ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യവേ തടവുകാരന്‍ ഷോക്കേറ്റ് വീണു

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ അഴിഞ്ഞാട്ടവും ഉദ്യോഗസ്ഥരുടെ പിടിപ്പു കേടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുമ്പാകെ തടവുകാരന്‍ തുറന്നെഴുതി. ലഹരിയുടെ തലസ്ഥാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറിക്കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സെഷന്‍സ്  ജഡ്ജ് സാക്ഷ്യപ്പെടുത്തി അയച്ച കത്തിലുള്ളത്. കഞ്ചാവും ലഹരി മരുന്നു ഗുളികകളും ജയിലിനുള്ളില്‍ യഥേഷ്ടം ലഭിക്കും. ജയിലില്‍ 600-ഓളം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ നിരോധനം നിലനില്‍ക്കേയാണ് ഇത്രയും അനധികൃത ഉപയോഗം ഏഴളാം ബ്ലോക്കില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു തടവുകാരന്‍ ഷോക്കേറ്റ് തെറിച്ചു വീണു. കുറെ നേരത്തേയ്ക്ക് ആരും അറിഞ്ഞില്ല. കോടതിയെ വിവരം ധരിപ്പിച്ച ശേഷം സ്വിച്ച് ബോര്‍ഡ് പുറം വരാന്തയിലേക്ക് മാറ്റി സ്ഥാപിച്ചു. രാത്രി 9 മണിക്കാണ് ടി.വി. ഓഫ് ചെയ്യേണ്ടത.് പക്ഷേ പലരും പുലരുവോളം പരിധിയില്ലാതെ ഉപയോഗിക്കുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥ.

ഒരു പൊതി ബീഡി പുറമെ നിന്ന് എത്തിച്ചു കൊടുക്കുന്ന ആള്‍ക്ക് 100 രൂപയാണ് പ്രതിഫലം. വീണ്ടും ഒരാള്‍ക്ക് കൂടി മറിച്ചു വില്‍ക്കുമ്പോള്‍ ഇരട്ടിയാകും. 20 കെട്ട് വീതമുള്ള 2 ബണ്ടിലുകളാണ് കടത്തുന്നത്. ഇതിനു സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ദിവസവും 4000 രൂപ ലഭിക്കാവുന്ന ബിസിനസ് ആയി മാറിക്കഴിഞ്ഞു. ഇറച്ചി, മീന്‍ തുടങ്ങിയവ ജയിലില്‍ എത്തിക്കുന്നതിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് ഒരു തടവുകാരനാണ്. ഇയാള്‍ ആവശ്യപ്പെടുന്ന പാന്‍മസാലകളും ലഹരി വസ്തുക്കളും നല്‍കേണ്ടി വരുന്നു. പുറത്തു ലഭിക്കുന്നതിനേക്കാള്‍ ആംപ്യൂള്‍, കഞ്ചാവ് ബീഡി എന്നിവയൊക്കെ അകത്ത് സുലഭമാണ്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനും വിവരങ്ങള്‍ കൈമാറിയെന്ന് തടവുകാരന്‍ എഴുത്തില്‍ അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് പ്രതിപക്ഷനേതാവിന്റെ ഫേസ്ബുക്ക് പോസിറ്റിന്റെ പൂര്‍ണ്ണരൂപം.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒരു തടവുകാരന്‍ അയച്ച കത്ത് കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ചു. പേര് പുറത്തു പറയരുത് എന്ന ആമുൂഖത്തോടെയാണ് ജയിലില്‍ നടക്കുന്ന അധികാര ദുര്‍വിനിയോഗം. ചട്ടവിരുദ്ധ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് വിശദമായ കുറിപ്പ് എഴുതിയിരിക്കുന്നത്. ലഹരിയുടെ തലസ്ഥാനമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറിക്കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സെഷന്‍സ് ജഡ്ജി സാക്ഷ്യപ്പെടുത്തി അയച്ച കത്തിലുള്ളത്. രാത്രിയായാല്‍ ഡാന്‍സ് ബാറിന്റെ അന്തരീക്ഷമാണ് പൊതുവായി ഉപയോഗിക്കുന്ന മുറിയില്‍ കഞ്ചാവിന്റെയും ബീഡിയുടെയും പുക നിറഞ്ഞു നില്‍ക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ നിന്ന് ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതിനും എതിരായി ചെറിയ ശബ്ദം പോലും ഉയരില്ല. കണ്ണൂര്‍ ജയിലിനെ ലഹരിയുടെ ഷോപ്പിംഗ് മാള്‍ എന്നാണ് കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു പ്രധാന നേതാവിന്റെ ഫോട്ടോ തലക്കല്‍ ഭാഗത്ത് ഒട്ടിച്ചു വെച്ചാണ് ഈ അനധികൃത കച്ചവടം. ജയിലിനുള്ളിലേക്കുള്ള പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ ഡോക്ടര്‍ പരിശോധിക്കണം എന്നാണ് ചട്ടം. പക്ഷെ ഒരു തടവുകാരന്‍ ആണ് പരിശോധിക്കുന്നത്.

ചീഞ്ഞതല്ല എന്ന് അയാള്‍ക്ക് ബോധ്യപ്പെടാന്‍ അയാള്‍ പറയുന്ന അളവില്‍ പാന്‍മസാലകള്‍ എത്തിച്ചു കൊടുക്കണം. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടപടിക്രമങ്ങള്‍ കീഴ്‌മേല്‍ മറിയുകയും അച്ചടക്ക ലംഘനം നിരന്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ തടവുകാരന്റെ കത്ത്. രാഷ്ട്രീയ മുഖം നോക്കാതെ ശക്തമായ നടപടിയാണ് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.