പിതാവിന്റെ മരണത്തിലെ ദുരൂഹത: നീതിക്കായി പോരാടുമെന്ന് ഡോ. ഫൗസിയ ഷെര്‍സാദ്

നിയമപോരാട്ടം തുടരും: ഡോ. ഫൗസിയ ഷെര്‍സാദ്

സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കും

രോഗികളുടെ അവകാശ ബില്ലിന് ശ്രമം നടത്തും

ഉപ്പയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍.എം.എല്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ നിഗൂഢ നീക്കങ്ങള്‍ക്കും നടപടിക്കുമെതിരെ ശക്തമായ നിയമ പോരാട്ടം തുടരും. ഉപ്പക്ക് സംഭവിച്ചത് എന്താണെന്നും എന്തിനായിരുന്നു ഈ നാടകമെന്നും ലോകം അറിയണം. മറ്റൊരാള്‍ക്കും ഇത്തരമൊരു ദുരനുഭവം ഇനി ഉണ്ടായിക്കൂടാ. ഇക്കാര്യത്തില്‍ വസ്തുതപുറത്തുവരുന്നത് വരെ സാധ്യമായ എല്ലാ മാര്‍ഗ്ഗത്തിലും ഞങ്ങള്‍ മുന്നോട്ടു പോകും. മുസ്ലീംലീഗ് മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദിന്റെ പുത്രി ഡോ. ഫൗസിയ ഷെര്‍സാദും അവരുടെ ഭര്‍ത്താവ് ഡോ. ബാബു ഷെര്‍സാദും രോഷം മറച്ചുവെയ്ക്കുന്നില്ല.

ഉപ്പ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്. ഞങ്ങളുടെ സങ്കടം തീരുന്നില്ല. അത്യന്തം അനീതികരമായ രീതിയിലാണ് ആര്‍.എം.എല്‍ ആശുപത്രി അധികൃതര്‍ കാര്യങ്ങള്‍ നീക്കിയത്. എന്തിനവര്‍ ഇങ്ങനെ ചെയ്തു ? ഇതുവരെ ഞങ്ങള്‍ക്ക് ഒരു റിപ്പോര്‍ട്ടും തന്നിട്ടില്ല. ഇക്കാര്യത്തില്‍ എന്താണ് അവര്‍ക്ക് ഒളിക്കാനും മറയ്ക്കാനും ഉള്ളത്. ഇരുവരും ചോദിച്ചു.

ഞങ്ങള്‍ ഇരുവരും ഡോക്ടര്‍മാരാണ്. ദുബൈ വിമന്‍സ് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ എത്തിക്‌സ് പഠിപ്പിക്കുന്ന എനിക്കറിയാം, ഈ സംഭവം അങ്ങേയറ്റം അധാര്‍മ്മികമാണെന്ന്. രോഗികളുടെ അവകാശവുമായി ബന്ധപ്പെട്ട നിയമം ഇന്ത്യയില്‍ ഇല്ലാത്തത് ഇത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവകാശ നീതിനിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.

അതുകൊണ്ട്, ഇന്ത്യയില്‍ ഇനിയും ഉണ്ടായിട്ടില്ലാത്ത രോഗികളുടെ അവകാശവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കിയെടുക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് ഡോ. ഫൗസിയ പറഞ്ഞു. ഇതോടൊപ്പം ഉപ്പയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുമെന്നും ഡോ. ഫൗസിയ വെളിപ്പെടുത്തി. റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ആര്‍എം.എല്‍ ആശുപത്രി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ബന്ധപ്പെട്ട അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതുകൂടാതെ ഈ വിഷയത്തില്‍ പൊതുസമൂഹത്തില്‍ ബോധവത്കരണം എന്ന നിലയ്ക്ക് രാജ്യാന്തര മെഡിക്കല്‍ ജേര്‍ണലുകളിലും പത്ര-സാമൂഹിക മാധ്യമങ്ങളിലും ലേഖനങ്ങളെഴുതുന്നുണ്ടെന്നും ഫൗസിയ വ്യക്തമാക്കി. ഡെല്‍ഫി മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കും.

എവിടെ അനീതി കണ്ടാലും ഉടന്‍ പ്രതികരിക്കണമെന്നും എന്തു നഷ്ടം നേരിടേണ്ടി വന്നാലും നീതിക്ക് വേണ്ടി പോരാടണമെന്നും ഉപ്പ എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ്, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആര്‍.എം.എല്‍ ആശുപത്രി ഐ.സി.യുവിന് മുന്‍പില്‍ അനീതിക്കും അവകാശ നിഷേധത്തിനുമെതിരെ ശബ്ദിക്കേണ്ടി വന്നത്. ലുകാസ് എന്ന മെഷീന്‍ ഉപ്പയുടെ ശരീരത്തില്‍ പ്രയോഗിച്ചത് നൂറു ശതമാനവും അനീതികരമായ രീതിയിലായിരുന്നു. ഒരു രോഗിയുടെ ശരീരത്തില്‍ അടിയന്തിര സാഹചര്യത്തില്‍ 45 മിനിറ്റ് മാത്രം ഉപയോഗിക്കേണ്ട ഈ യന്ത്രം 12 മണിക്കൂറിലധികമാണ് ഉപ്പയുടെ ദേഹത്ത് പ്രയോഗിച്ചത്. അതുകാരണം ആന്തരികാവയവങ്ങള്‍ക്കും കണ്ണുകള്‍ക്കും കേടു പറ്റിയെന്നാണ് കരുതുന്നത്. ഒരാളും മറ്റൊരാളോടും ഇങ്ങനെ ചെയ്യരുത്. അവരോട് യാചിച്ചപ്പോഴാണ് അകത്ത് കയറാന്‍ സമ്മതിച്ചതു തന്നെ. അപ്പോള്‍ അവിടെ കണ്ട കാര്യങ്ങള്‍ മനസ്സ് തകര്‍ത്തു. 24 ഡോക്ടര്‍മാരടങ്ങുന്ന പാനലാണ് അവിടെ ഉണ്ടായിരുന്നതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഡോക്ടര്‍മാരാണെന്നും എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും എന്താണ് ഇതിനൊക്കെ കാരണമെന്നും ചോദിച്ചപ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ രംഗം കാലിയാക്കി. അവിടത്തെ ജൂനിയര്‍ ഡോക്ടറോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അയാള്‍ക്ക് മിണ്ടാട്ടമില്ല. നിങ്ങള്‍ക്കു പിതാവില്ലേ, അവരോടും ഇങ്ങനെയൊക്കെ ചെയ്യുമോ, ഒരു നിമിഷം സ്വന്തം പിതാവിനെ മനസ്സില്‍ കരുതി നോക്കൂ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ തല കുനിച്ചു നില്‍ക്കുക മാത്രമാണ് ചെയ്തത്. അപ്പോള്‍ അനഭിലഷണീയമായ പല കാര്യങ്ങളും അവിടെ നടന്നിരിക്കുന്നു. ലുകാസ് മെഷീന്‍ കണ്ടു പിടിച്ച യൂണിവേഴ്‌സിറ്റി സംഘത്തിന് തങ്ങള്‍ കത്തെഴുതിയിരുന്നുവെന്നും 12 മണിക്കൂറിലധികം ഇതുപയോഗിച്ചതില്‍ അവര്‍ അതിശയവും ആശങ്കയും രേഖപ്പെടുത്തിയെന്നും ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്ന് അവര്‍ അറിയിച്ചതായും ഡോ. ഫൗസിയയും ഡോ. ബാബുവും പറഞ്ഞു. പൊറുക്കാനും സഹിക്കാനുമാവാത്ത കടുത്ത മനുഷ്യാവകാശ ലംഘനമാണുണ്ടായിരിക്കുന്നത്. അതുകൊണ്ട് ഈ അനീതിക്കും അധാര്‍മ്മികതക്കുമെതിര സന്ധിയില്ലാത്ത സമരത്തിലാണ് തങ്ങളെന്നും എന്താണ് സംഭവിച്ചതെന്ന കാര്യം പുറത്തു വന്നാല്‍ മാത്രമേ തങ്ങള്‍ക്ക് സമാധാനം ലഭിക്കുകയുള്ളൂവെന്നും ഇരുവരും പറഞ്ഞു. ആര്‍.എം.എല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതു മുതല്‍ നടന്ന കാര്യങ്ങളുടെ സീക്വന്‍ഷ്യല്‍, പ്രോപര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടന്‍ മറ്റു യൂറോപ്യന്‍, അറേബ്യന്‍ രാജ്യങ്ങളിലൊക്കെ രോഗികളുടെ അവകാശനിയമം നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ അങ്ങനെയൊന്ന് ഇതുവരെ ആയിട്ടില്ല. ഉപഭോക്തൃ നിയമത്തില്‍ മാത്രമാണ് പരാതിപ്പെടാനുള്ള സൗകര്യമുള്ളത്. അതുകൊണ്ട, എന്തു ചെയ്താലും രോഗികളുടെ ബന്ധുക്കള്‍ അറിയാത്ത സ്ഥിതിയുണ്ടാകുന്നു. ഈ വിധമാണ് ആശുപത്രികളില്‍ കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ ഭാവി അതിഭയാനകമാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടാണ്, രോഗി അവകാശബില്ലിനായി നീക്കം നടത്തുന്നത്. ഇതിന് ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേക്കും. എങ്കിലും, തളരില്ല, പോരാട്ടം തുടരുക തന്നെ ചെയ്യും. ഇതൊരു ധാര്‍മ്മിക സമരം കൂടിയാണ്.

ആ ആശുപത്രിയിലെ മനുഷ്യത്വം മരവിക്കാത്ത ഏതെങ്കിലുമൊരു ഡോക്ടറുണ്ടാകും. വസ്തുത അയാള്‍ വെളിപ്പെടുത്തുക തന്നെ ചെയ്യുമെന്ന് തനിക്ക് ഉറപ്പ വിശ്വാസമുണ്ടെന്ന് ഫൗസിയ പറഞ്ഞു.

കാല്‍ നൂറ്റാണ്ടിലധികം കാലം പാര്‍ലമെന്റിനെ സേവിച്ച മഹാനായ ഒരു ജനപ്രതിനിധിക്കാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. ഇത് മറ്റൊരാള്‍ക്കും ഇനി ഉണ്ടായിക്കൂടാ. കാര്യങ്ങള്‍ ഇത്രയെങ്കിലും ജനങ്ങളിലെത്തിക്കാന്‍ സാധിച്ചതില്‍ മാധ്യമങ്ങളുടെ വലിയ പങ്കിന് നന്ദി പറയുന്നു. അവരുടെ സഹായം തുടര്‍ന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്. മുസ്ലീം ലീഗ് പാര്‍ട്ടിയും നേതാക്കളും പൊതുസമൂഹവും നല്‍കിയ അളവറ്റ പിന്തുണയും വിലമതിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും മികച്ച സംവിധാനമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട്, ആ മൂല്യബോധം സത്യത്തെ എക്കാലവും ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്നും ശുഭാപ്തിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.