നിര്‍മാതാക്കള്‍ ഗുണ്ടകളെ ഡ്രൈവര്‍മാരാക്കുന്നത് ഫെഫ്കയുടെ എതിര്‍പ്പ് മറികടന്ന് 

അക്രമത്തിനിരയായ നടി സഞ്ചരിച്ച കാര്‍

തിരുവനന്തപുരം: ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ എതിര്‍പ്പ് മറികടന്നാണ് ചില നിര്‍മാതാക്കള്‍ ഗുണ്ടകളെയും ക്രിമിനലുകളെയും ഡ്രൈവര്‍മാരായി നിയമിക്കുന്നത്. ഫെഫ്കയും നിര്‍മാതാക്കളും തമ്മിലുള്ള കരാര്‍ പ്രകാരം മൂന്ന് ഡ്രൈവര്‍മാരെ നിര്‍മാതാവിന് വയ്ക്കാം.

എന്നാല്‍ അവരുടെ ഉത്തരവാദിത്വം നിര്‍മാതാക്കള്‍ക്കായിരിക്കും. പല നിര്‍മാതാക്കളും നിയമിച്ച ഡ്രൈവര്‍മാരില്‍ ഗുണ്ടകളും സാമൂഹ്യവിരുദ്ധരും ഉണ്ടെന്ന് ഫെഫ്ക കണ്ടെത്തിയിരുന്നു. ഇത് നിര്‍മാതാക്കളുമായി സംസാരിക്കുകയും ഇരുകൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അതിന് ശേഷവും ഗുണ്ടകളായ ഡ്രൈവര്‍മാരെ മാറ്റിയിരുന്നില്ല.

നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിന്ന് ആക്രമണത്തിനിരയായ യുവനടിയെ വിളിക്കാന്‍ പോയ ഡ്രൈവര്‍ മാര്‍ട്ടിന് ഗുണ്ടാ പശ്ചാത്തലം ഉണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അത് വിശ്വസനീയമല്ല. പ്രൊഡക്ഷനിലെയും മറ്റ് ബിസിനസിലെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഇവരെ പോലെയുള്ളവര്‍ ഗുണ്ടകളെ ഡ്രൈവര്‍മാരായും മാനേജര്‍മാരായും നിയമിക്കുന്നത്.

മുമ്പ് നിര്‍മാതാവ് സുരേഷ് കുമാറിന്റെ ഭാര്യയും നടിയുമായ മേനകയെ പള്‍സര്‍ സുനി ഹോട്ടലിലെത്തിക്കുന്നതിന് പകരം മറ്റ് പല സ്ഥലങ്ങളിലൂടെ കൊണ്ടു പോയിരുന്നു. സംഭവത്തില്‍ താന്‍ കേസ് കൊടുത്തെങ്കിലും തുടര്‍നടപടി ഉണ്ടായില്ലെന്ന് സുരേഷ്‌കുമാര്‍ പറയുന്നത് വിശ്വസനീയമല്ലെന്നാണ് സിനിമയിലുള്ള ചിലര്‍ പറയുന്നത്.

കാരണം കേസ് കൃത്യമായി ഫോളോപ്പ് ചെയ്തിരുന്നെങ്കില്‍ സുരേഷ് കുമാറിനെ പോലൊരാള്‍ വിചാരിച്ചാല്‍ അന്ന് പ്രതിയെ പിടികൂടാമായിരുന്നു. പള്‍സര്‍ സുനിയെ ഉപയോഗിക്കുന്ന ചില നിര്‍മാതാക്കളുടെ താല്‍പര്യത്തിന് വഴങ്ങിയാണ് കേസില്‍ തുടര്‍ നടപടികള്‍ക്ക് പോകാത്തതെന്നും ഇവര്‍ ആരോപിക്കുന്നു.