പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം: പള്ളി വികാരി റോബിന്‍ വടക്കുംചേരി കുറ്റം സമ്മതിച്ചു

പീഡനവിവരം പുറത്തറിയാതിരിക്കാന്‍ വന്‍ ഗൂഢാലോചന നടന്നു 

കുട്ടിയുടെ കുടുംബത്തിന് ഒരുകോടി രൂപ വാഗ്ദാനം ചെയ്തു 

പത്ത് ലക്ഷം രൂപ കൈമാറിയതായി അറിയുന്നു 

 

കൊട്ടിയൂരില്‍ പീഡനത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ കൊട്ടിയൂര്‍ നീണ്ടു നോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജരുമായ ഫാ. റോബിന്‍ വടക്കുംചേരി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സി.ഐ. എന്‍. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് റോബിന്‍ കുറ്റം സമ്മതിച്ചത്.

തുടര്‍ന്ന് വൈദികനെ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പീഡിപ്പിച്ച മുറിയിലും മറ്റും തെളിവെടുപ്പ് നടത്തി.ത്. നാട്ടുകാരെയോ ഇടവകക്കാരെയോ പള്ളി പരിസരത്തേക്ക് കടക്കാന്‍ പൊലീസ് അനുവദിച്ചില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കി വച്ച സഭയുടെ നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിക്കെതിരെയും വൈദികനെ രക്ഷപ്പെടാന്‍ അവസരം ഒരുക്കികൊടുത്ത ആളുകള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വിദ്യാര്‍ഥി പ്രസവിച്ചതറിഞ്ഞ് ചാലക്കുടിയിലേക്ക് പോയ ഇയാള്‍ കാനഡയിലേക്ക് മുങ്ങാന്‍ പോകുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് പിടിയിലാകുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ റോബിന്‍ രക്ഷപ്പെടുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ നിന്നു സഹായമൊരുക്കിയ ചില ഉന്നതരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ വൈദികന്റെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പല പെണ്‍കുട്ടികളേയും ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് അയച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തും. പെണ്‍കുട്ടികളെ ചൂഷണത്തിന് വിധേയമാക്കിയോ എന്നാകും പ്രധാനമായും അന്വേഷിക്കുക.
നിരവധി തവണ പള്ളിയില്‍ വെച്ച് വൈദികന്‍ പീഡിപ്പിച്ചതായി കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ വീട്ടുകാരെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ വൈദികന്‍ ശ്രമം നടത്തിയിരുന്നുവെന്നും വന്‍ തുക വീട്ടുകാര്‍ക്ക് നല്‍കിയതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ പീഡന വിവരം മറച്ചുവെയ്ക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. പീഡനത്തിനിരയായ കുട്ടിയുടെ വീട്ടുകാര്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തു. അതില്‍ പത്ത് ലക്ഷം രൂപ കൈമാറിയതായും അറിയുന്നു.

വൈദികന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരില്‍ ചിലര്‍ രഹസ്യമായി ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്.

മറ്റൊരു രോഗത്തിന് കുട്ടിയെ സര്‍ജറിക്ക് വിധേയമാക്കി എന്നാണ് ബന്ധുക്കളും അയല്‍ക്കാരോടും വീട്ടുകാര്‍ പറഞ്ഞത് നവജാത ശിശുവിനെ സഭയുടെ കീഴിലുള്ള വയനാട് വൈത്തിരിയിലെ ഒരു അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും കണ്ണൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അനാഥമന്ദിരത്തിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതിനിടെ കൊട്ടിയൂര്‍ നീണ്ടു നോക്കി ഐ.ജെ.എം സ്‌കൂളിന്റെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് അക്രമമുണ്ടായത്. സ്‌കൂളിന്റെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ അധികൃതര്‍ പരാതി നല്‍കിയിട്ടില്ല. പീഡിപ്പിച്ച വൈദികനാണ് ഈ സ്‌കൂളിന്റെ മാനേജര്‍.
പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കി വെച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതരാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.

കഴിഞ്ഞ ഏഴിന് രാവിലെ വയറുവേദനയുമായാണ് പെണ്‍കുട്ടി ആദ്യമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയതെന്നും ഡ്യൂട്ടി ഡോക്ടര്‍ പരിശോധനയിലൂടെയാണ് പ്രസവ വേദനയാണെന്ന് മനസ്സിലായതെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും പെണ്‍കുട്ടി സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയാണ് കൂടെ ഉണ്ടായിരുന്നത്. പിന്നാലെ പിതാവും എത്തി.

പ്രസവം നടന്ന് രണ്ടാംദിവസം അവര്‍ ഡിസ്ചാര്‍ജ്ജ് വാങ്ങി. പെണ്‍കുട്ടി ഡിസ്ചാര്‍ജ്ജായി പോകുന്നതിനു മുമ്പേ കുഞ്ഞിനെ കൊണ്ടു പോയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ അഡ്മിറ്റ് ആക്കുന്നതില്‍ തുടങ്ങി ഡിസ്ചാര്‍ജജ് ചെയ്ത് പോകുന്നതുവരെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുത്തതും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ ആയിരുന്നു. ഫെബ്രുവരി 13-നാണ് കുട്ടിയുടെ ജനനം കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹം കഴിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചതു പ്രകാരം രജിസ്റ്റര്‍ ചെയ്തപ്പോള്‍ അവിവാഹിത എന്നാണ് രേഖപ്പെടുത്തിയത്. അഡ്മിറ്റ് ചെയ്യുമ്പോള്‍ 18 വയസ്സാണെന്ന് പറഞ്ഞതിനാല്‍ മറ്റെവിടേയും അറിയിച്ചില്ല.

എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിക്ക് പ്രായപൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ കൂടി ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ക്ക് കുട്ടിയുടെ മേല്‍വിലാസമടങ്ങുന്ന വിവരങ്ങള്‍ നല്‍കി. മാതാപിതാക്കള്‍ കൂടെ ഉള്ളതു കൊണ്ടും അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തതിനാലാണ് സാധാരണ ശുശ്രൂഷകള്‍ നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.