ആലംബഹീനരായ രോഗികകള്‍ക്ക് കൈത്താങ്ങായി വനിതാവിംഗ് പ്രവര്‍ത്തകര്‍

ആതുരസേവനരംഗത്ത് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശമാവുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ. ഉറ്റവരും ഉടയവരും ഇല്ലാത്തവര്‍ക്കും ആലംബഹീനരായ രോഗികള്‍ക്കും കരുണയുടെ കൈത്താങ്ങാകുകയാണ് വനിതാവിംഗ് പ്രവര്‍ത്തകര്‍.

അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കുവാന്‍ വനിതാവിംഗ് പ്രവര്‍ത്തകര്‍ 8 വര്‍ഷത്തോളമായി ആശുപത്രിയില്‍ സജീവമായിട്ടുണ്ട്. ആരോരുമില്ലാത്ത രോഗികള്‍ക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും സാന്ത്വന പരിചരണവും നല്‍കാന്‍ വനിതാവിംഗ് പ്രവര്‍ത്തകര്‍ രാപകല്‍ വ്യത്യാസം ഇല്ലാതെ ആശുപത്രിയില്‍ എത്താറുണ്ട്. 20 ഓളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന വനിതാകൂട്ടായ്മ ജാതിമത രാഷ്ട്രീയത്തിന് അതീതമായി സാന്ത്വന പരിചരണം ലക്ഷ്യമാക്കി ഒരേ മനസുപോലെ പ്രവര്‍ത്തിച്ചു വരുന്നു. മനോനില തെറ്റിയെത്തുന്ന രോഗികള്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും മരുന്നും നിര്‍ബന്ധപൂര്‍വ്വം നല്‍കി സാധാരണജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കുവാന്‍ ആശുപത്രി ജീവനക്കാരോടൊപ്പം വനിതാവിംഗ് പ്രവര്‍ത്തകരും സേവന രംഗത്തുണ്ട്. ആശുപത്രിയില്‍ എത്തുന്ന ആരോരുമില്ലാത്ത രോഗികളുടെവിവരം കൃത്യമായി നല്‍കി സഹായം ഉടന്‍ ലഭ്യമാക്കുവാന്‍ വനിതാവിംഗ് ആശുപത്രിയില്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ കൃത്യമായി അംഗങ്ങളില്‍ എത്തിക്കുവാനും ആശുപത്രി അധികൃതര്‍ ആത്മാര്‍ത്ഥത കാണിക്കാറുണ്ട്.

വിവരം ലഭ്യമായാലുടന്‍ അംഗങ്ങള്‍ ആശുപത്രിയില്‍ എത്തി രോഗികള്‍ക്ക് പരിചരണവും മരുന്നും വേണ്ട സഹായങ്ങളും നല്‍കും. വഴിവക്കില്‍ ആരുമില്ലാതെ തളര്‍ന്നുവീഴുന്ന രോഗികളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവിടെ വനിതാവിംഗ് പ്രവര്‍ത്തകര്‍ കരുതലിന്റെ താങ്ങാകുകയാണ്. അടിയന്തരഘട്ടത്തില്‍ സര്‍ജറി ആവശ്യമായി വരുമ്പോള്‍ സ്ത്രീകളായ രോഗികള്‍ക്ക് സ്ത്രീകള്‍തന്നെ കൂട്ടിരിപ്പുകാരായി നിര്‍ബന്ധമാകുന്ന അവസരത്തില്‍ ആരോരുമില്ലാത്ത സ്ത്രീകള്‍ക്ക് വനിതാവിംഗ് പ്രവര്‍ത്തകര്‍ സദാസമയവും തുണയാകുകയാണ്. 8 വര്‍ഷത്തിനുമുന്‍പ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയരോഗി മരിച്ച ഘട്ടത്തില്‍ അയാളുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ നിര്‍വ്വാഹമില്ലാതെ അലറികരയുന്ന അയാളുടെ ഭാര്യയുടെ ദയനീയത കണ്ടറിഞ്ഞ മനുഷ്യസ്‌നേഹിയായ ഈ കൂട്ടായ്മയിലെ ഒരു അംഗത്തിന്റെ മനസില്‍ ഉടലെടുത്ത ആശയത്തില്‍ നിന്നാണ് വനിതാവിംഗ് രൂപം കൊണ്ടത്.

മക്കള്‍ ഉപേക്ഷിച്ചു പോകുന്ന വൃദ്ധരായ മാതാപിതാക്കളെ പരിചരിച്ച് സുഖപ്പെടുത്തിയശേഷം മക്കളെ വിളിച്ചുവരുത്തി അവരുമായി രമ്യതയിലാക്കി സന്തോഷത്തോടെ മടക്കി അയക്കുന്ന സന്ദര്‍ഭങ്ങളും നിരവധി ഉണ്ടായിട്ടുണ്ടെന്ന് ഇതിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ഈ സംഘടനയുടെ 10 ഓളം യൂണിറ്റുകള്‍ ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വനിതാവിംഗിന്റെ സാന്ത്വന പരിചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പുകളും രക്തദാന പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ജില്ലയിലെ വിവിധ കോളജുകളുമായി സഹകരിച്ച് രക്തദാന ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. രോഗീപരിചരണത്തിന്റെ ഭാഗമായി പ്രതിഫലങ്ങളോ പുരസ്‌ക്കാരങ്ങളോ ആരുടെ പക്കല്‍ നിന്നും വാങ്ങാത്ത ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ പെരുന്നാള്‍ ദിനങ്ങളിലും ഉത്സവദിനങ്ങളിലും ആശുപത്രിയിലെ എല്ലാ രോഗികള്‍ക്കും ഭക്ഷണം വിതരണം ചെയ്ത് അവരോടോപ്പം അന്നത്തെ ദിവസം ആഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ