വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരോട് ക്ഷമാപണം നടത്തിച്ച നടപടി വിവാദമാകുന്നു

കോഴിക്കോട്: അധ്യാപകനിന്ദയിലും അധ്യാപക സമൂഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥികളുടെ കടന്നുകയറ്റത്തിനെതിരെയും പ്രതിഷേധിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരോട് ക്ഷമാപണം നടത്തിച്ച വിദ്യാലയ അധികൃതരുടെ നടപടി വിവാദമാകുന്നു.
കോഴിക്കോട് വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജ് മള്‍ട്ടിമീഡിയ വിഭാഗം വിദ്യാര്‍ഥികളെക്കൊണ്ടാണ് ക്ഷമാപണക്കത്ത് എഴുതിച്ചത്.

”ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്, ഇത് ഞങ്ങളുടെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ എഴുതുന്ന ക്ഷമാപണക്കത്താണ്. അധ്യാപകനിന്ദയും അധ്യാപകസമൂഹത്തിനെതിരെ വിദ്യാര്‍ഥികളുടെ അനാവശ്യപ്രതിഷേധവും നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കത്ത് എഴുതുവാന്‍ ഞങ്ങള്‍ തയ്യാറാകുന്നത്. വിദ്യാലയങ്ങളില്‍ അധ്യാപകര്‍ നല്‍കുന്ന ശിക്ഷണവും മേല്‍നോട്ടവും വിദ്യാര്‍ഥികളുടെ അടിച്ചമര്‍ത്തലല്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. എല്ലാറ്റിനും ഹൃദയത്തില്‍ തൊട്ടൊരു മാപ്പ്.” എന്ന് പ്രിന്റ് ചെയ്ത കത്തില്‍ വിദ്യാര്‍ഥികള്‍ ഒപ്പിട്ട് നല്‍കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് അധ്യാപകരെ ഇതേ മാനേജ്‌മെന്റിന്റെ വിദ്യാലയത്തില്‍ നിന്ന് അടുത്തിടെ പുറത്താക്കിയിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ജെ ഡി ടി ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്. സ്‌കൂളിലുണ്ടായ സംഘര്‍ഷത്തെ ചോദ്യം ചെയ്യുന്നതിനിടെ നാല് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഇതേ വിദ്യാലയത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. ഇത്തവണ പക്ഷേ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയതോടെ മാനേജ്‌മെന്റ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ഇതിനെത്തുടര്‍ന്ന് കുറ്റസമ്മതം നടത്തി രണ്ട് അധ്യാപകര്‍ രാജിവെക്കുകയും ചെയ്തു.

ഈ സംഭവത്തിന് ഉത്തരവാദികള്‍ അധ്യാപകരായിരുന്നുവെങ്കിലും ഇപ്പോള്‍ ജെ ഡി ടിയിലെ മീഡിയ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരോട് മാപ്പുപറയിപ്പിച്ച് ഇതൊരു വ്യത്യസ്ത സമരമുറയാണെന്ന് പ്രഖ്യാപിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തിരിക്കുന്നത്.
അധ്യാപകനിന്ദയിലും അധ്യാപക സമൂഹത്തിനെതിരെ വര്‍ധിച്ച് വരുന്ന വിദ്യാര്‍ഥി കടന്നു കയറ്റത്തിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് വ്യത്യസ്തമായ സമരമുറയുമായി ജെ ഡി ടിയിലെ മീഡിയ വിദ്യാര്‍ഥികള്‍ മാതൃകയായി എന്നാണ് മാനേജ്‌മെന്റ് പ്രഖ്യാപിക്കുന്നത്.

കാമ്പസിനകത്തെ മുഴുവന്‍ അധ്യാപകര്‍ക്കുമായാണ് വിദ്യാര്‍ഥികളെക്കൊണ്ട് മാനേജ്‌മെന്റ് ക്ഷമാപണക്കത്ത് എഴുതിച്ചത്. കോളജിലെ പ്രധാന അധ്യാപകനായ കെ ആര്‍ രാജീവന് പ്രതീകാത്മകമായി കത്ത് നല്‍കിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അച്ചടക്കം അടിമത്തമാണെന്ന തെറ്റിദ്ധാരണയാണ് അധ്യാപകര്‍ക്കെതിരെ അനാവശ്യപ്രതിഷേധങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.
അമിതസ്വാതന്ത്ര്യം ലഭിക്കാതെ വരുമ്പോള്‍ അത് അടിമത്തമായും അധ്യാപകന്റെ പീഡനമായും ചിത്രീകരിക്കപ്പെടുന്നു. വിദ്യാലയങ്ങളില്‍ അധ്യാപക വിദ്യാര്‍ഥി സൗഹൃദയങ്ങള്‍ നിലനിര്‍ത്താനാണ് ഇത്തരം പരിപാടികള്‍ എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായും മാനേജ്‌മെന്റ് തന്നെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.