മൊബൈല്‍ വെള്ളത്തിലെറിഞ്ഞെന്ന് പള്‍സര്‍ സുനി

നടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്ന് പൊലീസ് പിടിയിലായ പള്‍സര്‍ സുനി. രക്ഷപെടുന്നതിനിടെ ഫോണ്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചു. യാത്രയ്ക്കിടെ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചിരുന്നെന്നു ആദ്യം നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാവിലെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്തത്.
അതേസമയം, ബ്ലാക്ക്‌മെയില്‍ കെണിയില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റു നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ സുനി പകര്‍ത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനിയുടെ മൊഴി. എന്നാല്‍ ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതേസമയം, സുനിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു തെളിവെടുപ്പ്. പുലര്‍ച്ചെ നടത്തിയ തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. കോടതി പരിസരത്തും നടിയെ ഇറക്കിവിട്ട സ്ഥലത്തും പരിശോധന നടത്തി.
ഇന്നലെയാണ് കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും വിജീഷിനെയും പൊലീസ് അറസ്റ്റു ചെയ്തത്. കോടതി മുറിയില്‍നിന്നു ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. പ്രതികള്‍ ബൈക്കില്‍ കോടതി സമുച്ചയത്തിനുപിന്നിലുള്ള ക്ഷേത്രത്തിനു സമീപമെത്തി മതില്‍ചാടിക്കടന്നു കോടതിമുറിക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനു കോടതി പിരിഞ്ഞ സമയമായതിനാല്‍ പ്രതികള്‍ക്കു കീഴടങ്ങാനായില്ല. ഈ അവസരം പ്രയോജനപ്പെടുത്തി സെന്‍ട്രല്‍ സിഐ എ. അനന്തലാലും സംഘവും ഇരുവരെയും അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും