നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രതികള്‍ രക്ഷപ്പെട്ടത് പോലീസിന്റെ വീഴ്ച പി.ടി. തോമസ് എം.എല്‍.എ

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെയും കൈരളി ചാനലിനെയും കടന്നാക്രമിച്ച്  പി.ടി. തോമസ് എംഎല്‍എ. നടി ആക്രമിക്കപ്പെട്ട സംഭവം പോലീസിനെ അറിയിച്ചിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത് തന്റെ ഫോണില്‍ അവരെ വിളിക്കുമ്പോഴാണെന്ന് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി.ടി. കുറ്റപ്പെടുത്തി. സുപ്രധാനമായ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുടര്‍ന്ന് പോരുന്ന മൗനം വെടിഞ്ഞ് അദ്ദേഹം സംസാരിക്കാന്‍ തയാറാകണമെന്നും പി.ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് സോഷ്യല്‍ മീഡിയയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്നതിന് പിന്നാലെ കൈരളി ന്യൂസ് ചാനല്‍ നടിയെയും ഡ്രൈവറെയും ബന്ധപ്പെടുത്തി കഥ മെനഞ്ഞത് നിരുത്തരവാദപരമായ നടപടിയാണെന്നും ഇക്കാര്യത്തില്‍ ചാനലിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പി.ടി. ആവശ്യപ്പെട്ടു.

കൈരളിയിലെ വാര്‍ത്ത കണ്ടതിന് ശേഷം കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് പോലും നടി ആലോചിച്ചിരുന്നതായി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ സംവിധായകന്‍ ലാല്‍ പറഞ്ഞു. എറണാകുളം ജില്ല ക്വട്ടേഷന്‍ മാഫിയയുടെ നിയന്ത്രണത്തിലാണെന്ന കാര്യം നേരത്തെ തന്നെ സര്‍ക്കാരിനെയും നിയമസഭയേയും അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പേരിന് മാത്രം നടപടിയെടുത്ത് പിന്മാറുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും പി.ടി. തോമസ് പറയുന്നു.

സംഭവം നടന്ന ദിവസം രാത്രിയില്‍ പ്രതി കൊച്ചി നഗരത്തിലുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടും അയാളെ പിടിക്കാന്‍ കഴിഞ്ഞില്ല. രാത്രി 11 മണിക്ക് ഡിജിപിയെ ലാല്‍ വിളിച്ച് വിവരം അറിയിച്ചതാണ്. 12.30 വരെ ഐജിയും സിറ്റി പോലീസ് കമ്മീഷണറും സ്ഥലത്തെത്തിയില്ല. പ്രതി രക്ഷപ്പെട്ടത് എങ്ങനെയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ വിശദീകരിക്കണം. കേരളാ പോലീസിന്റെ മുന്‍പിലൂടെ പ്രതി സൈ്വര്യവിഹാരം നടത്തുകയാണെന്നും ഇത് പോലീസിന്റെ വീഴ്ച്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.