വിസ തട്ടിപ്പില്‍ കുടുങ്ങി എട്ട് മലയാളികള്‍ 

മലപ്പുറം പോരാഞ്ചേരി സ്വദേശിയുടെ വിസാതട്ടിപ്പിന് ഇരയായ എട്ട് യുവാക്കള്‍ ഇവിടെ മലയാളികളുടെ സംരക്ഷണയില്‍. ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ ഇവിടെയെത്തിച്ച ഈ യുവാക്കളുടെ വിസാകാലാവധി ഈ മാസം എട്ടിന് തീരും.

വിമാനടിക്കറ്റും വിസാഫീസും തട്ടിപ്പിനിരയായവരെ കൊണ്ട് അടപ്പിച്ച ശേഷം ഓരോരുത്തരില്‍ നിന്നും 20,000 രൂപ വീതം വാങ്ങിയ ഏജന്റ് ഇവര്‍ക്ക് വന്‍തുക ശമ്പളമുള്ള ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം ജോലിയാണ് വാഗ്ദാനം ചെയ്തത്. ദുബായില്‍ വിമാനമിറങ്ങിയാല്‍ കമ്പനി അധികൃതര്‍ വന്ന് കൂട്ടിക്കൊണ്ടു പോകുമെന്നായിരുന്നു യുവാക്കള്‍ക്ക്ഏജന്റായ ശ്രീകുമാര്‍ ഉറപ്പ് നല്‍കിയിരുന്നത്. വിമാനത്താവളത്തില്‍ ആരും എത്താത്തതിനെ തുടര്‍ന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിച്ചു. അദ്ദേഹം ഇടപെട്ടതിനെ തുടര്‍ന്ന് ഏജന്റിന്റെ ആളാണെന്നു പരിചയപ്പെടുത്തിയ സാം എന്നൊരാള്‍ എത്തി എട്ടു പേരെയും അജ്മാനിലെത്തിച്ചു. അവരില്‍ നിന്നും വീണ്ടും 3000 രൂപ വീതം വാങ്ങിയ ശേഷം വെറും 4000 രൂപയും എട്ട് പേരുടെ പാസ്‌പോര്‍ട്ടും ഒരു ഹോട്ടലില്‍ നല്‍കിയിട്ട് അവരെ അവിടെയാക്കി മുങ്ങി. പിറ്റേന്നായപ്പോള്‍ ഹോട്ടല്‍ ബില്‍ 25,000 രൂപയായി. തുക കൊടുത്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് നല്‍കില്ലെന്നായി ഹോട്ടല്‍ അധികൃതര്‍.

മലയാളികള്‍ ഇടപെട്ട് ഹോട്ടലില്‍ ബില്‍ നല്‍കി അവരെ ഒരു സുഹൃത്തിന്റെ തൊഴിലാളി പാര്‍പ്പിട കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണഅ. തന്റെ ഏജന്റായ അജ്മാനിലുള്ള ഇല്യാസ് എന്ന മലയാളിയെ ബന്ധപ്പെടാനായിരുന്നു ശ്രീകുമാറിന്റെ നിര്‍ദ്ദേശം. എന്നാല്‍ ശ്രീകുമാറിനെ തനിക്കറിയില്ലെന്നായിരുന്നു ഇല്യാസ് പറഞ്ഞത്. ഇന്തോനേഷ്യ, ഫിന്‍ലന്‍ഡ്, യു.കെ. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും അജ്മാനില്‍ വിസാതട്ടിപ്പു നിരത്തിയ ശേഷം ബങ്കളുരുവിലേക്ക് മുങ്ങിയ ശ്രീകുമാര്‍ വീണ്ടും കേരളത്തില്‍ പൊങ്ങിയാണ് പുതിയ തട്ടിപ്പുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇയാളെ അന്വേഷിക്കുന്ന അജ്മാന്‍ പൊലീസ് അറിയിച്ചു.