എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോള്‍ പല സംവിധായകരോടും പരാതി പറഞ്ഞിട്ടുണ്ടെന്നും നടി സജിതാ മഠത്തില്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ പ്രശ്‌നം ഉണ്ടാക്കല്ലേ, നാണക്കേട് നിങ്ങള്‍ക്ക് തന്നെയാണെന്നാണ് പലരും മറുപടി നല്‍കിയിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. താന്‍ ഇനി രാത്രികാല അഭിനയത്തിനോ, യാത്രയ്‌ക്കോ ഇല്ലെന്നും താരം പറഞ്ഞു. പലപ്പോഴും രാത്രി ഒറ്റയ്ക്കാണ് സഞ്ചരിക്കാറുള്ളത്. എന്നാല്‍ കൊച്ചിയിലുണ്ടായ സംഭവത്തോടെ മനസില്‍ അരക്ഷിതാവസ്ഥയാണെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഫെഫ്കയുടെയോ, മാക്ടയുടെയോ യൂണിയനിലുള്ള ഡ്രൈവര്‍മാര്‍ ആരും ഇതുവരെ താരങ്ങളോട് മോശമായി പെരുമാറിയിട്ടില്ല. അങ്ങനെ പരാതികളും ലഭിച്ചിട്ടില്ല. ലൊക്കേഷനിലേക്ക് താരങ്ങളെ കൊണ്ടുപോകുന്നതിന് പകരം ഡ്രൈവര്‍മാരെ പോലും ഉപയോഗിക്കാറില്ല. യൂണിയനില്‍ മെമ്പര്‍ഷിപ്പ് ഉള്ളവരെ മാത്രമാണ് വയ്ക്കുന്നത്.