മലയാള സിനിമയെ കീഴടക്കിയത് ബോളിവുഡിനെ വെല്ലുന്ന അധോലോകം

 

ബോംബെ അധോലോകം ഒരുകാലത്ത് കീഴടക്കിയ ബോളിവുഡ്ഡിനെ വെല്ലുന്ന മാഫിയ ഇടപെടലാണ് മലയാള സിനിമയുടെ പിന്നാമ്പുറത്തെന്നത് പരസ്യമായ രഹസ്യം. റിയല്‍ എസ്റ്റേറ്റ്, മയക്കുമരുന്ന്, സ്വര്‍ണക്കടത്ത്, വിദേശ മദ്യം, പഞ്ചനക്ഷത്ര വ്യഭിചാരം തുടങ്ങിയവയുടെ മൊത്തക്കച്ചവടക്കാരും ഉപഭോക്താക്കളുമായി മലയാള സിനിമയിലെ പ്രമുഖര്‍ മാറിയതോടെയാണ് ഇതിന്റെ ഇടനിലക്കാരും സംരക്ഷകരുമായി ഗുണ്ടാ-അധോലോക മാഫിയ ശക്തിപ്രാപിച്ചത്. ഇവര്‍ക്ക് ഭരണത്തിലെയും നീതിന്യായ സംവിധാനത്തിലെയും ചില പ്രമുഖരുടെ പിന്തുണയും കൂടിയായതോടെ ആരുടെ നേര്‍ക്കും എന്തും ചെയ്യാമെന്ന നിലവന്നു.

കൊച്ചി കേന്ദ്രമാക്കി മലയാള സിനിമ വളര്‍ന്ന് പന്തലിച്ചതോടൊപ്പം മാഫിയാ അധോലോക ഗുണ്ടാബന്ധങ്ങളും സിനിമയുമായി ബന്ധപ്പെട്ട് തഴച്ചുവളര്‍ന്നതിന്റെ ശക്തമായ തെളിവാണ് പ്രശസ്ത നടിയ്‌ക്കെതിരെയുള്ള ആക്രമണത്തോടെ പുറത്തായിരിക്കുന്നത്. നടിക്കെതിരെ ആക്രമണമുണ്ടായതോടെ സാമൂഹികമാധ്യമങ്ങളിലടക്കം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയും ആക്രമണത്തിനെതിരെയും പതിനായിരക്കണക്കിന് പ്രതികരണങ്ങളാണുണ്ടായി. എന്നാല്‍ നടിക്ക് നേരെയുണ്ടായ ആക്രമണം സിനിമാരംഗത്തെ തന്നെ ആശാസ്യകരമല്ലാത്ത ഇടപാടുകളില്‍ നിന്നുണ്ടായതാണെന്ന് വ്യക്തമായതോടെ പ്രതികരണങ്ങളുടെയെല്ലാം മൂര്‍ച്ഛ കുറഞ്ഞു. നടിയ്‌ക്കെതിരെ ഉള്ള ആക്രമണം മലയാള സിനിമയിലെ പ്രമുഖരില്‍ ചിലര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നതിനാല്‍ പൊലീസ് അന്വേഷണം പോലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. സിനിമാരംഗത്തെ ഉന്നതരുടെ ഇടപെടല്‍ മൂലം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകാത്തതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ആദ്യകാലത്ത് മദ്രാസും പിന്നീട് തിരുവനന്തപുരവും ഇടക്കാലത്ത് കോഴിക്കോടുമായി വളര്‍ന്നുവികസിച്ച മലയാള സിനിമാരംഗം കഴിഞ്ഞ പതിറ്റാണ്ടിലാണ് കൊച്ചിയില്‍ സജീവമായത്. ഇപ്പോള്‍ മലയാള സിനിമയുടെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും കൊച്ചിയിലായി. കൊച്ചി കേന്ദ്രമാക്കി അനേകം സംവിധായകരും നടീനടന്മാരും സാങ്കേതികപ്രവര്‍ത്തകരും എഴുത്തുകാരും എഡിറ്റിംഗ്-ഡബ്ബിംഗ് സ്റ്റുഡിയോകളും പരസ്യപ്രചരണ സ്ഥാപനങ്ങളും വിതരണ കേന്ദ്രങ്ങളും ഉണ്ടായതോടെയാണ് മലയാള സിനിമ കൊച്ചിയില്‍ തളച്ചിടപ്പെട്ടു.

മൂന്നോനാലോ താരരാജാക്കന്മാര്‍ സമ്പൂര്‍ണ നിയന്ത്രണം കയ്യാളുന്ന സിനിമയുടെ പിന്നാമ്പുറങ്ങളില്‍ കേട്ടാലറയ്ക്കുന്ന സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും പണവും സ്വാധീനവും കുത്തിയൊഴുകുന്ന ഈ മേഖലയിലേക്ക് കൈവയ്ക്കാന്‍ ഭരണകൂടവും നിയമസംവിധാനങ്ങളും അറച്ചുനില്‍ക്കുകയായിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അവരുടെ ബന്ധുക്കളും ഇടപെടുന്ന സിനിമാ മേഖലയില്‍ നീതിയും ന്യായവും മര്യാദയും വേറൊരു തരത്തില്‍ തന്നെയായി.

കൊച്ചിയിലെ ഭൂമാഫിയയുമായും വ്യാപാരവ്യവസായ സംരംഭങ്ങളിലും സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും നേരിട്ടിറങ്ങിയതോടെയാണ് ഗുണ്ടാമാഫിയ അധോലോക ബന്ധങ്ങളും തഴച്ചുവളര്‍ന്നത്. ഓരോ താരങ്ങളും തങ്ങളുടെ സാമ്രാജ്യങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ തങ്ങളുടേതായ ഗ്യാങ്ങുകളെ വളര്‍ത്തിയെടുക്കുകയും അവര്‍ മുന്‍പിന്‍ നോക്കാതെ വിളയാടുകയും ചെയ്യുന്നതിന്റെ സാമാന്യേന ലളിതമായ ഒരു സംഭവമാണ് നടിക്ക് നേരെയുണ്ടായ ആക്രമണം. കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഫ്‌ലാറ്റുകള്‍, വില്ലകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയവയൊക്കെ പൊന്നും വിലകൊടുത്ത് മലയാള സിനിമയിലെ താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവയൊക്കെ നോക്കിനടത്താനാണ് എന്തിനും പോന്ന ആളുകളെ കൂടെക്കൂട്ടിയിരിക്കുന്നതും. കൊച്ചിക്ക് സമീപത്ത് മാത്രമല്ല ഇടുക്കി ജില്ലയില്‍ മൂന്നാറും വാഗമണ്ണും അടക്കമുള്ള കേന്ദ്രങ്ങളിലും തൃശൂര്‍ ജില്ലയിലും കോട്ടയം ജില്ലയുടെ കായലോരങ്ങളിലും മലയാള സിനിമക്കാര്‍ വന്‍തോതില്‍ മുടക്കുമുതല്‍ നടത്തിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലും റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ സംരംഭങ്ങളില്‍ മലയാളസിനിമക്കാര്‍ ശക്തമായ സാന്നിദ്ധ്യമാണ്.

കഴിവും പ്രതിഭയുമുള്ള പുതിയ ആളുകള്‍ ഈ രംഗത്തേയ്ക്ക് കാലുകുത്താതെ നോക്കുന്നതിനും മലയാളസിനിമയുടെ തമ്പുരാക്കന്മാര്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങള്‍ അമര്‍ത്താനും എന്തിനും പോന്ന ആളുകള്‍ ഇവര്‍ക്കാവശ്യമാണ്.