അങ്കമാലിയിലെ രുചിഭേദങ്ങളുള്ള ഡയറി കസറി

തിരുവനന്തപുരം: 83 പുതുമുഖങ്ങളെ അണിനിരത്തി ലിജോജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസ് കലക്കി. വേറിട്ട പ്രമേയങ്ങളിലൂടെയും സംവിധാന ശൈലിയിലൂടെയും ലിജോ മലയാളസിനിമയില്‍ തന്റെ കസേര ഉറപ്പിക്കുകയാണ്. എറണാകുളം ജില്ലയിലെ അങ്കമാലിയിലെ ചെറുപ്പക്കാരുടെ ജീവിതവും അവിടുത്തെ ജീവിത സാഹചര്യങ്ങളും കോര്‍ത്തിണക്കി പറയുന്ന ചിത്രത്തിന് നടന്‍ ചെമ്പന്‍ വിനോദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 83 പുതുമുഖങ്ങളുള്ളതില്‍ ഏകദേശം പതിനഞ്ചോളം പേരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ അഭിനയം കണ്ടാല്‍ ആദ്യ സിനിമയാണെന്ന് തോന്നുകയില്ല. ഡ്രാമയും മെലോഡ്രാമയും ഇല്ലാതെ, ലൈവായാണ് ഓരോ സീനുകളും സംവിധായകന്‍ സൃഷ്ടിച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വളരെ ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമ ബോക്‌സോഫീസ് വിജയമാകുമെന്ന് ഉറപ്പാണ്. ഇന്നലെ ഫസ്റ്റ്‌ഷോ മുതല്‍ പ്രധാന കേന്ദ്രങ്ങളിലെ തിയേറ്ററുകളെല്ലാം ഹൗസ്ഫുള്ളായി. വാരിവലിച്ച ഡയലോഗുകളോ, മുഴുനീള സീനുകളോ ഇല്ലാതെ കൊച്ച് കൊച്ച് ജീവിത മുഹൂര്‍ത്തങ്ങളിലൂടെയാണ് സംവിധായകന്‍ കഥപറയുന്നത്. അതിനെ വെട്ടിയൊതുക്കി മനോഹരമാക്കിയ ഷമീര്‍മുഹമ്മദ് ഏറെ പ്രശംസ അര്‍ഹിക്കുന്നു. കഥാപാത്രങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് പ്രശാന്ത് പിള്ള ഒരുക്കിയ പശ്ചാത്തല സംഗീതം പതിവ് സിനിമകളിലേതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു സിനിമ, അല്ലെങ്കില്‍ ഒരു കഥ എന്നതിനപ്പുറം ഒരു പ്രദേശത്തേയും അവിടുത്തെ ജനവിഭാഗത്തെയും അവരുടെ രുചി ഭേദങ്ങളെയും അടയാളപ്പെടുത്തുകയാണ് അങ്കമാലി ഡയറീസ്.

അങ്കമാലിയിലെ ഏറ്റവും വലിയ കച്ചവടങ്ങളില്‍ ഒന്നാണ് പോര്‍ക്കിറച്ചി. ക്രിസ്മസ്, മലയാറ്റൂര്‍ പെരുന്നാള്‍, ന്യൂ ഇയര്‍, പിന്നെ പ്രാദേശികമായുള്ള ആഘോഷങ്ങള്‍, അവധി ദിവസങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൂടി നാലരക്കോടിയുടെ പോര്‍ക്ക് കച്ചവടമാണ് അങ്കമാലിയില്‍ നടക്കുന്നത്. പുറത്ത് നിന്ന് കേള്‍ക്കുന്ന ഒരാള്‍ക്കിത് അതിശയോക്തിയായി തോന്നും. ഭക്ഷണങ്ങളുടെ വൈവിധ്യവും എടുത്ത് പറയേണ്ടതാണ്. കപ്പയും മീനും അല്ലെങ്കില്‍ കപ്പയും ഇറച്ചിയും അതാളല്ലോ സാധാരണ മലയാളിക്ക് പരിചയം. എന്നാല്‍ അങ്കമാലിയില്‍ കപ്പയും മുട്ടയും ചേര്‍ത്തൊരു വിഭവമുണ്ട്. അത് തട്ട് കടകളിലാണ് ലഭിക്കുന്നത്. അതുപോലെ പന്നിയിറച്ചി കിഴങ്ങിട്ടും കൂര്‍ക്കയിട്ടും അങ്ങനെ പല പല രീതികളിലാണ് വിഭവമാക്കുന്നത്. ഏത് രീതിയില്‍ പോര്‍ക്ക് വയ്ക്കണമെന്നതിനെ ചൊല്ലി വീടുകളില്‍ തര്‍ക്കം നടക്കാറുണ്ട്.

പച്ചക്കറി അങ്കമാലിക്കാര്‍ക്ക് അത്രപ്രിയമല്ലെന്ന് സിനിമ കാണുമ്പോ തോന്നും. നായികയുടെ വീടിന്റെ വെഞ്ചരിപ്പിന് സദ്യ ബുക്ക് ചെയ്യാന്‍ പോകുമ്പോള്‍ സദ്യക്കാരന്‍ എല്ലാം നോണ്‍വെജാണ് പറയുന്നത്. ‘ ചേട്ടാ പച്ചക്കറിയൊന്നുമില്ലേ’ എന്ന് നായിക ചോദിക്കുമ്പോള്‍. ‘ഒരു കാര്യം ചെയ്യാം പോര്‍ക്കില് നമുക്ക് കൂര്‍ക്കിടാം, ചിക്കന്‍ കറിയില്‍ ഉരുളക്കിഴങ്ങിടാം’ എന്ന് കോണ്‍ട്രാക്ടര്‍.’ അതല്ല ചേട്ടാ, മെഴുക്കു പുരട്ടീം തോരനും’ എന്ന് നായിക പറയുമ്പോള്‍ മുഖം കോട്ടി കോണ്‍ട്രാക്ടറുടെ ആത്ഗതം ‘ അങ്കമാലിയിലെ സദ്യക്ക് തോരനും മെഴുക്ക് പുരട്ടീം’. ജീവിതത്തിന്റെ യാദൃശ്ചികതകളും വീഴ്ചകളും ഉയര്‍ച്ചകളും എല്ലാം ഈ ഡയറിയിലുണ്ട്.