ജാതിപ്പേര് വിളിച്ച് അധിക്ഷേപം:  ലക്ഷ്മിനായര്‍ക്കെതിരേ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ 

വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ ലോ അക്കാഡമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

കേസ് റദ്ദാക്കാന്‍ ലക്ഷ്മി നായര്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ. ബൈജു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2016 ജനുവരി 21നാണ് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ ആക്ഷേപിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. ജനുവരി 21, 22 തീയതികളില്‍ ലക്ഷ്മി നായര്‍ അവധിയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഹര്‍ജിക്കാരി ക്യാംപസില്‍ തന്നെയുള്ള വസതിയിലാണ് താമസമെന്നതിനാല്‍ അവധി ദിവസവും കോളെജിലെത്താന്‍ സാധ്യതയുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ഇതിനായി പരാതിക്കാരനായ വിദ്യാര്‍ത്ഥിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ കിട്ടേണ്ടതുണ്ടെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോ അക്കാഡമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തനിക്കെതിരേ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിനായര്‍ ഹൈക്കോടതിയെ സമീപിച്ചത്.

താന്‍ ആക്ഷേപിച്ചെന്നു പറയുന്ന ജാതിയില്‍പ്പെട്ടയാളല്ല പരാതിക്കാരനെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം തനിക്കെതിരേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നുമാണ് ലക്ഷ്മി നായരുടെ ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം കേസിന്റെ അന്വേഷണം അസി. കമ്മീഷണറില്‍ നിന്ന് മാറ്റി കമ്മീഷണറെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ വിദ്യാര്‍ത്ഥിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.