കുഞ്ചാക്കോബോബന്‍ @ 40

തിരുവനന്തപുരം: മലയാളസിനിമയിലെ റൊമാന്റിക് ഹീറോ കുഞ്ചാക്കോബോബന്‍ മധ്യവയസിലെത്തിയത് അധികമാരും അറിഞ്ഞില്ല. കഴിഞ്ഞ നവംബര്‍ രണ്ടിനായിരുന്നു പിറന്നാള്‍. എന്നാല്‍ അധികമാരെയും അറിയിച്ചില്ല. വീട്ടില്‍ ഭാര്യയുമൊത്ത് കേക്ക്മുറിക്കുകമാത്രമാണ് ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശംസകളറിയിക്കാന്‍ വിളിച്ചിരുന്നു. നാല്‍പ്പതിലും യുവാവായി നില്‍ക്കുന്നത് ചിട്ടയായ ജീവിത രീതികൊണ്ടാണ്. പതിവായി വ്യായാമം ചെയ്യും. മദ്യപാനമോ, പുകവലിയോ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗമില്ല. പാര്‍ട്ടികളിലൊന്നും അങ്ങനെ പങ്കെടുക്കാറില്ല. ഭക്ഷണം കഴിവും വീട്ടില്‍ നിന്നാണ് കഴിക്കുന്നത്. എവിടെ ഷൂട്ടിംഗിന് പോയാലും ഭാര്യ പ്രിയയെയും കൊണ്ടുപോകും.
1997ല്‍ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്. ഇക്കൊല്ലം ഇരുപത് വര്‍ഷമാവുകയാണ് സിനിമാ ജീവിതത്തിന്. ആലപ്പുഴ എസ്.ഡി കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അനിയത്തിപ്രാവില്‍ അഭിനയിച്ചത്. പുതിയ ചിത്രമായ രാമന്റെ ഏദന്‍ തോട്ടത്തിനായി കഴിഞ്ഞ ക്രിസ്മസ് മുതല്‍ പരിശീലനത്തിലാണ് താരം. 500 ഏക്കര്‍ തോട്ടമുള്ള ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിനായി മരംകയറല്‍ അടക്കമുള്ള പരിലീലനം ആലപ്പുഴയിലെ തറവാട്ട് വീട്ടില്‍ നടത്തുകയാണ്. ഇടത് തോളിലെ ലിഗമെന്റിന് പ്രശ്‌നം ഉള്ളതിനാല്‍ ഭാരം എടുക്കുന്നതിന് താരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ ചികില്‍സയിലൂടെ അത് ഒരുപരിധി വരെ പരിഹരിച്ചു. എന്നാലും അമിതഭാരം എടുക്കാനൊക്കില്ല.
രാമന്റെ ഏദന്‍തോട്ടത്തിനായി ഡയറ്റിംഗ് കര്‍ശനമാക്കണമെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ആവശ്യപ്പെട്ടു. ദിവസവും ജിമ്മില്‍ പോവുകയും മരത്തില്‍ കയറുകയും ചെയ്യുന്നതിന് പിന്നാലെ ഡയറ്റിംഗ് ബുദ്ധിമുട്ടാണെന്ന് താരം പറയുന്നു. എന്നാലും ഒരുപരിധി വരെ നോക്കാറുണ്ട്. വാഗമണ്ണിലാണ് ഷൂട്ട്, ഭാര്യ പ്രിയയും വരുന്നുണ്ട്. പ്രിയ നന്നായി ഭക്ഷണം പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യും. അതിനാല്‍ ലൊക്കേഷനിലെ ഡയറ്റിംഗ് തെറ്റുമോ എന്ന ആശങ്കയും താരം പങ്കുവെച്ചു.