കേരള ബ്രാന്‍ഡ് ജൈവപച്ചക്കറി വിഷുവിന് വിപണിയില്‍

കൃഷി വകുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന കേരള ബ്രാന്‍ഡ് ജൈവ പച്ചക്കറി വിഷുവിന് വിപണിയിലെത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ഓര്‍ഗാനിക് എന്ന പേരില്‍ വിപണിയിലിറക്കുന്ന പച്ചക്കറിയുടെ ഉദ്ഘാടനം 13-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

വ്യാജ ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമാകാതിരിക്കാന്‍ കൃഷിവകുപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഗുണനിലവാരം സംബന്ധിച്ച പരിശോധന കര്‍ശനമാക്കും. രാസകീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ജൈവകീടനാശിനികള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. അതിനാല്‍ വില വളരെ കുറവാണ്. ഇത് കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ മറ്റെവിടേക്കോ പോകുന്നതായി സംശയമുള്ളതിനാല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ചെറിയ അളവില്‍ മാത്രമാണ് ഇപ്പോള്‍ കീടനാശിനികള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.