മദര്‍ സുപ്പീരിയര്‍ പ്രതിയായ കേസ് മുക്കാന്‍ നീക്കം

    കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആറു പെണ്‍കുട്ടികളെ 5000 രൂപയ്ക്ക് വാങ്ങി ഒഡീഷയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന കേസ് മുക്കാന്‍ നീക്കം. കോതമംഗലം നെല്ലിക്കുഴി വിമലഗിരി കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസ്സി, സിസ്റ്റര്‍മാരായ സരിത, പ്രഭാതി എന്നിവര്‍ക്കെതിരെ കോതമംഗലം പോലീസ് 26/2017 എന്ന നമ്പറായി എടുത്ത കേസിലാണ് അന്വേഷണം വഴിമുട്ടിച്ചത്.

    ഒരു മാസം മുന്‍പാണ്, കടുത്ത ദാരിദ്ര്യം മുതലെടുത്ത്, മഠത്തിന്റെ ഒഡീഷയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം വഴി കുട്ടികളെ എത്തിച്ചത്. അവിടുത്തെ കന്യാസ്ത്രീയാണ് കുട്ടികളെ വിലയ്ക്ക് വാങ്ങിയത്. മഠത്തിലെ ജോലി ചെയ്യാന്‍ ഒരു കുട്ടിക്ക് 5000 രൂപ വച്ചാണ് നല്‍കിയതെന്ന് രക്ഷിതാക്കള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ പറഞ്ഞ പണം മുഴുവന്‍ നല്‍കിയില്ല. വിമലഗിരി കോണ്‍വെന്റിലെ കന്യാസ്ത്രീ കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്നു. ആലുവയില്‍ വച്ച് കോണ്‍വെന്റില്‍ നിന്ന് മറ്റൊരു കന്യാസ്ത്രീ കൂടി ചേര്‍ന്നാണ് കുട്ടികളെ മഠത്തില്‍ എത്തിച്ചത്.

    വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ജുവനൈല്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു പെണ്‍കുട്ടികളെ മഠത്തില്‍ കണ്ടെത്തി. ഇവരെ ഒഡീഷയിലേക്ക് മടക്കി അയച്ചു. മറ്റു നാലു പേര്‍ എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ച മട്ടാണ്. എല്ലാ കുട്ടികളെയും ഒരുമിച്ചാണ് എത്തിച്ചതെന്നാണ് കുട്ടികള്‍ ശിശുക്ഷേമ സമിതിയോട് പറഞ്ഞത്.

    പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തുടക്കം മുതലേ സംഭവം പുറംലോകം അറിയാതെ പോലീസ് മൂടിവെക്കുകയായിരുന്നു.