സദാചാര ഗുണ്ടായിസത്തെ ചൊല്ലി സഭ പ്രക്ഷുബ്ദം 

പോലീസ് വീഴ്ച്ച സമ്മതിച്ച് മുഖ്യമന്ത്രി

കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ സദാചാര പൊലീസ് ചമഞ്ഞ് അഴിഞ്ഞാടിയ വിഷയത്തിൽ നിയമ സഭ  പ്രക്ഷുബ്ദം. വിഷയം കൈകാര്യം ചെയ്യുന്നതിൽ  പൊലീസിന്  വീഴ്ച  പറ്റിയെന്ന്  സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌. ഇന്നലെ നടന്ന പ്രശ്നങ്ങൾ ഉണ്ടായത്   പൊലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ  മുഖ്യമന്ത്രി അതു ശരിവെക്കുകയായിരുന്നു. അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശിവസേനക്കാർ മറൈൻ ഡ്രൈവിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷൻമാരെയും അടിച്ചോടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നൽകില്ല. ആവശ്യമെങ്കിൽ കാപ്പ ചുമത്തുന്നതടക്കമുള്ളവ പരിഗണിക്കും. സദാചാര ഗുണ്ടകളെ നേരിടുന്നതിൽ വീഴ്ച വരുത്തിയാൽ പൊലീസുകാർക്കെതിരെകർശന നടപടിയെടുക്കും.

ഒരു തരത്തിലുള്ള സദാചാര ഗുണ്ടായിസവും അനുവദിക്കില്ല. മരത്തണലിരുന്നവരെ അടിച്ചോടിക്കുകയായിരുന്നുവെന്നും പിണറായി സഭയിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഹൈബി ഈഡൻ  എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ശിവസേനക്കാർക്കെതിരെ  പൊലീസിന്റെ ലാത്തിപൊങ്ങിയില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമായി കണക്കിലെടുത്ത മുഖ്യമന്ത്രി സദാചാരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു