ലക്ഷ്മിനായരുടെ ഭാവിമരുമകളുടെ ഇന്റേണല്‍ മാര്‍ക്ക് റദ്ദാക്കിയേക്കും

ലോ അക്കാമദി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ മകന്റെ പ്രതിശ്രുത വധു അനുരാധ പി. നായരുടെ ഇന്റേണല്‍ മാര്‍ക്ക് സര്‍വ്വകലാശാല റദ്ദാക്കിയേക്കും. സര്‍വ്വകലാശാല സ്റ്റാന്‍ഡിംഗ് കമ്മിറ്റി നടത്തിയ ഹിയറിങ്ങിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് റദ്ദാക്കാന്‍ സര്‍വ്വകലാശാലയ്ക്ക് ശുപാര്‍ശ നല്‍കുമെന്നാണ് വിവരം. ഭാവി മരുമകള്‍ക്ക് 20-ല്‍ 19 ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത് ക്രമവിരുദ്ധമാണെന്നും ഉപസമിതി പരിശോധനയില്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ ഹാജര്‍, സെമിനാര്‍, അസൈന്‍മെന്റ്, ക്ലാസ് പരീക്ഷ എന്നീ ഘടകങ്ങള്‍ തുല്യമായി പരിഗണിച്ചാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഈ ഘടകങ്ങള്‍ പരിഗണിക്കാതെ മിനിമം ഹാജര്‍ പോലും ഇല്ലാതെയാണ് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയത്. 88 പ്രവൃത്തി ദിനങ്ങളില്‍ 27 ദിവസത്തെ ഹാജര്‍ ഇളവ് അനുവദിച്ചാണ് അനുരാധയ്ക്ക് പരീക്ഷയ്ക്ക് അവസരം നല്‍കിയത്.
കോളേജിന് ഇളവ് അനുവദിക്കാന്‍ പാടില്ലാത്ത പരിധിയിലായിരുന്നു അനുരാധയുടെ ഹാജര്‍. ഏതാനും കുട്ടികള്‍ക്കു കൂടി വഴിവിട്ട രീതിയില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതായും ഉപസമിതി കണ്ടെത്തി. ഇതിന്റെ നിജസ്ഥിതി അറിയുന്നതിന് ഈ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി ഉപസമിതി വീണ്ടും ഹിയറിംഗ് നടത്തും. അനുരാധ ഹിയറിംഗിന് എത്തിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ എത്താന്‍ കഴിയില്ലെന്നു കാട്ടി ലക്ഷ്മി നായര്‍ കമ്മിറ്റിക്ക് കത്തു നല്‍കിയിരുന്നു. മൂട്ട് കോര്‍ട്ട്, നാഷണല്‍ സര്‍വീസ് സ്‌കീം അടക്കമുള്ള പഠനേതര പ്രവര്‍ത്തനങ്ങളില്‍ മികവു കാട്ടുന്നവര്‍ക്ക് ഇത്തരത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കാറുണ്ടെന്ന് കത്തില്‍ ലക്ഷ്മിനായര്‍ സമ്മതിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ അക്കാദികേതര പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ പരിഗണിച്ചാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഉപസമിതി ഈ വാദം തള്ളികളഞ്ഞു. കൂടുതല്‍ ഇന്റേണല്‍ മാര്‍ക്ക് ലഭിച്ച മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നു കൂടി തെളിവെടുപ്പ് നടത്തിയ ശേഷമാവും സിന്‍ഡിക്കേറ്റിന് ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.