എം.ജി സര്‍വ്വകലാശാലയില്‍ നിയമം പഠിക്കണമെങ്കില്‍ വക്കീലായി കോടതി കയറില്ലെന്ന സത്യവാങ്മൂലം നല്‍കണം

കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെട്ടാല്‍ ഉത്തരവാദിത്വം വിദ്യാര്‍ത്ഥിക്ക്

നിയമത്തെ നോക്കുക്കുത്തിയാക്കി ഒരു നിയമ പഠന സ്ഥാപനം

കോട്ടയം: 30 വയസിനു മുകളിലുള്ളവര്‍ എല്‍.എല്‍.ബി കോഴ്‌സ് പഠിക്കണമെങ്കില്‍ പഠനത്തിനുശേഷം ഇന്ത്യയിലെ ഒരു കോടതിയിലും വക്കീലായി പ്രാക്ടീസ് ചെയ്യില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്ന് എം.ജി. സര്‍വകലാശാല. യൂണിവേഴ്‌സിറ്റി നടത്തുന്ന കോഴ്‌സിന് ഏതെങ്കിലും സാഹചര്യത്തില്‍ അംഗീകാരം നഷ്ടപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും സത്യവാങ്മൂലത്തില്‍ നല്‍കണമെന്നും സര്‍വ്വകലാശാല നിര്‍ദേശിച്ചു. സത്യവാങ്മൂലം നല്‍കാത്ത 21 വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല പുറത്താക്കി.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ നിയമ പഠനകേന്ദ്രമായ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് നടത്തുന്ന ത്രിവത്സര സായാഹ്ന എല്‍.എല്‍.ബി കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് വിചിത്രമായ തീരുമാനവുമായി സര്‍വ്വകലാശാല ഞെട്ടിക്കുന്നത്. സായാഹ്ന ക്ലാസുകളില്‍ 30 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനം നല്‍കാന്‍ പാടില്ലെന്നും പഠനം വിലക്കിയെന്നും ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയുടെ ഈ തീരുമാനം. എന്നാല്‍ സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാണ്.

mg college

വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള എം.ജി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സ് എന്ന നിലയില്‍ ത്രിവത്സര സായാഹ്ന കോഴ്‌സിലേക്ക് പ്രവേശനം നടത്തിയപ്പോള്‍ ഒരു തരത്തിലുള്ള നിബന്ധനകളും ഇല്ലായിരുന്നു. പ്രോസ്‌പെക്ടസും ഇത്തരത്തിലായിരുന്നു. ഈ വര്‍ഷം പ്രവേശനം നേടിയ 46 പേരില്‍ 25 പേരും 30 വയസിനു മുകളില്‍ പ്രായമുള്ളവരായിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് രണ്ടു മാസത്തിന് ശേഷവും ക്ലാസ് തുടങ്ങിയില്ല.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോടതിയ സമീപിച്ചാണ് ക്ലാസ് തുടങ്ങാന്‍ ഉത്തരവ് നേടിയത്. എന്നാല്‍ ഇതിനിടെയിലാണ് വിചിത്രമായ സത്യവാങ്മൂലം നല്‍കണമെന്ന് അധികൃതര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പ്രായപരിധി സംബന്ധിച്ച തീരുമാനം( ക്ലോസ്-28) കേരളാ ഹൈക്കോടതി മരവിപ്പിച്ചതാണെന്നും ഏതു പ്രായത്തിലുള്ളവര്‍ക്കും നിയമപഠനം സാധ്യമാണെന്നുമാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

തീരുമാനം തിരുത്തി പുറത്താക്കിയവരെ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. യ്കൂള്‍ ഓഫ് ലീഗല്‍ തോട്ട് അടച്ചുപൂട്ടി സ്വാശ്രയ നിയമ കോളേജുകളെ സഹായിക്കാനാണ് സര്‍വ്വകലാശാല ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതിനിടെ 30 വയസിനു മുകളില്‍ പ്രായമുള്ള നാലുപേര്‍ സത്യവാങ്മൂലം നല്‍കി പഠനം തുടങ്ങിയിട്ടുണ്ട്.