ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കല്‍: നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി തിരികെ പിടിക്കുന്നതിന്റെ ഭാഗമായി റവന്യുവകുപ്പ് തയ്യാറാക്കി രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന് നല്‍കിയ ഫയലിന്മേല്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി റവന്യുവകുപ്പ് രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന് ഫയല്‍ കൈമാറിയിരുന്നു.

എന്നാല്‍ വിവാദ വിഷയമായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കാണാതെ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് മന്ത്രി ജി. സുധാകരന്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. ഇതിന്മേലാണ് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 1984-ല്‍ ഭൂമി പതിച്ചു കിട്ടിയ ശേഷം സര്‍ക്കാര്‍ പ്രതിനിധികളെ ഭരണ നേതൃത്വത്തില്‍ നിന്നു ലോ അക്കാദമി ഒഴിവാക്കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇക്കാര്യത്തില്‍ ജില്ലാ രജിസ്ട്രാറെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇതിനു നിര്‍ദ്ദേശം നല്‍കണമെന്നാണ് രണ്ടാഴ്ച മുമ്പ് റവന്യുമന്ത്രി, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടത.് എന്നാല്‍ മുഖ്യമന്ത്രി കാണാതെ അയച്ച ഫയലായതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു സുധാകരന്റെ നടപടി.

വിവാദ വിഷയമായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു മാത്രമേ ഫയല്‍ അയക്കാവൂ എന്നു രേഖപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. ഭൂമി തിരിച്ചെടുക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും അക്കാര്യത്തിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.

അക്കാദമി കയ്യേറിയ ഭൂമി തിരികെ പിടിക്കുന്നതിന്റെ ഭാഗമായി പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ഗേറ്റും, മതിലും റവന്യുവകുപ്പ് പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ മതില്‍ തങ്ങളല്ല നിര്‍മ്മിച്ചതെന്നും അത് പൊളിച്ചു നീക്കിയതിന്റെ പണം അവരില്‍ നിന്ന് ഈടാക്കണമെന്നുമായിരുന്നു അക്കാദമി മാനേജ്‌മെന്റിന്റെ നിലപാട്. കൂടാതെ അക്കാദമി അനധികൃതമായി സ്ഥാപിച്ച സഹകരണ ബാങ്ക് കെട്ടിടം പൊളിക്കണമെന്ന് റവന്യു വകുപ്പ് ആവശ്യപ്പെട്ടിട്ടും ഇത് ചൂണ്ടിക്കാട്ടി ഇതുവരെ ഔദ്യോഗികമായി കത്ത് പോലും അക്കാദമിക്ക് റവന്യു വകുപ്പ് നല്‍കിയിട്ടില്ല.