നടിയെ ആക്രമിച്ച കേസ്: മറ്റു കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നു

നടിയെ ആക്രമിച്ചു പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ മറ്റു കുറ്റകൃത്യങ്ങളും പൊലിസ് അന്വേഷിക്കുന്നു. എറണാകുളത്തെ രണ്ടു സ്ത്രീകളെ ചൂഷണം ചെയ്ത ശേഷം പണം തട്ടിയെടുത്തതായി നേരത്തെ തെളിഞ്ഞിരുന്നു. ഈ കേസിലേയും സമാനമായ മറ്റു സംഭവങ്ങളിലേയും സത്യാവസ്ഥയറിഞ്ഞു പ്രതിയുടെ ക്രിമിനല്‍ സ്വഭാവം പുറത്തുകൊണ്ടുവരുകയാണു ലക്ഷ്യം.

പ്രതി ഇത്തരം പ്രവൃത്തികള്‍ നിരന്തരം ചെയ്തുവരുന്നുവെന്നു തെളിയിച്ചാല്‍ കേസിനു ബലം ലഭിക്കുമെന്നുള്ള കണക്കുകൂട്ടലിലാണു പൊലിസ്. നഗരത്തിലെ രണ്ടു സ്ത്രീകളുമായി സിനിമാബന്ധത്തിന്റെ പേരില്‍ അടുക്കുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്തു വീഡിയോ പകര്‍ത്തുകയുമായിരുന്നു. എന്നാല്‍, നാണക്കേട് ഭയന്നു സ്ത്രീകള്‍ സംഭവം പുറത്തുപറയാതെ പ്രതിക്കു പണം നല്‍കി ഒതുക്കുകയായിരുന്നുവെന്നാണു പൊലിസിനു ലഭിച്ച വിവരം. ഈ സംഭവമാണു പൊലിസ് വീണ്ടും അന്വേഷിക്കുന്നത്.

നുണപരിശോധനയിലൂടെ ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനായിരുന്നു പൊലിസിന്റെ ശ്രമം. എന്നാല്‍, പ്രതി നുണപരിശോധന തടഞ്ഞതോടെ മറ്റു മാര്‍ഗങ്ങള്‍ നോക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. സംഭവത്തില്‍ ക്വട്ടേഷന്‍ ഇല്ലെന്നു തെളിഞ്ഞിരുന്നു. പ്രതി പണം തട്ടാനാണു സംഭവം ആസൂത്രണം ചെയ്തത്. പ്രമുഖരുടെ ക്വട്ടേഷനാണെന്നു വരുത്തിയാല്‍ നടി പുറത്തുപറയില്ലെന്നു സുനി കരുതി. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതിയിട്ടത്. കൂട്ടുപ്രതികളില്‍ മിക്കവര്‍ക്കും സംഭവത്തെക്കുറിച്ചറിയാമായിരുന്നു. അതേസമയം മൂന്നു പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചതോടെ രണ്ടു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചേക്കും. സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കണ്ടെത്തിയെന്നും പ്രതികളുടെ കുറ്റം തെളിയിക്കുന്ന തരത്തിലുള്ള എല്ലാ തെളിവുകളും സാക്ഷിമൊഴികളും കണ്ടെത്തിയെന്നും പൊലിസ് പറയുന്നു.

 

മൂന്നുപ്രതികളെ ജയിലിലേക്കു മാറ്റി

 

ആലുവ: നടിയെ ആക്രമിച്ച സംഭവത്തില്‍ പൊലിസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആലുവ കോടതിയിലെത്തിച്ച ഇവരെ ജയിലിലേക്കു മാറ്റി.

പ്രതികളായ മണികണ്ഠന്‍ പ്രദീപ്, വടിവാള്‍ സലീം എന്നിവരെയാണു ഹാജരാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരുടെ കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കു കൂടി കോടതി നീട്ടി നല്‍കുകയും ചെയ്തു.

പ്രധാന പ്രതികള്‍ക്കു സഹായം ചെയ്തു കൊടുത്തതിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്ത ചാര്‍ളിയേയും ആദ്യം പിടിയിലായ മാര്‍ട്ടിനേയും കസ്റ്റഡി കാലവധി തീര്‍ന്നതിനെ തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി ജയിലിലേക്കു മാറ്റിയിരുന്നു.

പ്രധാന പ്രതികളായ പള്‍സര്‍ സുനിയും വിജീഷുമാണ് ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ കസ്റ്റഡി കാലാവധി മാര്‍ച്ച് പത്തിന് അവസാനിക്കും.