ബജറ്റ് ചോര്‍ന്നുവെന്ന് ആരോപണം; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

അവതരണത്തിനു മുമ്പേ ബജറ്റ്  ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ചു. പരിശോധിക്കാമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും. ധനമന്ത്രി രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല.

ബജറ്റ് ചോര്‍ന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷം ബജറ്റവതരണം അവതരണം ബഹിഷ്‌കരിച്ചു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ബജറ്റ് രേഖകള്‍ പ്രചരിക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കിയതോടെ ബജറ്റ് അവതരണം തടസപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി വിശദീകരണവുമായി എഴുന്നേറ്റു. പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ, വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പ്രതിപക്ഷം ഉന്നയിച്ചപ്പോഴാണ് സംഭവം അറിയുന്നത് പരിശോധിച്ച ശേഷം സഭിയില്‍ വിശദീകരണം നല്‍കാമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് പുറത്ത് പോയത് ഗൗരവതരമാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് സ്പീക്കറും വിശദീകരിച്ചു. ഇതിനുശേഷം ബജറ്റ് അവതരണം തുടര്‍ന്ന ധനമന്ത്രി ബജറ്റ് ചുരുക്കിയാണ് വായിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌കരിച്ച് സഭയില്‍ നിന്നും പുറത്തേക്ക് പോയി. മീഡിയാ റൂമിയില്‍ ചോര്‍ന്ന ബജറ്റ് രേഖ വായിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബദല്‍ ബജറ്റും വായിച്ചു. ബജറ്റ് രേഖ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.