താരങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ ഫോണെടുക്കുന്നില്ല

 

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പലരും ഫോണുകള്‍ എടുക്കുന്നില്ല. ചിലരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. പരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ട് പോലും ഫോണെടുക്കുന്നില്ല.

സംഭവത്തെ കുറിച്ച് പ്രതികരിച്ച് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കണ്ടെന്ന് കരുതിയാണ് ഈ ഒളിച്ചോട്ടം. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെട്ടതോടെ കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമാ സംഘങ്ങളും ആശങ്കയിലാണ്. അതേസമയം നടിമാര്‍ ഉള്‍പ്പെടെ പലര്‍ക്കും പലകാര്യങ്ങളും തുറന്ന് പറയണമെന്നുണ്ടെങ്കിലും തങ്ങളെ ഒറ്റപ്പെടുത്തുമോ എന്ന ഭയത്തില്‍ മൗനം പാലിക്കുകയാണ്.

ദിലീപും കാവ്യാമാധവനും തമ്മിലുള്ള പ്രണയം മഞ്ജുവാര്യരോട് പറഞ്ഞതിന്റെ പേരിലാണ് ഭാവന മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. കരാര്‍ ചെയ്ത പല ചിത്രങ്ങളില്‍ നിന്നും ദിലീപ് ഇടപെട്ട് ഭാവനയെ ഒഴിവാക്കിയിരുന്നു. ഇക്കാര്യം പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. താര സംഘടനയായ അമ്മയില്‍ ഭവന പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

മോഹന്‍ലാല്‍ ഒഴികെ, അമ്മയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരെല്ലാം ദിലീപിന് വലിയ പിന്തുണയാണ് നല്‍കുന്നത്. അതോപോലെ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ജുവാര്യരെ നായികയാക്കാന്‍ മമ്മൂട്ടി ഉള്‍പ്പെടെ സമ്മതിച്ചില്ല. ഇക്കാര്യങ്ങളെല്ലാം അറിയാവുന്നത് കൊണ്ടാണ് പരസ്യപ്രതികരണത്തിന് ആരും തയ്യാറാകാത്തത്.