ജയ്ഹിന്ദില്‍ ശമ്പളമില്ല: യൂസഫലിയുടെ  മരുമകനെ വളയ്ക്കാനുള്ള ഹസന്റെ നീക്കം പാളി

 

തീവെട്ടികളെ പുറത്താക്കിയാല്‍ സഹായിക്കാമെന്ന് സുധീരന്‍

ത്രിമൂര്‍ത്തികളുടെ സമ്പത്ത് അന്വേഷിക്കണമെന്ന് ജീവനക്കാര്‍

വീക്ഷണത്തിലെ തിരുത്തല്‍ ജയ്ഹിന്ദിലും വേണമെന്ന് ആവശ്യം

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: കൈയ്യിട്ടുവാരലിനും വ്യാപക പണപ്പിരിവിനുമൊടുവില്‍ കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി പൂട്ടലിന്റെ വക്കില്‍. രണ്ടര മാസമായി ശമ്പളം ലഭിക്കാതെ ജീവനക്കാരും പട്ടിണിയിലാണ്. ഇതിനിടെ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ എം.എം ഹസന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കം പാളിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ മരുമകന്‍ ഷംസീര്‍ വയലിനെ ചാനല്‍ തലപ്പത്തെത്തിച്ച് 30 കോടി വാങ്ങാനായിരുന്നും ഹസനും ചാനല്‍ തലപ്പത്തെ തീവെട്ടികളും ലക്ഷ്യമിട്ടത്. എന്നാല്‍ ചാനലിന് വേണ്ടി പണം വാങ്ങുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നതതലയും നിലപാടെടുത്തത് ഈ നീക്കത്തിന് തിരിച്ചടിയായി. ഉമ്മന്‍ ചാണ്ടിയും രമേശും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ നിക്ഷേപത്തിനില്ലെന്ന നിലപാടിലാണ് ഷംസീര്‍.

ചാനലിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുമായെത്തി നടത്തിയിരുന്ന പണപ്പിരിവ് മാമാങ്കം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഇടപെട്ട് വിലക്കിയിരുന്നു. ഇതോടെയാണ് ചാനലിലേക്കും തലപ്പത്തെ ഉന്നതരുടെ പോക്കറ്റിലേക്കുമുള്ള പണമൊഴുക്ക് നിലച്ചത്. മൊട്ടുസൂചി മുതല്‍ എന്ത് സാധനം വാങ്ങിയാലും കമ്മീഷന്‍ അടിച്ചുമാറ്റുന്ന ചാനലിന്റെ തലപ്പത്തുള്ളവരുടെ മനോഭാവമാണ് ജയ്ഹിന്ദിനെ തകര്‍ത്തതെന്ന് ജീവനക്കാര്‍ പറയുന്നു.

ട്രാന്‍സ്‌പോണ്ടറിന് വാടക നല്‍കാത്തതിനെ തുടര്‍ന്ന് പ്രക്ഷേപണം നിലയ്ക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവാണ് പണം നല്‍കിയത്. പ്രക്ഷേപണം ആരംഭിച്ച് പത്തുവര്‍ഷമായിട്ടും മാധ്യമരംഗത്ത് കാര്യമായ ചലനമുണ്ടാക്കാനോ സാമ്പതതിക ലാഭമുണ്ടാക്കാനോ ജയ്ഹിന്ദിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ വിദേശങ്ങളില്‍നിന്നടക്കം പിരിച്ചെടുത്ത കോടികള്‍ എങ്ങോട്ടു മുക്കിയെന്നതും ദുരൂഹമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷവും ചാനല്‍ ലാഭത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാല്‍ ചാനല്‍ തലപ്പത്തെ തീവെട്ടി ഭരണത്തിലിടപെട്ട് സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ നടത്തി ലക്ഷങ്ങളാണ് സംമ്പാദിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് നിര്‍ബന്ധപൂര്‍വം പരസ്യം വാങ്ങുന്നതും ചാനലിനെ ലാഭത്തിലാക്കുന്നതുമൊക്കെ കോണ്‍ഗ്രസ് ചാനലിലെ തീവെട്ടികള്‍ കണ്ടുപടിക്കേണ്ടതാണ്. ചാനല്‍ തലപ്പത്തെ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെയുള്ള ത്രിമൂര്‍ത്തികളുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറാകണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

ഇതിനിടെ കോര്‍പ്പറേഷന്‍ ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്തതിന് ചാനല്‍ ജപ്തിഭീഷണി നേരിടുകയാണ്. എന്നാല്‍ സ്വന്തമായി കെട്ടിടമോ ഉപയോഗയോഗ്യമായ സാമഗ്രികളോ ചാനലിന് ഇല്ലാത്തത് ബാങ്കിനെയും വെട്ടിലാക്കയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കോണ്‍ഗ്രസ് നേതാക്കളിലേക്ക് ജപ്തി നടപടി നീട്ടാനാണ് ബാങ്ക് ആലോചിക്കുന്നത്. മൂന്ന് കോടി പത്തൊന്‍പത് ലക്ഷത്തി മുപ്പത്തി എണ്ണായിരരം രൂപയാണ് കോര്‍പറേഷന്‍ ബാങ്കിന് നല്‍കാനുള്ളത്. ഈ ബാധ്യത തീര്‍ക്കാന്‍ കെ.പി.സി.സി തയാറാണെങ്കിലും ചാനല്‍ തലപ്പത്തെ രണ്ട് തീവെട്ടികളെ പുറത്താക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കൂട്ടുകച്ചവടക്കാര്‍ പുറത്തായാല്‍ പല തട്ടിപ്പുകളും പുറത്ത് വരുമെന്ന ഭീതിയിലാണ് ചാനല്‍തലപ്പത്തെ നേതാവ്.

ചാനലില്‍ നടക്കുന്ന തട്ടിപ്പില്‍ മനംമടുത്ത് വി.എം സുധീരനും വിജയന്‍ തോമസും അടുത്തിടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവച്ചിരുന്നു. സീരിയല്‍ നിര്‍മ്മിച്ചതിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയതും പാര്‍ട്ടിക്ക് ക്ഷീണമായി.

 

പാര്‍ട്ടി പത്രമായ വീക്ഷണത്തിനെതിരെയും സമാനമായ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ പി.ടി തോമസ് എം.എല്‍.എയ്ക്ക് ചുമതല നല്‍കിയാണ് അത് പരിഹരിച്ചത്. അടുത്തിടെ ചുമതല ഏറ്റെടുത്ത പി.ടി. തോമസ് പ്രിന്റിംഗ് സൂപ്പര്‍വൈസറായിരുന്നയാളെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി മികച്ച മാധ്യമ പ്രവര്‍ത്തകരെ വീക്ഷണത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പാര്‍ട്ടി പത്രത്തില്‍ നുഴഞ്ഞുകയറിയ പാര്‍ട്ടിവിരുദ്ധരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. വീക്ഷണത്തില്‍ ആരംഭിച്ചതുപോലുള്ള തിരുത്തല്‍ പ്രക്രിയ ജയ്ഹിന്ദിലും വേണമെന്നാണ് ജീവനക്കാര്‍ കെ.പി.സി.സിയോട് ആവശ്യപ്പെടുന്നത്.