വിധവാ അവകാശങ്ങള്‍ക്കായി സമൂഹമാധ്യമങ്ങളില്‍ കാംപയിന്‍

ഇംഗ്ലീഷ് നിഘണ്ടുവില്‍ നിന്ന് Widow (വിധവ) എന്ന പദം നീക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കാംപയിന്‍. വിധവകള്‍ക്ക് തുല്യാവകാശവും പരിചരണവും ആവശ്യപ്പെട്ട് നാരി ശക്തി പുരസ്‌കാര്‍ ജേതാവ് ഡോ. ലക്ഷ്മി ഗൗതമാണ് കാംപയിനിന് നേതൃത്വം നല്‍കുന്നത്. ഭര്‍ത്താവ് മരിച്ചവരെ വിധവ എന്നു വിളിക്കുന്നത് അവസാനിപ്പിക്കണം. അങ്ങനെ ഉപയോഗിക്കുന്നത് വിവേചനപരമാണ്. അത്തരം സ്ത്രീകളില്‍ മാനസികമായ ആഘാതം സൃഷ്ടിക്കുന്നതാണ് ആ പദപ്രയോഗം. ഭര്‍ത്താവ് മരിച്ചതിന് അവരോട് വിവേചനം കാണിക്കുകയല്ല, ആദരവോടെ പെരുമാറുകയാണ് വേണ്ടതെന്ന് വൃന്ദാവനില്‍ ലോക വനിതാദിനമായ ഇന്നലെ സംഘടിപ്പിച്ച കാംപയിന്‍ ഉദ്ഘാടന ചടങ്ങില്‍ ലക്ഷ്മി ഗൗതം പറഞ്ഞു.

We Are Equal എന്ന ഹാഷ് ടാഗില്‍ സ്ത്രീ-ശിശു വികസന മന്ത്രാലയവും ഇന്നലെ സോഷ്യല്‍ മീഡിയാ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സേവനമര്‍പ്പിച്ച വിവിധ സംഘടനകളെയും വ്യക്തികളെയും വനിതാദിനത്തിന്റെ ഭാഗമായി രാഷ്ട്രപതി ആദരിക്കുന്ന നാരി ശക്തി അവാര്‍ഡ് ദാന ചടങ്ങിലാണ് മന്ത്രാലയം കാംപയിനിന് തുടക്കമിട്ടത്.