ശിക്ഷ വിധിച്ച മജിസ്ട്രേറ്റിനെ വധിക്കുമെന്ന് 17കാരന്റെ ഭീഷണി

തൊടുപുഴ: ജയില്‍ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിനെ വധിക്കുമെന്ന് നിരവധി മോഷണക്കേസുകളില്‍ അകപ്പെട്ട പതിനേഴുകാരന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഭീഷണി മുഴക്കി.

തൊടുപുഴ ജുവനൈല്‍ കോടതിയുടെ ചുമതല വഹിക്കുന്ന മുട്ടം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണിനെതിരെയാണ് വധഭീഷണി. തിരുവനന്തപുരത്ത് സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്‌പെഷല്‍ ഹോമില്‍ നിന്ന് ജയില്‍ വാര്‍ഡനെ അക്രമിച്ച് പുറത്തു ചാടിയ ശേഷം മോഷണം നടത്തുന്നതിനിടെ പിടിയിലായ പതിനേഴുകാരനെ എറണാകുളത്ത് ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. ജയില്‍ ചാടിയത് ഈ ഉദ്ദേശത്തോടെയാണെന്നും വെളിപ്പെടുത്തി.

ചുരുങ്ങിയ പ്രായത്തിനുള്ളില്‍ ഭവനഭേദനമടക്കം നിരവധി മോഷണങ്ങള്‍ നടത്തിയ പ്രതിയെ മുട്ടം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജോമോന്‍ ജോണ്‍ ഇയാളെ മൂന്നുവര്‍ഷത്തേക്ക് തിരുവനന്തപുരത്തെ സ്‌പെഷല്‍ ഹോമിലേയ്ക്ക് അയച്ചിരുന്നു. കാമാക്ഷി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവിന്റെ മകനാണ് 17 കാരന്‍.
അച്ഛനെ കടത്തിവെട്ടുന്ന മോഷ്ടാവായി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇയാള്‍ മാറുകയായിരുന്നു. പതിനൊന്നോളം കേസുകളില്‍ ശിക്ഷിക്കപ്പെട്ട ശേഷമാണ് ഇയാള്‍ തൊടുപുഴയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിയത്.
ജുവനൈല്‍ ഹോമില്‍ നിന്നു ജാമ്യത്തിലിറങ്ങിയും മോഷണം നടത്തിയിരുന്നു. കോടതി മുറിയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോഴും വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

40 ദിവസം മുന്‍പ് ഇയാള്‍ ജയില്‍ വാര്‍ഡനെ മുളകുപൊടി എറിഞ്ഞ് അക്രമിച്ചാണ് പുറത്തു ചാടിയത്. തുടര്‍ന്ന് തങ്കമണിയില്‍ എത്തി മോഷണം നടത്തി. പിടികൊടുക്കാതെ മുളന്തുരുത്തിയില്‍ ഭവനഭേദനവും മോഷണവും നടത്തി. ഇവിടെ വച്ച് മുളന്തുരുത്തി പൊലിസിന്റെ പിടിയിലാകുകയായിരുന്നു. ഇടുക്കി ജില്ലാ പൊലിസ് മേധാവിക്ക് വധഭീഷണിയുടെ വിവരം കൈമാറിയിട്ടുണ്ട്. നിലവില്‍ മജിസ്‌ട്രേറ്റ് ജോമോന്‍ ജോണിന് പൊലിസിന്റെ സംരക്ഷണമുണ്ട്.