ഇന്ത്യയിലെ ആദ്യ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട് അപ്പ് ഹബുമായി അമൃത യൂണിവേഴ്‌സിറ്റി

അമൃത യൂണിവേഴ്‌സിറ്റി ടെക്‌നോളജി ഇന്‍ക്യുബേറ്ററും (ടിബിഐ) സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്റ് നെറ്റ് വര്‍ക്കും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട്അപ്പ് ഹബ് സ്ഥാപിച്ചു.

ഗവേഷണം, ഫണ്ടിങ്, വ്യവസായം തുടങ്ങിയവ ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വന്ന് ഇന്ത്യയില്‍ പുതിയൊരു സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട്അപ്പ് തരംഗമുണ്ടാക്കുകയാണ് ലക്ഷ്യം.

രാജ്യത്ത് നാലായിരത്തിലധികം സ്റ്റാര്‍ട്ട് അപ്പുകളുണ്ട്. എന്നാല്‍ 100-ല്‍ താഴെ മാത്രമാണ് സൈബര്‍ സെക്യൂരിറ്റിയുടെയും ബന്ധപ്പെട്ട മേഖലകളിലെയും ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. സൈബര്‍ രംഗത്ത് ലോകത്താകമാനവും  ഓരോ മിനിറ്റിലും യുദ്ധം നടക്കുന്ന ഈ കാലത്ത് സൈബര്‍ സെക്യൂരിറ്റിക്ക് ദേശീയതലത്തില്‍ തന്നെ തന്ത്രപ്രാധാന്യമുണ്ടെന്നും സാമ്പത്തികവും സൈനീകവുമായ തലങ്ങളില്‍ ഇന്ത്യയ്ക്ക് ഈ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ടെന്നും അമൃത യൂണിവേഴ്‌സിറ്റിയുടെ പുതിയ സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട് അപ്പ് ഹബ് ഇന്നവേഷന്‍.

റിസര്‍ച്ച്, സ്റ്റാര്‍ട്ട്അപ്പ് ഹബ് തുടങ്ങിയ തലങ്ങളില്‍ പുതിയൊരു തുടക്കം കുറിക്കുമെന്നും അമൃത യൂണിവേഴ്‌സിറ്റി ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സി.ഇ.ഒ കൃഷ്ണശ്രീ അച്യുതന്‍ പറഞ്ഞു. ആഗോള തലത്തില്‍ 70 ബില്ല്യണ്‍ ഡോളറിന്റെ വാര്‍ഷിക നഷ്ടമുണ്ടാകുന്നുണ്ട്. 2020 ആകുമ്പോഴേക്കും നഷ്ടം രണ്ട് ട്രില്ല്യണ്‍ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷ്ണശ്രീ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ 50,000 സൈബര്‍ സെക്യൂരിറ്റി സംഭവങ്ങള്‍ക്കാണ് 2015-ല്‍ സാക്ഷ്യം വഹിച്ചത്.

രാജ്യത്ത് ഇതുവരെ 26,000-ത്തിലധികം വെബ്‌സൈറ്റുകളുടെ മുഖം മാറുകയും 91 ലക്ഷം സിസ്റ്റങ്ങളെ ഇന്‍ഫെക്റ്റ് ചെയ്യുകയുമുണ്ടായി.

80 ശതമാനം സൈബര്‍ ക്രൈമുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുകയാണെന്നതാണ് ദയനീയം. ശക്തമായ സോഫ്റ്റ് വെയര്‍ സുരക്ഷയും സാങ്കേതിക സംരക്ഷണവുമില്ലാത്തിടത്തോളം എല്ലാ സോഫ്റ്റ് വെയര്‍ അധിഷ്ഠിത സിസ്റ്റങ്ങളും ഹാക്കര്‍മാരുടെ ആക്രമണഭീഷണി നേരിടുന്നു.

അമൃത സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ട് അപ്പ് ഹബ് തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ വികസനം, ഓഡിറ്റ്, പരീക്ഷണം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു. മൊബൈല്‍, ക്ലൗഡ്, സൈബര്‍-ഫിസിക്കല്‍ സിസ്റ്റം, ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, ക്രിപ്‌റ്റോഗ്രാഫി, മാല്‍വേര്‍ അനാലിസിസ് തുടങ്ങിയ മേഖലകള്‍ക്കാണ് ശ്രദ്ധ നല്‍കുന്നത്.