ഫാദര്‍. റോബിന്റെ പീഡനം: മാപ്പ് ചോദിച്ച് കത്തോലിക്ക ദൈവ ശാസ്ത്രജ്ഞന്‍

പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവത്തില്‍ മാപ്പപേക്ഷിച്ച് കത്തോലിക്കാ ദൈവ ശാസ്ത്രജ്ഞന്‍ ഫാ. വിൻസെന്റ് കുണ്ടുകുളം രംഗത്ത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

മനുഷ്യസ്‌നേഹികളെയും വിശ്വാസികളെയും ഒരുപോലെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നല്ലോ കൊട്ടിയൂരിനടുത്തുള്ള നീണ്ടുനോക്കി ഇടവക വികാരിയായിരുന്ന ഫാ. റോബിൻ വടക്കുഞ്ചേരി ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതും തുടർന്ന് പ്രായപൂർത്തിയാകാത്ത ആ പെൺകുട്ടി അമ്മയായതും.

പ്രതി അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റം സമ്മതിക്കുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു എന്നത് സഭയ്ക്കും സമൂഹത്തിനും ആശ്വാസമേകുന്ന കാര്യമാണ്. വിദ്യാർത്ഥികളുടെ സംരക്ഷകനും ധാർമ്മികതയുടെ ആൾരൂപവുമാകേണ്ട ഒരു വ്യക്തിയിൽ നിന്നും ഉണ്ടായ ഗുരുതരമായ ഈ വീഴ്ച മനുഷ്യ മനസാക്ഷിയിലുണ്ടാക്കിയ ആഘാതത്തിന് അതിരില്ല.

അതിന്റെ പ്രതിഫലനമാണ് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും സാമൂഹ്യസമ്പർക്കമാധ്യമങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ കാഴ്ച്ചപ്പാടുകളും സംവാദങ്ങളും. സാംസ്‌കാരിക നിർമ്മിതിയുടെ ഭാഗമായ ഈ ചർച്ചയിൽ ചില അഭിപ്രായങ്ങളുമായി കേരള ദൈവശാസ്ത്ര സമാജവും(കെ.റ്റി.എ.) പങ്കുചേരുന്നു.

ഈ സംഭവത്തോട് പ്രതികരിക്കുമ്പോൾ ആദ്യമേ മനസ്സിലുയരുന്ന വികാരം ക്ഷമാപണത്തിന്റേതാണ്: ആ വിദ്യാർത്ഥിനിയോട്, കുടുംബത്തോട്, വിശ്വാസികളോട്, കേരളത്തിലെ പൊതുജനങ്ങളോട്. ജനത്തെ വഴിനടത്തേണ്ട ഞങ്ങൾ വഴിതെറ്റി നടന്നതിന്, ജനത്തെ വഴിതെറ്റിച്ചതിന്.

വൈദികർക്ക് ആത്മപരിശോധനയ്ക്കുള്ള ഊഴമാണിത്. ഞങ്ങളും മനുഷ്യരാണ് എന്ന മുടന്തൻ ന്യായത്തിൽ ആർക്കും തടിയൂരാനാകില്ല. ലോകം പുരോഹിതരെ ആദരിക്കുന്നത് അവരിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നത് കൊണ്ടാണ്. വൈദികാന്തസ്സിനെയും സഭയെയും സമൂഹം എത്രമാത്രം വിലമതിക്കുന്നു എന്നാണ് മാധ്യമങ്ങളിലെ രോഷപ്രകടനങ്ങളിൽ നിന്ന് നമ്മൾ വായിച്ചെടുക്കേണ്ടത്. പൗരോഹിത്യം സ്വീകരിക്കുന്നതോടെ വൈദികർ അതിഭൗതികരായെന്ന ധാരണ അരുത്.

അത്തരത്തിലുള്ള പ്രചരണങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നത് ഖേദകരമാണ്. യേശുവിൽ നിന്നും ദരിദ്രരിൽ നിന്നും അകന്ന് പൗരോഹിത്യത്തെ ഒരു ഉദ്യോഗമായി കണ്ട് ജീവിച്ചാൽ നമ്മൾ എളുപ്പത്തിൽ കാലിടറി വീഴും. കമ്പോളതാത്പര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന മണ്ഡലങ്ങളിൽ സമർപ്പിതർ ഇന്നത്തേതുപോലെ പ്രവർത്തനനിരതരാകേണ്ടതുണ്ടോ എന്ന് ആത്മപരിശോധന ചെയ്യാനുള്ള അവസരമാണിത്. നീണ്ട വർഷങ്ങൾ പരിശീലനത്തിനുണ്ടായിട്ടും കുറ്റ വാസനയുള്ളവരെ തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നത് സെമിനാരി പരിശീലന രീതികളെ പുനരവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്കും വിരൽ ചൂണ്ടുന്നുണ്ട്.

സഭയ്ക്ക് പൊതുവെയും വൈദിക-സന്ന്യാസവൃന്ദത്തിന് പ്രത്യേകിച്ചും വിഷമകരമായ ഈ നാളുകളിൽ സോഷ്യൽ മീഡിയായിൽ വന്ന പ്രതികരണങ്ങളെപ്പറ്റി ഒരു വാക്ക്. ക്ഷമാപണവുമായി മുന്നോട്ടു വന്ന റോബിനച്ചന്റെ വീട്ടുകാരുടെയും പോൾ തേലക്കാട്ട് അച്ചന്റെയും മാനന്തവാടി രൂപതാദ്ധ്യക്ഷന്റെയും കർദ്ദിനാൾ ആലഞ്ചേരി പിതാവിന്റെയും നല്ല മനസ്സിനെ ആദരിക്കുന്നു.

എന്നാൽ വിദ്യാർത്ഥിനിയെയും മാതാപിതാക്കളെയും കുറ്റപ്പെടുത്തുന്ന രീതിയിൽ ചില വൈദികരും അല്മായരും പോസ്റ്റുകൾ എഴുതിയത് തീർത്തും അപലപനീയമാണ്. സ്വയം തെറ്റുതിരുത്തന്നതിനു പകരം ഇരകളെ വീണ്ടും ക്രൂശിക്കുന്ന ഈ സമീപനം സുവിശേഷാത്മകമല്ല. കുറ്റം ചെയ്തവരെ വിമർശിക്കുമ്പോഴും വൈദികരെ കാടടച്ച് അപലപിക്കരുതെന്ന നിലപാടെടുത്തവർക്ക് നന്ദി.

ഈയടുത്തകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങൾ ആരോഗ്യകരമായ ഒരു ലൈംഗിക സംസ്‌കൃതി കേരളത്തിൽ രൂപപ്പെടാൻ ബന്ധപ്പെട്ടവരെല്ലാം അടിയന്തിര ശ്രദ്ധ പതിക്കണമെന്നുകൂടി സൂചിപ്പിക്കുന്നുണ്ട്. കപട സദാചാരത്തിന്റെയും ഭക്തിയുടെയും ലേബലിൽ ലൈംഗികത ഇന്നും കുടുംബത്തിലും വിദ്യാലയങ്ങളിലും മതങ്ങളിലും വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല.

ഈ സ്ഥിതി മാറണം. അമിതമായ അടിച്ചമർത്തലുകളും കുറ്റപ്പെടുത്തലുകളും പ്രശ്‌നം കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. വിദ്യാഭ്യാസത്തിലൂടെ ആരോഗ്യകരമായ ഒരു ലൈംഗിക സംസ്‌കാരം കേരളത്തിൽ വളർന്ന് വരാൻ ഈ അവസരം വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം. ഒരിക്കൽ കൂടി ഇരയാക്കപ്പെട്ടവരോടും ഇടറിയവരോടും മാപ്പ്.
കേരള ദൈവശാസ്ത്ര സമാജ(കെ.റ്റി.എ.)ത്തിനുവേണ്ടി
പ്രസിഡണ്ട്: ഫാ. വിൻസെന്റ് കുണ്ടുകുളം