സൂപ്പര്‍ താരങ്ങളുടെ സ്ത്രീവിരുദ്ധ സിനിമകള്‍ക്കെതിരെ പ്രതിഷേധം

 തിരുവനന്തപുരം: കൊച്ചിയില്‍ നടി ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രണത്തിന് ഇരയായതിന് പിന്നാലെ സൂപ്പര്‍ താരങ്ങളുടെ സ്ത്രീവിരുദ്ധ സിനിമകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വ്യാപക പ്രതിഷേധം. കഴിഞ്ഞ മുപ്പത് കൊല്ലമായി സൂപ്പര്‍താരങ്ങളും ചില സംവിധായകരും സിനിമകളിലൂടെ സൃഷ്ടിച്ചെടുത്ത സ്ത്രീവിരുദ്ധത യുവാക്കളെ പലരീതിയിലും വഴിതെറ്റിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവ് ആരോപിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ് എന്നിവരുടെ സിനിമകളിലെ സ്ത്രിവിരുദ്ധ സംഭാഷണങ്ങളും രംഗങ്ങളും ഒഴിവാക്കാന്‍ അവര്‍ തയ്യാറായില്ല. പകരം അത്തരം രംഗങ്ങളിലൂടെ കയ്യടി നേടാനും താര പദവി നിലനിര്‍ത്താനുമാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മമ്മൂട്ടിയുടെ കസബ എന്ന സിനിമയില്‍ ഐ.പി.എസുകാരിയുടെ ബല്‍റ്റില്‍ കയറിപ്പിടിക്കുന്നതും സഹപ്രവര്‍ത്തകനായ പൊലീസുകാരന്റെ ഭാര്യയോട് ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്നതും വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് വനിതാ കമ്മിഷന്‍ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.

രഞ്ജിപണിക്കര്‍, രഞ്ജിത്ത്, ഷാജികൈലാസ് എന്നിവരുടെ സിനിമകളിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും രംഗങ്ങളും ഉള്ളത്. കിംഗ് എന്ന സിനിമയില്‍ വനിതാ ഐ.എ.എസ് ഓഫീസറോട് മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രം പറയുന്നത് ‘ നീ വെറും പെണ്ണാണെന്നാണ്’. ഇവരുടെ സിനിമകളിലെല്ലാം ഐറ്റം ഡാന്‍സും ഉണ്ടാകും.

സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി. ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതിയാണെന്ന് ആഷിഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. തന്റെ സിനിമകളിലൊന്നും സ്ത്രീവിരുദ്ധതയില്ലെന്ന് സംവിധായകന്‍ സിബിമലയില്‍ വ്യക്തമാക്കി. അതേസമയം സിനിമ ഇന്‍ഡസ്ട്രിയില്‍ ക്രിമിനല്‍വല്‍ക്കരണം വ്യാപകമാകുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആരോപിച്ചു.