ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ പീഡനം: ദത്ത് കേന്ദ്രത്തില്‍ റെയ്ഡ്‌

രൂപതയിലെ മുതിര്‍ന്ന വൈദികനും കൊട്ടിയൂര്‍ നീണ്ടുനോക്കി ഇടവക വികാരിയുമായിരുന്ന ഫാ. റോബിന്‍ വടക്കഞ്ചേരിയുടെ ബാലികാപീഡനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ പേരാവൂര്‍ പൊലീസ് വൈത്തിരിയിലെ ദത്തു കേന്ദ്രത്തിലും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സിഡബ്ല്യുസി) യിലും പരിഛശോധന നടത്തി. കണിയാമ്പറ്റയിലെ ഡിഡബ്ല്യുസി ആസ്ഥാനത്തെത്തിയ പൊലീസ് ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തില്‍ നിന്നും വിശദവിവരങ്ങള്‍ അന്വേഷിച്ചു.

ദത്ത് കേന്ദ്രത്തിലെ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ഫാ. തോമസ് ജോസഫ് തേരകം സിഡബ്ല്യുസി ചെയര്‍മാനായതിന് ശേഷമുള്ള മുഴുവന്‍ കാര്യങ്ങള്‍ അന്വേഷിക്കമമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണക്ക് പരാതി ലഭിച്ചിട്ടുണ്ട്. പരാതി സ്ഥിരീകരിച്ച പൊലീസ് മേധാവി കേസന്വേഷണച്ചുമതല മാനന്തവാടി എ.എസ്.പി ജയദേവിനെ ഏല്‍പ്പിച്ചു.

സിഡബ്ല്യുസി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കൂടിയാണ്. മാനന്തവാടി രൂപതക്ക് കീഴിലുള്ള പള്ളിയായിരുന്നു ഫാ. റോബിന്‍ വികാരിയായി ജോലി ചെയ്തിരുന്നത്.

കുട്ടികളെ ദത്തെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള വൈത്തിരിയിലെ സ്ഥാപനത്തില്‍ ഒരാഴ്ച പോലും പ്രായമില്ലാത്ത ചോരകുഞ്ഞിനെ ലഭിച്ചിട്ടും പൊലീസിനെയോ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയോ അറിയിക്കാത്തതാണ് സംഭവത്തിന്റെ ഗൂഡാലോചനയില്‍ സ്ഥാപനത്തിന്റെ പങ്കിനെ കുറിച്ച് സംശയമുയരാന്‍ കാരണം. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ്, സ്ഥാപനമേധാവികളില്‍ നിന്നും പ്രാഥമിക മൊഴിയെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അന്വേഷണ സംഘം വീണ്ടും വിശദമായ തെളിവെടുപ്പ് നടത്തും.

മാനന്തവാടി രൂപതയില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം സഭാ അധികാര കേന്ദ്രങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു റോബിനുണ്ടായിരുന്നത്. ഈ ബന്ധം തന്നെയാണ് വയനാട് സിഡബ്ല്യുസി മുഖേന ചോരക്കുഞ്ഞിനെ ഇരുചെവി അറിയാതെ വൈത്തിരിയിലെ അനാഥാലയത്തില്‍ എത്തിക്കാനും തുണയായത്.

വ്യക്തിപരമായി നിരവധി പരാതികള്‍ റോബിനുമായി ബന്ധപ്പെട്ട് സഭാ കേന്ദ്രങ്ങള്‍ക്ക് ലഭിക്കുമ്പോഴും ഓരോ തവണയും പ്രധാനപ്പെട്ട ചുമതലകള്‍ സഭ ഏല്‍പ്പിച്ചിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മാനന്തവാടി രൂപതയുടെ കോര്‍പറേറ്റ് മാനേജരായും മാനന്തവാടി മേരി മാതാ കോളെജ് മാനേജര്‍മാരെയുമെല്ലാം റോബിന്‍ വടക്കംചേരിക്ക് ചുമതലകള്‍ നല്‍കി.

മാനന്തവാടി രൂപത കല്‍പ്പറ്റയില്‍ നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്റെ ഉത്തരവാദിത്വവും റോബിന്‍ വടക്കംചേരിക്കായിരുന്നു.

ഹോസ്റ്റലില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇവിടെ നിന്ന് മാറ്റി മറ്റൊരു പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. കര്‍ണാടകയിലെ നഴ്‌സിംഗ് കോളേജുകളില്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച നിരവധി കഥകള്‍ പ്രചരിപ്പിച്ചിരുന്നെങ്കിലും റോബിന്‍ വടക്കംചേരിക്ക് എതിരെ ഇതിലൊന്നും അന്വേഷണം നടന്നില്ല.

നീണ്ടുനോക്കി പള്ളി വികാരിയായിരിക്കെ റോബിന്‍ വടക്കംചേരി 16 കാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയെന്ന സംഭവം മാനന്തവാടി രൂപതാ ആസ്ഥാനത്ത് നേരത്തെ തന്നെ അറിഞ്ഞിരുന്നുവത്രേ. ഫെബ്രുവരി ആറിന് രൂപതാ ആസ്ഥാനത്ത് എത്തി റോബിന്‍ വടക്കംചേരി ഉന്നതരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച് നടത്തിയതായും സൂചനയുണ്ട്. പതിനാറുകാരിയുടെ പ്രസവം കന്യാസ്ത്രീകള്‍ നടത്തുന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ നടത്തിയതും രേഖകള്‍ മറച്ചുവെച്ചതുമെല്ലാം ഇയാളുടെ സ്വാധീനത്തിന് തെളിവാണ്.