മാര്‍ട്ടിനെ പിടികൂടിയത് താനെന്ന് ലാല്‍: നടി എത്തിയത് ഷൂട്ടിംഗിനല്ല, രമ്യ നമ്പീശന്റെ വീട്ടിലേക്ക്

നടിയെ ആക്രമിച്ച സംഭവത്തില്‍ ഡൈവര്‍ മാര്‍ട്ടിനെ പിന്തുടര്‍ന്ന് പിടിച്ചത് താനാണെന്ന് നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍. ആക്രമിക്കപ്പെട്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് മാര്‍ട്ടിന്‍ രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ സംശയം തോന്നിയാണ് മാര്‍ട്ടിനെ വിടരുതെന്ന് കൂടെയുള്ളവരോട് പറഞ്ഞത്. മാര്‍ട്ടിനും ഈ സംഘത്തില്‍പ്പെട്ടയാളാകാമെന്ന് ദൈവമാണ് തന്നെ കൊണ്ട് തോന്നിച്ചത്.

തന്നെ സഹായിച്ച നിര്‍മാതാവും സംവിധായകനുമായ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതില്‍ വിഷമമുണ്ടെന്നും ലാല്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ദിവസം സഹായത്തിനായാണ് ആന്റോയെ വിളിച്ചത്. പക്ഷെ എല്ലാവരും ചേര്‍ന്ന് ആന്റോയെ ക്രൂശിക്കുകയായിരുന്നു. പ്രതിയെ പെട്ടെന്ന് പിടികൂടാനായത് മഹാകാര്യമാണ്. കേരള പൊലീസിന് അഭിനന്ദനം. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ഊഹാപോഹങ്ങളില്‍ ലാല്‍ അതൃപ്തി രേഖപ്പെടുത്തി. ഊഹാപോഹങ്ങള്‍ ഒരുപാടുപേരെ മാനസികമായി ബാധിച്ചെന്ന് ലാല്‍ പറഞ്ഞു. പേര് വലിച്ചിഴച്ചിതില്‍ നടന്‍ ദിലീപിന് അതീയായ വിഷമമുണ്ട്. ദിലീപിനെ ആരും ചോദ്യം ചെയ്തിട്ടില്ല. ലാലിനെ ചോദ്യം ചെയ്താല്‍ എല്ലാം അറിയാമെന്ന് ചിലര്‍ പറഞ്ഞതില്‍ വിഷമമുണ്ട്.

ഒരു നടിയാണ് ക്വട്ടേഷനു പിന്നിലെന്ന് പ്രതികള്‍ ആക്രമണത്തിനിരയായ നടിയോട് പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ ലാല്‍. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല. ചിലപ്പോള്‍ വെറുതെ പറഞ്ഞതായിരിക്കാമെന്നും ലാല്‍ പറഞ്ഞു-

സംഭവം നടക്കുന്നതിന്റെ തലേദിവസം ഞങ്ങളുടെ പടത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന അനൂപിനെ വിളിച്ച് നടി രമ്യാ നമ്പീശന്റെ വീട്ടില്‍ പോകാന്‍ വണ്ടി ഏര്‍പ്പാടാക്കി തരുമോയെന്ന് നടി ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വണ്ടി ഏര്‍പ്പാടാക്കിയത്. ഷൂട്ടിങ്ങിനു വേണ്ടിയല്ല നടിയെത്തിയത്. നടിയെ ഒറ്റയ്ക്ക് അയച്ചശേഷം വിളിച്ചന്വേഷിച്ചില്ലായെന്ന ആരോപണം തെറ്റാണ്. എവിടെയെത്തിയെന്ന് ഇടയ്ക്കിടെ വിളിച്ച് അന്വേഷിച്ചിരുന്നു. രമ്യ നമ്പീശന്റെ വീട്ടിലാണെന്ന് കരുതിയാണ് പിന്നെ വിളിക്കാതിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നടി വീട്ടിലെത്തി ആക്രമിക്കപ്പെട്ട വിവരം പറഞ്ഞപ്പോള്‍ത്തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചു വിവരം പറഞ്ഞു. പിന്നാലെ തന്നെ പൊലീസുകാര്‍ വീട്ടിലെത്തി. അന്വേഷണം തുടങ്ങുന്നതിനായുള്ള എല്ലാ തയാറെടുപ്പുകളും അവര്‍ നടത്തി.

ഏതു സൈറ്റിലാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം. കഞ്ചാവ് അടിച്ച് സിനിമയുണ്ടാക്കിയാല്‍ വിജയിക്കില്ല. ന്യൂജനറേഷന്‍ സിനിമയെന്നു പറഞ്ഞ് കളിയാക്കുന്നത് ചിലയാളുകളുടെ നിരാശമൂലമാണ്. ഇത്തരം സിനികള്‍ വിജയിക്കുന്നതു കാണുമ്പോള്‍ ചിലര്‍ക്ക് നിരാശയുണ്ടാകും.

പുറത്തുനിന്നു വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സുനി. സെറ്റിലെത്തി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സുനി നല്ലവനെന്ന പേര് നേടിയിരുന്നു. ഗോവയിലും ഷൂട്ടിങ്ങിന്റെ ഭാഗമായി സുനിയുണ്ടായിരുന്നു. മിടുക്കനെന്നും നല്ലവനെന്നുമുള്ള പേര് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അയാള്‍ സമ്പാദിച്ചിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കുകയും കൃത്യമായി ജോലി ചെയ്യുകയും ചെയ്യുന്ന ആളായിരുന്നു സുനി.