12 ലക്ഷം മുടക്കി നാല് കോടി വാരിയ ഗോഡ്ഫാദറിന് 25 വയസ്

godfather001തിരുവനന്തപുരം: മലയാളത്തിലെ വിനോദസിനിമകളിലെ അതികായനാണ് സിദ്ധിഖ്‌ലാലിന്റെ ഗോഡ്ഫാദര്‍. 1991ല്‍ 12 ലക്ഷം രൂപ മുടക്കി നാല് കോടി രൂപ കലക്ട് ചെയ്ത സിനിമ. അന്നത്തെ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ഇത്രയും രൂപ നേടിയിട്ടില്ല. ചുരുക്കം പറഞ്ഞാല്‍ അന്നത്തെ ഒരു പുലിമുരുകനാണ് ഗോഡ്ഫാദര്‍. തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ബലം. ഓരോ സീന്‍ കഴിയുമ്പോഴും അടുത്തതെന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷ നിലനിര്‍ത്തിയാണ് സ്‌ക്രീന്‍ പ്ലേ സിദ്ധിഖും ലാലും എഴുതിയത്.  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നാടകാചാര്യന്‍ എന്‍.എന്‍ പിള്ളയുടെ നടനവൈഭവം എടുത്ത് പറയേണ്ടതാണ്. നാടകങ്ങളിലും സിനിമകളിലും അനേകം വേഷങ്ങളാടിയിട്ടുണ്ടെങ്കിലും എന്‍.എന്‍ പിളളയെന്ന് കേട്ടാല്‍ അഞ്ഞൂറാന്റെ മുഖമാണ് സാധാരണ മലയാളിയുടെ മനസിലെത്തുന്നത്.
പ്രണയവും പ്രതികാരവും സൗഹൃദവും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും തുന്നിച്ചേര്‍ത്ത ചിത്രം മലയാളിയെ ഇന്നും ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നു. അതിന് കാരണം ജീവിതവുമായി കഥയും കഥാപാത്രങ്ങളും ബന്ധപ്പെട്ട് നില്‍ക്കുന്നു എന്നതാണ്. എല്ലാത്തരത്തിലും അതുല്യമായ വിനോദമാണ് ഈ സിനിമ നല്‍കുന്നത്. അതുകൊണ്ടാണ് ട്രോളന്‍മാര്‍ ഈ സിനിമയിലെ കഥാപാത്രങ്ങളെയും സീനുകളെയും തെരഞ്ഞെടുക്കുന്നത്. കാലം ചെല്ലുന്തോറും ചിരിക്കാനുള്ള വക കൂടുന്നു.
godfatherdvdripxvidcd1avi_000583850
‘ ശരിക്കും പറഞ്ഞാല്‍ ഒരു ഷെക്‌സ്പീരിയന്‍ ലൈനിലാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന്’ ചിത്രത്തിലെ മായിന്‍കുട്ടി എന്ന കഥാപാത്രത്തെ അതുല്യമാക്കിയ ജഗദീഷ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധിഖ്‌ലാല്‍ ഒരു സിനിമയെടുക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ തനിക്ക് ആധിയായിരുന്നെന്ന് ജഗദീഷ് ഓര്‍മിക്കുന്നു. കാരണം ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍ ജഗദീഷിനെ വല്യ താരമാക്കി മാറ്റിയിരുന്നു. പുതിയ സിനിമയില്‍ താനുണ്ടാകുമോ, ഉണ്ടെങ്കില്‍ എന്തായിരിക്കും വേഷം, അങ്ങനെ നൂറ് നൂറ് കാര്യങ്ങള്‍ താരത്തെ അസ്വസ്ഥമാക്കിയിരുന്നു. ഒടുവിലൊരുനാള്‍ സിദ്ധിഖ്‌ലാല്‍ വിളിച്ചു. കഥ പറഞ്ഞു. ഒരു സിനിമ കണ്ട പ്രതീതിയായിരുന്നു. മായിന്‍കുട്ടി എന്ന കഥാപാത്രം എല്ലാക്കാലത്തും ക്യാമ്പസുകളില്‍ ഉണ്ടാവും. അത് പോലെ നായിക മാലു ബോയ്‌സ് ഹോസ്റ്റലില്‍ വരുന്ന സീനുണ്ട്. അന്നത്തെ കാലത്ത് അതൊക്കെ ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. പ്രണയം തുളുമ്പിയ,  പൂക്കാലം വന്നു…., അടിച്ച് പൊളിക്കാന്‍ മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ… കണ്ണ്‌നനയിക്കാന്‍ നീര്‍ പളുങ്കുകള്‍….. തുടങ്ങിയ പാട്ടുകളും. കുടുംബബന്ധങ്ങളും സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും സൗഹൃദവും അങ്ങനെ ജീവിതവുമായി അടുത്ത് നില്‍ക്കുന്നതെല്ലാം ഗോഡ്ഫാദറിലുണ്ട്. ഗോഡ്ഫാദറിന് തുല്യം ഗോഡ്ഫാദര്‍ മാത്രം’ ജഗദീഷ് പറഞ്ഞു.